മനുഷ്യജീവനെ സംരക്ഷിക്കാന്‍ ശ്രമിക്കാത്ത രാജ്യങ്ങള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കുക എന്ന സുപ്രധാനമായ കര്‍ത്തവ്യത്തില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ പിന്‍വാങ്ങുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.
മനുഷ്യരാശിക്ക് ഒഴിവാക്കാനാവാത്ത രണ്ട് മാനങ്ങള്‍ നാം ഈ മഹാമാരിക്കാലത്ത് കണ്ടു – രോഗവും മരണവും. ജീവന്റെ മൂല്യത്തെ കുറിച്ചും, ഓരോ വ്യക്തിയുടെയും ജീവനെ കുറിച്ചും അന്തസിനെ കുറിച്ചും ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ഇഹലോക തീര്‍ത്ഥയാത്രയിലെ ഓരോ നിമിഷത്തെ കുറിച്ചും മഹാമാരി നമ്മെ ഓര്‍മിപ്പിച്ചു, പാപ്പാ പറഞ്ഞു.
എന്നാല്‍ വ്യക്തികളുടെ അവകാശങ്ങളുടെ പേര്‍ പറഞ്ഞ് പല രാജ്യങ്ങളുടെയും നിയമവ്യവസ്ഥകള്‍ മനുഷ്യജീവനെ രക്ഷിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകുന്ന അവസ്ഥ തന്നെ ഏറെ വേദനിപ്പിക്കുന്നതായി പാപ്പാ കൂട്ടിച്ചേര്‍ത്തു.
അപ്പസ്‌തോലിക്ക് പാലസിലെ ഹാള്‍ ഓഫ് ബ്ലസ്സിംഗ്‌സില്‍ വച്ച് 183 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ജീവിക്കാനുള്ള അവകാശം ഓരോരുത്തരുടെയും മൗലികാവകാശമാണെന്ന് പാപ്പാ വ്യക്തമാക്കി.
വ്യക്തികളെ അവരുടെ ഉപയുക്തതയുടെ പേരിലല്ല വിലമതിക്കേണ്ടത്, മറിച്ചത് അവനോ അവളോ ആയിരിക്കുന്ന അവസ്ഥയില്‍ വിലമതിക്കണമെന്ന് പാപ്പാ പറഞ്ഞു. എല്ലാവര്‍ക്ക് തുല്യമായ അന്തസുള്ള സമൂഹങ്ങളിലും കുടുംബങ്ങളിലും സമുദായങ്ങളിലും സഹജീവിക്കാന്‍ വേണ്ടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ അന്തസ്സില്‍ നിന്നാണ് മനുഷ്യന്റെ അന്തസ്സ് രൂപം കൊള്ളുന്നത്, പാപ്പാ പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ വ്യക്തിക്ക് നാം ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെങ്കില്‍ എങ്ങനെയാണ് നാം മറ്റ് അവകാശങ്ങളെ ആദരിക്കുന്നത്? പാപ്പാ ചോദിച്ചു.
ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ മഹാമാരിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സാമ്പത്തികശാസ്ത്രത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും പാപ്പാ സംസാരിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.