സുവിശേഷം നമുക്കുള്ള ദൈവത്തിന്റെ സമ്മാനം; ഫ്രാന്‍സിസ് പാപ്പാ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

സുവിശേഷത്തെയും സുവിശേഷവത്കരണ ദൗത്യത്തെയും സംബന്ധിച്ച കാര്യങ്ങളാകുമ്പോള്‍ പൗലോസ് ആവേശഭരിതനാകുന്നു, അദ്ദേഹത്തിന്റെ അഹത്തില്‍ നിന്ന് പുറത്തുകടക്കുന്നു. കര്‍ത്താവ് തന്നെ ഏല്‍പ്പിച്ച ഈ ദൗത്യമല്ലാതെ മറ്റൊന്നും അദ്ദേഹം കാണുന്നില്ലെന്ന് തോന്നുന്നു. അവനില്‍ ഉള്ളതെല്ലാം ഈ പ്രഘോഷണത്തിനായി സമര്‍പ്പിച്ചിരിക്കുന്നു, സുവിശേഷമല്ലാതെ മറ്റൊന്നും അവനു താല്‍പ്പര്യമില്ല. പൗലോസിന്റെ സ്‌നേഹമാണ്, പൗലോസിന്റെ താല്പര്യമാണ്, പൗലോസിന്റെ ദൗത്യമാണ്: പ്രഘോഷണം ‘ക്രിസ്തു എന്നെ അയച്ചത് സ്‌നാനപ്പെടുത്താനല്ല, സുവിശേഷം പ്രഘോഷിക്കാനാണ്’ (1കോറിന്തോസ്1:17) എന്നു പറയുന്നതുവരെ അദ്ദേഹം എത്തിയിരിക്കുന്നു. സുവിശേഷവത്ക്കരിക്കാനുള്ള, ക്രിസ്തുസന്ദേശം അറിയിക്കാനുള്ള, സുവിശേഷം അറിയിക്കാനുള്ള, ആഹ്വാനമായിട്ടാണ് പൗലോസ് സ്വന്തം അസ്തിത്വത്തെ മുഴുവനും വ്യാഖ്യാനിക്കുന്നത്: അവന്‍ പറയുന്നു ഞാന്‍ സുവിശേഷം പ്രഖ്യാപിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം’ (1 കോറി 9:16). റോമിലെ ക്രിസ്ത്യാനികള്‍ക്കുള്ള കത്തില്‍ അദ്ദേഹം സ്വയം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘ക്രിസ്തുയേശുവിന്റെ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് (റോമാക്കാര്‍ക്കുള്ള ലേഖനം 1: 1)’. ഇതാണ് അവന്റെ വിളി.ചുരുക്കത്തില്‍, എല്ലാവര്‍ക്കും സുവിശേഷം എത്തിക്കുന്നതിനായി ‘മാറ്റി നിറുത്തപ്പെട്ടവനാണ്’ താനെന്ന അവബോധം പുലര്‍ത്തുന്ന പൗലോസിന് സര്‍വ്വശക്തിയോടും കൂടി ഈ ദൗത്യത്തിനായി സ്വയം സമര്‍പ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല.

ഗലാത്യരുടെ മാര്‍ഗ്ഗഭ്രംശം

ആകയാല്‍, തന്റെ കാഴ്ചപ്പാടില്‍, തിരിച്ചുവരാനാവത്ത ഒരു അവസ്ഥയിലേക്കു നയിക്കുന്ന തെറ്റായ വഴിയിലുടെ സഞ്ചരിക്കുന്ന ഗലാത്യക്കാരുടെ കാര്യത്തില്‍, അപ്പോസ്തലനുള്ള ദുഃഖവും നിരാശയും എന്തിന്, തിക്തതയാര്‍ന്ന വ്യാജോക്തി പോലും മനസ്സിലാക്കാവുന്നതേയുള്ളു. അവര്‍ക്ക് വഴി പിഴച്ചിരിക്കുന്നു. എല്ലാം ചുറ്റിത്തിരിയുന്ന കേന്ദ്രബിന്ദു സുവിശേഷമാണ്. നാം സ്വാഭാവികമായി ചിന്തിക്കുന്നതു പോലെ പൗലോസ് ‘നാല് സുവിശേഷങ്ങളെ’ കുറിച്ച് ചിന്തിക്കുന്നില്ല. വാസ്തവത്തില്‍, അദ്ദേഹം ഈ കത്ത് അയയ്ക്കുമ്പോള്‍, നാല് സുവിശേഷങ്ങളില്‍ ഒന്നുപോലും വിരചിതമായിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സുവിശേഷം അദ്ദേഹം പ്രസംഗിക്കുന്നവയാണ്, അതായത്, രക്ഷയുടെ ഉറവിടമായ യേശുവിന്റെ മരണോത്ഥാനങ്ങളെക്കുറിച്ചുള്ള പ്രഘോഷണം, ഇതാണ് കെറിഗ്മ (kerygma) എന്നറിയപ്പെടുന്നത്. ഏതാണ് ആ വിളംബരം? നാല് ക്രിയകളോടെ ആവഷ്‌കൃതമാകുന്ന ഒരു സുവിശേഷം: ‘തിരുലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും അവന്‍ കേഫയ്ക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു’ (1 കോറിന്തോസ് 15: 35). ഇതാണ് പൗലോസിന്റെ വിളംബരം, സകലര്‍ക്കും ജീവന്‍ പ്രദാനം ചെയ്യുന്ന പ്രഘോഷണം. ഈ സുവിശേഷം വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവും എല്ലാ മനുഷ്യര്‍ക്കും നല്‍കുന്ന രക്ഷയുമാണ്. അവനെ സ്വാഗതം ചെയ്യുന്നവന്‍ ദൈവവുമായി രമ്യതയിലാണ്, ഒരു യഥാര്‍ത്ഥ മകനായി അവന്‍ സ്വീകൃതനാകുകയും നിത്യജീവന്‍ അവന് അവകാശമായി ലഭിക്കുകയും ചെയ്യുന്നു.

ഗലാത്യര്‍ ‘മറ്റൊരു സുവിശേഷത്തിലേക്കു’ തിരിയുന്നതെന്ത്?

ഗലാത്യര്‍ക്ക് നല്‍കപ്പെട്ട ഇത്തരമൊരു മഹത്തായ സമ്മാനത്തിനു മുന്നില്‍ അവര്‍ മറ്റൊരു ‘സുവിശേഷം’ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് എന്തുകൊണ്ട് എന്ന് അപ്പസ്‌തോലന് മനസ്സിലാകുന്നില്ല. ഒരു പക്ഷേ, അത് കുടുതല്‍ സങ്കീര്‍ണ്ണവും ബൗദ്ധികവുമായിരിക്കാം, എനിക്കറിയില്ല…. മറ്റൊരു ‘സുവിശേഷം’. എന്നിരുന്നാലും, ഈ ക്രിസ്ത്യാനികള്‍ പൗലോസ് പ്രഘോഷിച്ച സുവിശേഷം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തെറ്റായ ഒരു ചുവടുവയ്ക്കാതിരിക്കാന്‍ അവര്‍ക്ക് ഇനിയും സമയം ഉണ്ടെന്നറിയാവുന്ന അപ്പസ്‌തോലന്‍ അവരെ ശക്തമായി താക്കിതു ചെയ്യുന്നു. അതിശക്തമായി. പുതിയ പ്രേഷിതര്‍, പുതുമയുടെ വക്താക്കള്‍, നടത്തിയ പ്രഘോഷണം സുവിശേഷമാകില്ല എന്ന വസ്തുതയിലേക്കു നേരിട്ടു വിരല്‍ ചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ ആദ്യ വാദം. എന്നാല്‍ ഇത് സത്യസുവിശേഷത്തെ വളച്ചൊടിക്കുന്ന ഒരു പ്രഖ്യാപനമാണ്, കാരണം ഇത് വിശ്വാസം സ്വീകരിക്കുന്നതിലൂടെ ആര്‍ജ്ജിതമായ സ്വാതന്ത്ര്യം പ്രാപിക്കുന്നതില്‍ നിന്ന് ഒരാളെ തടയുന്നു. ഗലാത്യര്‍ ഇപ്പോഴും ‘തുടക്കക്കാര്‍’ ആണ്, അവരുടെ തെറ്റായ ദിശാബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ ഇതുവരെ മോശയുടെ നിയമത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കിയിട്ടില്ല, ക്രിസ്തുവിലുള്ള വിശ്വാസം ഉള്‍ക്കൊള്ളുന്നതിനുള്ള ആവേശം പുതിയ പ്രഘോഷകരെ ശ്രവിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു, അവരുടെ സന്ദേശം പൗലോസിന്റെ സന്ദേശത്തിന് അനുബന്ധമാണെന്ന് തെറ്റിദ്ധരിക്കുന്നു. അത് അങ്ങനെയല്ല. എന്നിരുന്നാലും, ഇത്രയും നിര്‍ണ്ണായകമായ ഒരു വേദിയിയില്‍ വിട്ടുവിഴ്ചകളുണ്ടാകുന്ന അപകടസാദ്ധ്യത അനുവദിച്ചുകൊടുക്കാന്‍ അപ്പസ്‌തോലന് ആകില്ല.

സുവിശേഷം ഒന്നു മാത്രമാണ്, അത് അദ്ദേഹം പ്രഘോഷിച്ചതാണ്; മറ്റൊന്നാകാന്‍ ആവില്ല. എന്നാല്‍ ശ്രദ്ധിക്കുക! താന്‍ പ്രഘാഷിച്ചതിനാല്‍ തന്റേതാണ് യഥാര്‍ത്ഥ സുവിശേഷം എന്ന് പൗലോസ് പറയുന്നില്ല, അല്ല! അതിന്റെ പൊരുള്‍ അതല്ല. അങ്ങനെ പറഞ്ഞാല്‍ അത് അഹങ്കാരമായിരിക്കും, പൊങ്ങച്ചമായിരിക്കും. മറിച്ച്, അദ്ദേഹം പറയുന്നത് ‘മറ്റ് അപ്പോസ്തലന്മാര്‍ മറ്റിടങ്ങളില്‍ പ്രഘോഷിച്ച അതേ സുവിശേഷമാണ് തന്റേതെന്നും അതാണ് ഏക, ആധികാരിക സുവിശേഷമെന്നുമാണ്. കാരണം അത് യേശുക്രിസ്തുവിന്റെതാണ്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: «സഹോദരന്മാരേ, ഞാന്‍ പ്രഖ്യാപിച്ച സുവിശേഷം മാനുഷികമല്ല എന്നു ഞാന്‍ നിങ്ങളെ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.(ഗലാത്യര്‍ 1,11)’ ആകയാല്‍, എന്തുകൊണ്ടാണ് പൗലോസ് വളരെ പരുഷമായ പദങ്ങള്‍ ഉപയോഗിക്കുന്നതെന്ന് നമുക്കു മനസ്സിലാകും. രണ്ടുതവണ അദ്ദേഹം ‘ശപിക്കപ്പെടട്ടെ’ എന്ന് പ്രയോഗിക്കുന്നുണ്ട്. സമുഹത്തിന്റെ അടിത്തറയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവയെ സമൂഹത്തില്‍ നിന്ന് അകറ്റിനിറുത്തേണ്ടതിന്റെ ആവശ്യകതയെ ഇത് സൂചിപ്പിക്കുന്നു. ഈ പുതിയ ‘സുവിശേഷം’ സമൂഹത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നു. ചുരുക്കത്തില്‍, ഈ വിഷയത്തില്‍ അപ്പസ്‌തോലന്‍ ചര്‍ച്ചയ്ക്ക് ഇടം നല്‍കുന്നില്ല: ചര്‍ച്ചചെയ്യാനാകില്ല. സുവിശേഷത്തിന്റെ സത്യവുമായി യാതൊരു ചര്‍ച്ചയും സാദ്ധ്യമല്ല. ഒന്നുകില്‍ നീ സുവിശേഷത്തെ അതായിരിക്കുന്ന രീതിയില്‍ പ്രഘോഷിക്കപ്പെട്ടതുപോലെ സ്വീകരിക്കുക, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വീകരിക്കുക. പക്ഷേ സുവിശേഷവുമായി ചര്‍ച്ചയ്ക്ക് ഒരു വഴിയുമില്ല. സന്ധിചെയ്യാന്‍ കഴിയില്ല: യേശുവിലുള്ള വിശ്വാസം വിലപേശാനുള്ള ഒരു ചരക്കല്ല: അത് രക്ഷയാണ്, കണ്ടുമുട്ടലാണ്, അത് വീണ്ടെടുപ്പാണ്. അത് വിലകുറച്ച് വില്‍ക്കുന്നില്ല.

വിശ്വാസവും നിയമപാലനവും സുവിശേഷത്തിന്റെ നവീനതയും

കത്തിന്റെ തുടക്കത്തില്‍ വിവരിച്ച ഈ സാഹചര്യം വിരോധാഭാസമായി തോന്നുന്നു, കാരണം എല്ലാ വിഷയങ്ങളും സദ്വികാരങ്ങളാല്‍ പ്രചോദിതമെന്ന പ്രതീതി ഉളവാകുന്നു. പുതിയ പ്രേഷിതരെ ശ്രവിക്കുന്ന ഗലാത്യര്‍ കരുതുന്നത് പരിച്ഛേദനം വഴി തങ്ങള്‍ക്ക് ദൈവഹിതത്തിന് കൂടുതല്‍ സമര്‍പ്പിതരാകാനാകുമെന്നും അങ്ങനെ പൗലോസിന് കൂടുതല്‍ പ്രിയപ്പെട്ടവരാകാമെന്നുമാണ്. പൗലോസിന്റെ ശത്രുക്കള്‍ പിതാക്കന്മാരില്‍ നിന്ന് സ്വീകരിച്ച പാരമ്പര്യത്തോടുള്ള വിശ്വസ്തതയാല്‍ നയിക്കപ്പെടുന്നവരായി തോന്നുന്നു, യഥാര്‍ത്ഥ വിശ്വാസം നിയമപാലനത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് അവര്‍ കരുതുന്നു. പരമോന്നതമായ ഈ വിശ്വസ്തതയ്ക്കു മുന്നില്‍, പാരമ്പര്യവുമായി ബന്ധപ്പെട്ട് അത്ര യാഥാസ്ഥിതനല്ലെന്നു കരുതപ്പെടുന്ന പൗലോസിനെക്കുറിച്ചുള്ള നുണകളും സംശയങ്ങളും പോലും ന്യായീകരിക്കപ്പെടുന്നു. തന്റെ ദൗത്യം ദിവ്യസ്വഭാവമുള്ളതാണെന്ന് അപ്പസ്‌തോലന് തന്നെ നന്നായി അറിയാം അത് ക്രിസ്തു തന്നെ അവന് വെളിപ്പെടുത്തി! അതിനാല്‍, സുവിശേഷത്തിന്റെ പുതുമയോടുള്ള തികഞ്ഞ ആവേശത്താല്‍ അവന്‍ പ്രചോദിതനായി, മൗലികമായ ഒരു പുതുമയാണ് അത്, അത് ക്ഷണികമല്ല: ‘പരിഷ്‌കൃത’ സുവിശേഷങ്ങളൊന്നുമില്ല, സുവിശേഷം എപ്പോഴും നൂതനമാണ്, അതാണ് പുതുമ.

സമ്മാനമായ സുവിശേഷം

പൗലോസിന്റെ അജപാലനൗത്സുക്യം അദ്ദേഹത്തെ കാര്‍ക്കാശ്യമുള്ളവനാക്കുന്നു, കാരണം യുവ ക്രിസ്ത്യാനികള്‍ക്കുണ്ടാകാന്‍ പോകുന്ന വലിയ അപകടസാധ്യത അദ്ദേഹം തിരിച്ചറിയുന്നു. ചുരുക്കത്തില്‍, യേശുവെന്ന വ്യക്തിയെയും അവിടത്തെ പ്രബോധനങ്ങളെയും പിതാവിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള അവിടത്തെ വെളിപ്പെടുത്തലിനെയും ഏറ്റം വിശ്വസ്തതയോടെ അവതരിപ്പിക്കുന്ന പരമസത്യം ഗ്രഹിക്കുന്നതിന്, സദുദ്ദേശ്യങ്ങളുടെ ഈ സങ്കീര്‍ണ്ണാവസ്ഥയില്‍ നിന്ന് സ്വയം പുറത്തുകടക്കേണ്ടത് ആവശ്യമാണ്. വിവേചിച്ചറിയുക എന്നത് സുപ്രധാനമാണ്. ചില പ്രസ്ഥാനങ്ങള്‍, സുവിശേഷം അതിന്റെതായ രീതിയില്‍, സ്വന്തം ശൈലിയില്‍, ചിലപ്പോള്‍ ശരിയായ, തനതായ സിദ്ധികളോടുകൂടി, പ്രഘോഷിക്കുന്നത് ചരിത്രത്തില്‍ പലതവണ തവണ നമ്മള്‍ കണ്ടിട്ടുണ്ട്, ഇന്നും നമ്മളള്‍ അത് കാണുന്നു, എന്നാല്‍ പിന്നീട് അവ അതിരുകടക്കുകയും മുഴുവന്‍ സുവിശേഷത്തെയും ‘പ്രസ്ഥാനത്തിലേക്ക്’ ചുരുക്കുകയും ചെയ്യുന്നു. ഇത് ക്രിസ്തുവിന്റെ സുവിശേഷമല്ല: ഇത് ആ പ്രസ്ഥാനത്തിന്റെ സ്ഥാപകയുടെയൊ, സ്ഥാപകന്റെയൊ സുവിശേഷമാണ്, അതെ, തുടക്കത്തില്‍ ഇത് സഹായകരമായിരിക്കും, പക്ഷേ അവസാനം അത് ആഴത്തില്‍ വേരുകളുള്ള ഫലം പുറപ്പെടുവിക്കുന്നില്ല. ഇക്കാരണത്താല്‍, പൗലോസിന്റെ വ്യക്തവും നിര്‍ണ്ണായകവുമായ വാക്ക് ഗലാത്യര്‍ക്ക് ശ്രേയസ്‌കരമായിരുന്നു, നമുക്കും അത് ശ്രേയസ്‌കരമാണ്. സുവിശേഷം നമുക്ക് ക്രിസ്തുവിന്റെ സമ്മാനമാണ്, അവിടുന്നു തന്നെയാണ് അത് വെളിപ്പെടുത്തിത്തന്നത്. അതാണ് നമുക്ക് ജീവന്‍ നല്‍കുന്നത്. നന്ദി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles