കാപട്യവും നുണയുമാണ് എന്നെ വേദനിപ്പിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം ഫ്രാന്‍സിസ് പാപ്പായ്ക്ക് നേരെയുണ്ടായ പാഷണ്ഡതാ ആരോപണങ്ങളെ താന്‍ നര്‍മരൂപേണയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പാപ്പാ.
‘അത്തരം ആരോപണങ്ങളൊന്നും എന്നെ ഒട്ടും വേദനിപ്പിക്കുന്നില്ല. എന്നാല്‍ കാപട്യവും നുണയും എന്നെ വേദനിപ്പിക്കുന്നു.’ പാപ്പാ പറഞ്ഞു.
മെക്‌സിക്കന്‍ മാധ്യമപ്രവര്‍ത്തകയായ വാലെന്റിന അലാസ്രാക്കിയാണ് പാപ്പായെ ചിലര്‍ പാഷണ്ഡകന്‍ എന്നു വിളിച്ചപ്പോള്‍ അതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് ചോദിച്ചത്. ‘മകളേ, ഞാനത് നര്‍മബോധത്തോടെ സ്വീകരിച്ചു’ എന്ന് പാപ്പാ മറുപടി നല്‍കി.
‘ഞാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവര്‍ തെറ്റു പറ്റിയ പാവം മനുഷ്യരാണ്. ചിലരെ ആരോ വഴിതെറ്റിച്ചതാണ്. പിന്നെ ആരാണ് ഒപ്പുവച്ചവര്‍…?’ പാപ്പായ്‌ക്കെതിരായ പാഷണ്ഡതാ ആരോപണങ്ങളില്‍ ഒപ്പു വച്ച 19 കത്തോലിക്കരെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.