സൃഷ്ടിയുടെ വീണ്ടെടുപ്പുമായി മാര്‍പാപ്പയുടെ നോമ്പുകാലസന്ദേശം
വത്തിക്കാന്‍: ഈ വര്‍ഷം മാര്‍പാപ്പയുടെ നോമ്പുകാലസന്ദേശത്തിന്റെ കേന്ദ്രബിന്ദു സൃഷ്ടിയുടെ വീണ്ടെടുപ്പാണ്. മനുഷ്യന്റെ പാപത്തെയും പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ നോമ്പുകാലസന്ദേശം തയ്യാറാക്കിയിരിക്കുന്നത്.
‘താന്‍ തന്നെയാണ് സൃഷ്ടിയുടെ അധിപന്‍ എന്ന തെറ്റിദ്ധാരണയിലേക്ക് നയിക്കുന്നതാണ് പാപം. തനിക്കാണ് സൃഷ്ടിയുടെ സകല അധികാരവും എന്ന ധാരണയോടെ എല്ലാം അടക്കി ഭരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന മനോഭാവമാണത്. സ്വാര്‍ത്ഥതാല്പര്യത്തോടെ സൃഷ്ടവസ്തുക്കളെ അവയ്ക്ക് ഹാനികരമായ വിധം ഉപയോഗിക്കലാണത്’ ഫെബ്രുവരി 26 ന് പ്രസിദ്ധികരിച്ച നോമ്പുകാലസന്ദേശത്തില്‍ പാപ്പാ പറയുന്നു.
ദൈവത്തിന്റെ നിയമം ഉപേക്ഷിച്ചു കഴിഞ്ഞാല്‍ മനുഷ്യന്‍ സൃഷ്ടികളെ ചൂഷണം ചെയ്തു തുടങ്ങും. അത്യാര്‍ത്തി മൂലം വസ്തുക്കളെയും വ്യക്തികളെയും അവന്‍ ചൂഷണം ചെയ്യും, പാപ്പാ വ്യക്തമാക്കി.
‘ജീര്‍ണതയുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടി ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരാനാണ് ഓരോ സൃഷ്ടിയും വിളിക്കപ്പെട്ടിരിക്കുന്നത്. നോമ്പുകാലം പരിവര്‍ത്തനത്തിന്റെ കൗദാശികമായ അടയാളമാണ്’
നോമ്പെടുക്കുന്നതിലൂടെ മറ്റുള്ളവരോടുളള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ നമുക്ക് കഴിയുന്നു. എല്ലാം വിഴുങ്ങാനുള്ള അത്യാര്‍ത്തിയെ ജയിച്ച് സ്‌നേഹത്തെ പ്രതി സഹനങ്ങള്‍ ഏറ്റെടുക്കാന്‍ നാം പ്രാപ്തരാകുന്നു. അതു വഴിയാണ് നമ്മുടെ ഹൃദയങ്ങളുടെ ശൂന്യത നിറയുന്നത്. പാപ്പാ വിശദമാക്കി.