സുവിശേഷത്തിലെ വൈപരീത്യമെന്ത്? മാര്പാപ്പാ വ്യക്തമാക്കുന്നു
സുവിശേഷ സന്ദേശം- ജ്ഞാനാന്വേഷണം
ദൈവവചനം ഇന്ന് നമ്മോട് പറയുന്നത് ജ്ഞാനം, സാക്ഷ്യം, വാഗ്ദാനങ്ങൾ എന്നിവയെക്കുറിച്ചാണ്. പുരാതന കാലം മുതൽ തന്നെ ഈ ദേശങ്ങളിൽ ജ്ഞാനം നട്ടുവളർത്തിയിട്ടുണ്ട്. തീർച്ചയായും ജ്ഞാനത്തിനായുള്ള അന്വേഷണം എല്ലായ്പ്പോഴും സ്ത്രീപുരുഷന്മാരെ ആകർഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, മിക്കപ്പോഴും, കൂടുതൽ മാർഗ്ഗങ്ങളുള്ളവർക്ക് കൂടുതൽ അറിവ് നേടാൻ കഴിയുന്നു, കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു, അതേസമയം മാർഗ്ഗങ്ങൾ കുറവുള്ളവർ മാറ്റിനിറുത്തപ്പെടുന്നു. നമ്മുടെ കാലഘട്ടത്തിൽ വർദ്ധമാനമായിരിക്കുന്ന അത്തരം അസമത്വം അസ്വീകാര്യമാണ്. ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുകൊണ്ട് ജ്ഞാനത്തിൻറെ പുസ്തകം നമ്മെ അതിശയിപ്പിക്കുന്നു.
എളിയവർക്ക് അനുഗ്രഹ വർഷണം
“എളിയവർക്ക് കൃപയാൽ മാപ്പുലഭിക്കും, പ്രബലർ കഠിനമായി പരീക്ഷിക്കപ്പെടും” (ജ്ഞാനം 6: 6). കുറവുള്ളവർ ലോകത്തിൻറെ കണ്ണിൽ, തള്ളപ്പെടുന്നു, മറിച്ച് കൂടുതൽ ഉള്ളവരാകട്ടെ വിശേഷാവകാശങ്ങൾ ഉള്ളവരായി പരിഗണിക്കപ്പെടുന്നു. ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് അങ്ങനെയല്ല: കൂടുതൽ ശക്തരായവർ കർശനമായ പരിശോധനയ്ക്ക് വിധേയരാകുന്നു, അതേസമയം ഏറ്റവും എളിയവർക്കാണ് ദൈവത്തിൻറെ പ്രത്യേക പരിഗണന ലഭിക്കുന്നത്.
സുവിശേഷത്തിലെ വൈപരീത്യം
ജ്ഞാനംതന്നെയായ യേശു, സുവിശേഷത്തിൽ കാണുന്ന ഈ വൈപരീത്യത്തെ പൂർത്തിയാക്കുന്നു, ആദ്യത്തെ പ്രഭാഷണത്തിലൂടെ, സുവിശേഷസൗഭാഗ്യങ്ങളിലൂടെ അവിടന്ന് അതു ചെയ്യുന്നു. ഈ വിപര്യാസം പൂർണ്ണമാണ്: ദരിദ്രർ, വിലപിക്കുന്നവർ, പീഡിതർ എന്നിവർ അനുഗൃഹീതർ എന്ന് വിളിക്കപ്പെടുന്നു. എങ്ങനെയാണ് ഇത് സാധ്യമാവുന്നത്? ലോകത്തെ സംബന്ധിച്ചിടത്തോളം, സമ്പന്നരും ശക്തരും പ്രശസ്തരുമാണ് അനുഗ്രഹീതർ! സമ്പത്തും മാർഗ്ഗങ്ങളുമുള്ളവരാണ് പരിഗണിക്കപ്പെടുന്നത്! എന്നാൽ ദൈവത്തിന് അങ്ങനെയല്ല: ഇനിമേൽ ധനികരല്ല വലിയവർ, മറിച്ച്, ആത്മാവിൽ ദരിദ്രരാണ്; സ്വന്തം ഇഷ്ടം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയുന്നവരല്ല, എല്ലാവരോടും സൗമ്യത പുലർത്തുന്നവരാണ്. ജനക്കൂട്ടം പുകഴ്ത്തുന്നവരല്ല, പ്രത്യുത, സഹോദരീസഹോദരന്മാരോട് കരുണ കാണിക്കുന്നവരാണ്. അപ്പോൾ, നാം ഇങ്ങനെ ചോദിച്ചുപോകും: യേശു ആവശ്യപ്പെടുന്നതുപോലെ ഞാൻ ജീവിക്കുന്നുവെങ്കിൽ, എനിക്കെന്തു ലഭിക്കും? എൻറെ മേൽ ആധിപത്യം പുലർത്താൻ ഞാൻ മറ്റുള്ളവരെ അനുവദിക്കുന്ന അപകടമില്ലേ? യേശുവിൻറെ ക്ഷണം മൂല്യവത്താണോ അതോ നഷ്ടത്തിനു കാരണമാണോ? നഷ്ടം വരുത്തുന്നതല്ല ആ ക്ഷണം, അത് ജ്ഞാനമാണ്.
ലോകത്തിൻറെ വീക്ഷണം
യേശുവിൻറെ നിർദ്ദേശം ജ്ഞാനമാണ്, കാരണം ലോകത്തിൻറെ കാഴ്ചയിൽ ദുർബ്ബലമാണെന്ന് തോന്നിയാലും, സുവിശേഷസൗഭാഗ്യങ്ങളുടെ ഹൃദയമായ സ്നേഹം, വാസ്തവത്തിൽ, എല്ലായ്പ്പോഴും വിജയക്കൊടി നാട്ടുന്നു. ക്രൂശിൽ, അത് പാപത്തേക്കാൾ ശക്തമാണെന്ന് തെളിയിച്ചു, കല്ലറയിൽ അത് മരണത്തെ കീഴടക്കി. അതേ സ്നേഹംതന്നെയാണ് രക്തസാക്ഷികളെ അവരുടെ പരീക്ഷണങ്ങളിൽ വിജയികളാക്കിത്- കഴിഞ്ഞ നൂറ്റാണ്ടിൽ എത്രമാത്രം രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്, മുൻകാലത്തേക്കാൾ കൂടുതൽ! ….
സുവിശേഷസൗഭാഗ്യങ്ങൾ ആവശ്യപ്പെടുന്ന സാക്ഷ്യം
നമ്മൾ എങ്ങനെ സുവിശേഷസൗഭാഗ്യങ്ങൾ അഭ്യസിക്കും? അസാധാരണമായ കാര്യങ്ങൾ, നമ്മുടെ കഴിവുകൾക്കപ്പുറത്തുള്ള വീരകൃത്യങ്ങൾ ചെയ്യാൻ അവ നമ്മോട് ആവശ്യപ്പെടുന്നില്ല. അനുദിന സാക്ഷ്യമാണ് അവ ആവശ്യപ്പെടുന്നത്. യേശുവിൻറെ ജ്ഞാനത്തിന് മൂർത്തരൂപമേകുന്നതിനുള്ള മാർഗ്ഗമാണ് സാക്ഷ്യം. അങ്ങനെയാണ് ലോകം മാറുന്നത്: ശക്തിയാലും അധികാരത്താലും അല്ല, മറിച്ച് സുവിശേഷസൗഭാഗ്യങ്ങളിലൂടെ. യേശു ചെയ്തത് അതുതന്നെയാണ്: അവിടന്ന് താൻ ആദ്യം മുതൽ പറഞ്ഞവയെല്ലാം അവസാനം വരെ ജീവിച്ചു. യേശുവിൻറെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു സകലവും. ഈ ഉപവിയെക്കുറിച്ചാണ് ഇന്നത്തെ രണ്ടാമത്തെ വായനയിൽ വിശുദ്ധ പൗലോസ് ഗംഭീരമായി വിവരിക്കുന്നത്.
സ്നേഹം ക്ഷമയാണ്
ആദ്യം, വിശുദ്ധ പൗലോസ് പറയുന്നത് “സ്നേഹം ക്ഷമയാണ്” (വാക്യം 4) എന്നാണ്. നന്മ, ഔദാര്യം, സത്പ്രവൃത്തികൾ എന്നിവയുടെ പര്യായമായി തോന്നുന്നു സ്നേഹം. എന്നിട്ടും , സ്നേഹം സർവ്വോപരി ക്ഷമയാണെന്ന് പൗലോസ് പറയുന്നു. …….
നമ്മുടെ പ്രതികരണമെന്ത് ?
നമുക്ക് സ്വയം ചോദിക്കാം: തെറ്റായ സാഹചര്യങ്ങളോട് നമ്മൾ പ്രതികരിക്കുന്നത് എങ്ങനെയാണ്? പ്രതികൂല സാഹചര്യങ്ങളിൽ, എല്ലായ്പ്പോഴും രണ്ട് തരം പ്രലോഭനങ്ങൾ ഉണ്ട്. ആദ്യത്തേത് പലായനം ആണ്: നമുക്ക് ഓടിപ്പോകാം, പുറകോട്ട് തിരിയാം, അതിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നു. രണ്ടാമത്തേത് കോപത്തോടെ, ശക്തി പ്രകടനത്തോടെ പ്രതികരിക്കുകയാണ്. ഗത്സേമിനിയിൽ ശിഷ്യന്മാരുടെ സ്ഥിതി ഇതായിരുന്നു: പരിഭ്രാന്തിമൂലം പലരും ഓടിപ്പോയി, പത്രോസ് വാൾ എടുത്തു. പലായനമോ വാളോ ഒന്നും നേടിയില്ല. പ്രത്യുത, യേശു ചരിത്രം മാറ്റിമ റിച്ചു. എങ്ങനെ? സ്നേഹത്തിന്റെ എളിയ ശക്തിയോടെ, ക്ഷമയോടെയുള്ള സാക്ഷ്യത്തോടെ. ഇതാണ് നമ്മളും പ്രാവർത്തികമാക്കാൻ വിളിക്കപ്പെട്ടിരിക്കുന്നത്; ദൈവം തൻറെ വാഗ്ദാനങ്ങൾ നിറവേറ്റുന്നത് ഇങ്ങനെയാണ്.
നമ്മുടെ ബലഹീനതകൾ
സുവിശേഷ സൗഭാഗ്യങ്ങളിൽ മൂർത്തരൂപമെടുക്കുന്ന യേശുവിൻറെ ജ്ഞാനം, സാക്ഷ്യം ആവശ്യപ്പെടുകയും ദൈവിക വാഗ്ദാനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രതിഫലം ഉറപ്പുനല്കയും ചെയ്യുന്നു….. ദൈവത്തിന്റെ വാഗ്ദാനങ്ങൾ സമാനതകളില്ലാത്ത സന്തോഷം ഉറപ്പ് നൽകുന്നു, ഒരിക്കലും നിരാശപ്പെടുത്തില്ല. എന്നാൽ അവ എങ്ങനെ നിറവേറ്റപ്പെടും? നമ്മുടെ ബലഹീനതകളിലൂടെ. ആന്തരിക ദാരിദ്ര്യത്തിൻറെ പാതയിലൂടെ അവസാനംവരം സഞ്ചരിക്കുന്നവരെ ദൈവം അനുഗ്രഹീതരാക്കുന്നു.
ഇതാണ് വഴി; മറ്റൊരുമാർഗ്ഗവുമില്ല. നമുക്ക്, ഗോത്രപിതാവായ അബ്രഹാമിനെ നോക്കാം. ദൈവം അദ്ദേഹത്തിന് ഒരു സന്തതിയെ വാഗ്ദാനം ചെയ്തു, പക്ഷേ അവനും സാറയും ഇപ്പോൾ വൃദ്ധരും മക്കളില്ലാത്തവരുമാണ്. എന്നിട്ടും അവരുടെ ക്ഷമയുള്ളതും വിശ്വസ്തവുമായ വാർദ്ധക്യത്തിലാണ് ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അവർക്ക് ഒരു പുത്രനെ നൽകുകയും ചെയ്യുന്നത്. നമുക്ക് മോശയെയും നോക്കാം: മോശ ജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു, അതു ചെയ്യുന്നതിനായി ഫറവോനോട് സംസാരിക്കാൻ ദൈവം മോശയോട് ആവശ്യപ്പെടുന്നു. തനിക്കു ഉചിതമായി സംസാരിക്കാൻ അറിയില്ല എന്ന് മോശ വ്യക്തമാക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ വാക്കുകളിലൂടെയാണ് ദൈവം തൻറെ വാഗ്ദാനം നിറവേറ്റുന്നത്. പരിശുദ്ധ കന്യകാമറിയത്തെ നോക്കാം, നിയമപ്രകാരം ഒരു കുട്ടിയുണ്ടാകാൻ പാടില്ലാത്ത അവസ്ഥയിലും ഒരു അമ്മയാകാൻ വിളിക്കപ്പെട്ടവൾ. നമുക്ക് പത്രോസിനെ നോക്കാം: അവൻ കർത്താവിനെ തള്ളിപ്പറയുന്നു, എന്നാൽ തൻറെ സഹോദരന്മാരെ ശക്തിപ്പെടുത്താൻ യേശു വിളിക്കുന്നത് അ വനെയാണ്. പ്രിയ സഹോദരീസഹോദരന്മാരേ, ചില സമയങ്ങളിൽ നമുക്ക് നാം നിസ്സഹായരും പ്രയോജനശൂന്യരുമാണെന്ന തോന്നലുണ്ടാകാം. നാം ഒരിക്കലും ഇതിന് വഴങ്ങരുത്, കാരണം നമ്മുടെ ബലഹീനതകളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ഉപസംഹാരം
ഇന്ന് ഞാൻ നിങ്ങളോടൊപ്പം ദൈവത്തിന് നന്ദി പറയുന്നു, കാരണം പുരാതനകാലത്ത് “ജ്ഞാനം” ഉദയം ചെയ്ത ഇവിടെ, നമ്മുടെ കാലഘട്ടത്തിൽ ധാരാളം സാക്ഷികൾ ഉണ്ടായിട്ടുണ്ട്, വാർത്തകളിൽ പലപ്പോഴും അത് അവഗണിക്കപ്പെടുന്നു, എന്നാൽ അവ ദൈവത്തിൻറെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ്. സുവിശേഷസൗഭാഗ്യങ്ങൾ ജീവിക്കുന്നതിലൂടെ,സാക്ഷികൾ, സമാധാന വാഗ്ദാനങ്ങൾ നിറവേറ്റാൻ ദൈവത്തെ സഹായിക്കുകയാണ്.
ഈ വാക്കുകളിൽ തൻറെ ദൈവവചനവിശകലനം പാപ്പാ അവസാനിപ്പിച്ച തിനെ തുടർന്ന് അറബി, കുർദ് ആംഗലം തുടങ്ങിയ വിവിധ ഭാഷകളിൽ വിശ്വാസികളുടെ പ്രാർത്ഥനയായിരുന്നു. തദ്ദനന്തരം കാഴ്ചവയ്പ്പോടുകൂടി പാപ്പാ ദിവ്യബലി തുടർന്നു.വിശുദ്ധകുർബ്ബാനയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് കൽദായകത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയീസ് റാഫേൽ പ്രഥമൻ സാക്കൊ (Cardinal Louis Raphael Sako) പാപ്പായക്ക് നന്ദിയർപ്പിച്ചു.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.