നോമ്പ്, മാനസാന്തരത്തിലേക്കും മനോഭാവമാറ്റത്തിലേക്കുമുള്ള ഒരു ക്ഷണമാണ്! ഫ്രാന്‍സിസ് പാപ്പ

നോമ്പുകാലം വ്യക്തിപരവും സാമൂഹ്യവുമായ നവീകരണത്തിനുള്ള സമയമാണെന്ന് മാർപ്പാപ്പാ ഓർമ്മപ്പെടുത്തുന്നു.

“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. നാം പിന്തിരിയാതിരുന്നാൽ നമുക്ക് യഥാകാലം വിളവെടുക്കാം. നമുക്ക് അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട് സകല മനുഷ്യര്‍ക്കും നന്മ ചെയ്യാം”(ഗലാത്തിയർ 6:9-10എ), എന്നീ, ഗലാത്തിയക്കാർക്കുള്ള ലേഖനം ആറാം അദ്ധ്യായത്തിലെ 9-10 വാക്യങ്ങൾ അവലംബമാക്കിയുള്ള പാപ്പായുടെ ഈ സന്ദേശം ഇരുപത്തിനാലാം തീയതി, വ്യാഴാഴ്ചയാണ് (24/02/22)  പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലായത്തിൽ, പ്രസ്സ് ഓഫീസിൽ, വച്ച് പ്രകാശനം ചെയ്യപ്പെട്ടത്.

“വിതയ്ക്കലും വിളവെടുപ്പും”, “നന്മ ചെയ്യുന്നതിൽ നാം മടുക്കരുത്”, “പിന്തിരിയാതിരുന്നാൽ നമുക്ക് യഥാകാലം വിളവെടുക്കാം” എന്നീ മൂന്നു ഉപശീർഷകങ്ങളായി തിരിച്ചതാണ് പാപ്പായുടെ ഈ സന്ദേശം.

വിളവെടുപ്പ് ലക്ഷ്യമിട്ട് നല്ലത് വിതയ്ക്കാൻ പറ്റിയ സമയത്തെക്കുറിച്ചാണ് പൗലോസപ്പോസ്തലൻ പറയുന്നതെന്നും നമ്മെ സംബന്ധിച്ച ഈ അനുകൂല സമയമാണ് നോമ്പുകാലം എന്നും പാപ്പാ വിതയ്ക്കലും വിളവെടുപ്പും എന്ന ഭാഗത്ത് വിശദീകരിക്കുന്നു.

നമ്മുടെ ഭൗമികാസ്തിത്വത്തിൻറെ മുഴുവൻ പ്രതീകമാണ്, ഒരർത്ഥത്തിൽ നോമ്പ് എന്ന് പാപ്പാ പറയുന്നു. നമ്മുടെ ജീവിതത്തിലും പലപ്പോഴും അത്യാഗ്രഹവും അഹങ്കാരവും പ്രബലമാണെന്നും മാനസാന്തരത്തിലേക്കും മനോഭാവമാറ്റത്തിലേക്കുമുള്ള  ഒരു ക്ഷണമാണ് നോമ്പെന്നും പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിന് സത്യവും സൗന്ദര്യവും ഉണ്ടാകുന്നത്, കൈവശപ്പെടുത്തുന്നതിലല്ല കൊടുക്കുന്നതിലാണെന്നും, സമാഹരിച്ചു വയ്ക്കുന്നതിലല്ല നന്മ വിതയ്ക്കുന്നതിലും പങ്കിടുന്നതിലുമാണെന്നും പാപ്പാ വിശദീകരിക്കുന്നു.

തകർന്നടിഞ്ഞ ഒരുപാട് സ്വപ്നങ്ങളുടെ കയ്പേറിയ നിരാശയുടെയും, വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കയുടെയും, നമ്മുടെ വിഭവദാരിദ്ര്യം മൂലമുള്ള തളർച്ചയുടെയും മുന്നിൽ, സ്വന്തം വ്യക്തിപരമായ സ്വാർത്ഥതയിലേക്ക് പിൻവാങ്ങാനും മറ്റുള്ളവരുടെ കഷ്ടപ്പാടുകളോടുള്ള നിസ്സംഗതയിൽ അഭയം പ്രാപിക്കാനുമുള്ള പ്രലോഭനം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പാപ്പാ “നന്മ ചെയ്യുന്നതിൽ മടുക്കരുത്” എന്ന ഉപശീർഷകത്തിൻ കീഴിൽ വരുന്ന ഭാഗത്ത് നല്കുന്നു. നാം പ്രാർത്ഥനയിൽ ശരണം പ്രാപിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

സ്നേഹവും നീതിയും ഐക്യദാർഢ്യവും പോലെതന്നെ നന്മയും എന്നന്നേക്കുമായി ഒരിക്കൽ മാത്രം നേടുന്നതല്ല മറിച്ച് അനുദിനം പിടിച്ചെടുക്കേണ്ടതാണെന്ന് പാപ്പാ “നാം പിന്തിരിഞ്ഞില്ലെങ്കിൽ  യഥാസമയത്ത് വിളിവെടുക്കാം” എന്ന ഉപശീർഷകത്തിൻ കീഴിൽ വരുന്ന ഭാഗത്ത് ഓർമ്മിപ്പിക്കുന്നു. അതിനാൽ നന്മ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാതിരിക്കാൻ, കർഷകനുള്ള  സ്ഥിരതയാർന്ന ക്ഷമ നമുക്കും ലഭിക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles