മറ്റാര്‍ക്കും സാധിക്കാത്ത വിധം ദൈവപിതാവ് നമ്മെ സ്നേഹിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥനയെ കുറിച്ചുള്ള ധ്യാനം തുടര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ദൈവപിതാവിന്റെ അനന്തസ്നേഹത്തെ കുറിച്ച് സംസാരിച്ചു.
ദൈവപിതാവ് എന്ന് കേള്‍ക്കുമ്പോള്‍ നാം ചിന്തിക്കുന്നത് നമ്മുടെ മാതാപിതാക്കളെ കുറിച്ചാണ്. എന്നാല്‍ ഭൂമിയിലെ ഒരു പിതാവും മാതാവും പൂര്‍ണരല്ല. എല്ലാവര്ക്കും കുറവുകളുണ്ട്. നമ്മുടെ ചിന്ത ഭൗമിക പിതാവില്‍ നിന്ന് സ്വര്‍ഗീയ പിതാവിലേക്ക് ഉയരണം. എങ്കില്‍ പോലും പരിപൂര്‍ണവും അവാച്യവുമായ ആ സ്നേഹം അപൂര്‍ണമായി മാത്രമേ ഈ ലോകത്തില്‍ വച്ച് നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ.
ഭൂമിയിലെ എല്ലാ സ്ത്രീപുരുഷന്മാരും സ്നേഹത്തിന്റെ ഭിക്ഷാടകരാണ്. സ്നേഹം എവിടെ ലഭിക്കും എന്ന് അന്വേഷിച്ചു നടക്കുന്നവരാണ് എല്ലാവരും, പാപ്പാ പറഞ്ഞു. എന്നാല്‍ ദൈവത്തിന്റെ സ്നേഹം പരിപൂര്‍ണമായ സ്നേഹമാണ്. മറ്റാര്‍ക്കും സാധിക്കാത്ത വിധം ദൈവപിതാവ് ഓരോ വ്യക്തിയെയും സ്നേഹിക്കുന്നു. ദൈവത്തെ സ്നേഹിക്കാനുള്ള വിശപ്പ് നമ്മില്‍ ഉയരുമ്പോള്‍ ദൈവത്തെ പിതാവായി അറിയുന്നതിനുള്ള ക്ഷണത്തോട് നാം പ്രതികരിക്കുകയാണ് ചെയ്യുന്നത്, പാപ്പാ കൂട്ടിച്ചേര്‍ത്തു.