ക്രിസ്തു നിങ്ങള്‍ക്ക് ആരാണെന്ന് അവിടുന്ന് ഇന്നും ചോദിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ
“നിങ്ങള്‍ക്ക് ഞാനാരാണ്?” എന്ന നിര്‍ണ്ണായകമായ ചോദ്യം ഇന്ന് നമ്മെ നോക്കി യേശു ആവര്‍ത്തിക്കുന്നു. വിശ്വാസം സ്വീകരിച്ചിട്ടും എന്റെ വചനത്തില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴും ഭയപ്പെട്ടിരിക്കുന്ന നിനക്ക്, വളരെ കാലമായി ക്രിസ്ത്യാനിയായിരിക്കുന്ന നിന്റെ ശീലങ്ങള്‍ തളര്‍ത്തി നിന്നിലുണ്ടായിരുന്ന ആദ്യസ്‌നേഹം നഷ്ടമാക്കിയ നിനക്ക്, ഞാന്‍ ആരാണ് എന്ന് ചോദിക്കുന്ന യേശുവിന് നമ്മുടെ ഹൃദയത്തില്‍ നിന്നു വരുന്ന ഒരുത്തരം നല്‍കാനാണു വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍ പാപ്പാ വിശ്വാസീസമൂഹത്തെ ആഹ്വാനം ചെയ്തത്. എന്നാല്‍ ഈ ചോദ്യം ശിഷ്യര്‍ക്കു മുന്നില്‍ വയ്ക്കുന്നതിനു മുമ്പ് ജനങ്ങള്‍ തന്നെക്കുറിച്ചെന്താണ് പറയുന്നതെന്ന് യേശു ശിഷ്യരോടു അന്വേഷിച്ചിരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ ഒരു അടിസ്ഥാന വ്യത്യാസം അടിവരയിടാനായിരുന്നിരിക്കണം എന്നാണ് പരിശുദ്ധപിതാവിന്റെ അനുമാനം.
യേശുവിനെ അനുകരിക്കുന്നവരാകുക
ചിലര്‍ ആദ്യചോദ്യത്തിന്റെ ഉത്തരമായ അഭിപ്രായങ്ങളിലും യേശുവിനെക്കുറിച്ചുള്ള സംസാരങ്ങളിലും മാത്രം അവസാനിപ്പിക്കും. എന്നാല്‍ മറ്റു ചിലര്‍ യേശുവിനോടു സംസാരിക്കും, അവരുടെ ജീവിതം അവനില്‍ കൊണ്ടുവന്ന് അവനുമായി ബന്ധം സ്ഥാപിക്കുന്ന ഒരു ചുവടുവയ്പ്പ് നടത്തും. ഇതാണ് കര്‍ത്താവിന് ആവശ്യം: നമ്മുടെ ചിന്തയുടേയും വാല്‍സല്യങ്ങളുടേയും സൂചികയാകാന്‍. നമ്മുടെ ജീവിതത്തിന്റെ സ്‌നേഹമാകാന്‍, പാപ്പാ വിശദീകരിച്ചു.
വി.പത്രോസും പൗലോസും യേശുവിന്റെ ആരാധകരായിരുന്നില്ല മറിച്ച് യേശുവിനെ അനുകരിക്കുന്നവരും സാക്ഷികളുമായിരുന്നു. വാക്കുകളെക്കാളേറെ പ്രവര്‍ത്തികളിലൂടെ രണ്ടു പേരും അവരുടെ ജീവിതം കര്‍ത്താവിനും സഹോദരര്‍ക്കുമായി ചെലവഴിച്ചു. ഈ ജീവിതങ്ങള്‍ നമുക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് വാക്കുകളേക്കാള്‍ പ്രവര്‍ത്തിപഥത്തിലേക്കു വരാനെന്ന് പാപ്പാ പറഞ്ഞു. സുവിശേഷത്തോടു വിശ്വസ്ഥതയും ജനങ്ങളോടു സമീപനവും, കൂടുതല്‍ പ്രവാചീകവും, പ്രേഷിതവുമായ ഒരു സഭയെക്കുറിച്ച് പലപ്പോഴും സംസാരിച്ചാലും പ്രായോഗീകമായി ഒന്നും ചെയ്യാറില്ല എന്ന് പാപ്പാ ഖേദം പ്രകടിപ്പിച്ചു. പലരും സംസാരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമാണ് സാക്ഷികളാവുക എന്ന വിഷമവും പാപ്പയുടെ വാക്കുകളില്‍ കാണാന്‍ കഴിഞ്ഞു. ദൈവത്തെ വിളംബരം ചെയ്യുകയല്ല മറിച്ച് ജീവിത സാക്ഷ്യം കൊണ്ടു കാണിച്ചു കൊടുക്കയാണ് വേണ്ടതെന്നാണ് വി. പത്രോസും പൗലോസും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, പാപ്പാ പറഞ്ഞു.
ബലഹീനതകളോടു കൂടി സാക്ഷികളാകാം
പത്രോസ് കര്‍ത്താവിനെ നിഷേധിച്ചതും പൗലോസ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചതും ചൂണ്ടിക്കാണിച്ച് അവര്‍ അനുകരണീയ മാതൃകയല്ല എന്ന ഒരു എതിര്‍പ്പുയരാം എന്നാല്‍ അവര്‍ അവരുടെ ബലഹീനതകളുടേയും കൂടി സാക്ഷികളാവുകയായിരുന്നു എന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. സുവിശേഷകരും വിശുദ്ധര്‍ തന്നെയും അവരുടെ ജീവിതം നഗ്‌നമായി നമ്മുടെ മുന്നില്‍ വയ്ക്കുന്നത് നമ്മള്‍ നമ്മുടെ പ്രതിഛായ സംരക്ഷിക്കാന്‍ ശ്രമിക്കാതെ കര്‍ത്താവിനോടും മറ്റുള്ളവരോടും സുതാര്യമായിരിക്കുമ്പോള്‍ കര്‍ത്താവിന് നമ്മിലൂടെ വന്‍കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന സത്യമാണ് വെളിവാക്കുന്നതെന്നും പാപ്പാ പറഞ്ഞു.
കര്‍ത്താവ് ശിഷ്യരോടു ചോദിച്ച നിങ്ങള്‍ക്ക് ഞാന്‍ ആരെന്ന അതേ ചോദ്യം തന്നെ ഇന്ന് നമ്മോടും ചോദിച്ചുകൊണ്ടു ഈ വിശുദ്ധരുടെ സാക്ഷ്യം വഴി കര്‍ത്താവ് നമ്മുടെ മുഖംമൂടികള്‍ എടുത്തു മാറ്റാനാണ് ആവശ്യപ്പെടുന്നത് എന്നു പാപ്പാ പറഞ്ഞു. അതേപോലെ നമ്മുടെ പാതി മനസ്സും നമ്മെ ഉദാസീനരും ഇടത്തരവുമാക്കുന്ന ഒഴിവു കഴിവുകള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നു
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.