സൗഹൃദം സുസ്ഥിരവും വിശ്വസ്ഥവുമാണ്
സൗഹൃദം ഒരു ടൈം പാസല്ല എന്ന് അർത്ഥമാക്കുന്ന ചിന്ത നൽകി കൊണ്ട് അത് സുസ്ഥിരവും വിശ്വസ്ഥവുമാണെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിക്കുന്നു. നല്ല സുഹൃത്തുക്കളെ കുറിച്ചും സൗഹൃദത്തിന്റെ നന്മയെകുറിച്ചും, സുഹൃത്തുക്കൾ വഞ്ചിക്കുന്നതിനെ കുറിച്ചും സംസാരിക്കുന്ന അനേകം കഥകളും, കവിതകളും, സിനിമകളും ഈ ലോകത്തിലുണ്ട്. ചിലതൊക്കെ യാഥാർത്ഥ്യങ്ങളും ചിലത് ഭാവനാത്മകവുമായിരിക്കാം. എങ്കിലും ഇവയൊക്കെ നമ്മുടെ മുന്നിൽ പാഠപുസ്തകങ്ങളായി തന്നെ നിലനിൽക്കുന്നു.
ചിലരെ സംബന്ധിച്ചിടത്തോളം സൗഹൃദം ഒരു ടൈം പാസ് പോലെയാണ്. ഒരു നിശ്ചിത സമയത്തേക്ക്, ചിലതൊക്കെ നേടാൻ വേണ്ടി, സ്വന്തം സന്തോഷങ്ങൾക്കും, വിജയങ്ങൾക്കും വേണ്ടി സൗഹൃദം ഭാവിക്കുന്നവർ. ആഗ്രഹിച്ചതൊക്കെ നേടിയെന്ന് അവരുടെ മനസ്സ് പറയുന്ന ആ നിമിഷത്തിൽ തന്നെ അവരുടെ ഹൃദയത്തിന്റെ വാതിലുകൾ അടയ്ക്കപ്പെട്ടിരിക്കും.
നാം അറിയാതെ നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന സുഹൃത്തുക്കളുണ്ട്.. നമ്മെ അറിഞ്ഞ് വരുന്നവരുണ്ട്. ചിലർ കാരണം പറഞ്ഞു തിരികെ പോകും. ചിലർ കാരണങ്ങളുണ്ടാക്കി മടങ്ങി പോകും. മറ്റു ചിലർ കാരണമൊന്നുമില്ലാതെ കാരണങ്ങൾ പറയാതെ നമ്മിൽ നിന്നും അകന്നുപോകും. എന്നാൽ ചില മനുഷ്യർ മാത്രം നമ്മിൽ തങ്ങിനിൽക്കും. നമ്മിൽ നിന്നും അകന്നുപോകാൻ കാരണമുണ്ടായിരുന്നിട്ടും നമ്മുടെ കുറവുകൾ അവരെ മുറിപ്പടുത്തിട്ടിട്ടുണ്ടെങ്കിലും അവർ എന്തുകൊണ്ടോ നമ്മെ വിട്ട് പോകാതെ നമ്മുടെ കൂടെ സഞ്ചരിക്കും. അവരുടെ പെരുമാറ്റത്തെ നമുക്ക് എങ്ങനെ വിളിക്കാനാകും? വിശ്വസ്ഥതയെന്നോ, ക്ഷമയെന്നോ, നന്മയെന്നോ? അങ്ങനെയുള്ള സൗഹൃദങ്ങൾ പാപ്പാ പറയുന്നത് പോലെ സുസ്ഥിരവും വിശ്വസ്ഥവുമായതാണ്.
പഴയ നിയമത്തിൽ ദാവീദും ജോനാഥനും തമ്മിലുള്ള ബന്ധം നല്ല സൗഹൃദത്തിന് ഉദാഹരണമാണ്. ദാവീനെ കൊല്ലാൻ ശ്രമിച്ച സാവൂൾ രാജാവിന്റെ മകനാണ് ജോനാഥൻ. യുദ്ധം അവസാനിച്ചു. ഏലാഹ് താഴ്വര ശാന്തമായി. ദൈവജനത്തിന് വേണ്ടി നീണ്ട യുദ്ധങ്ങൾ ചെയ്ത സാവൂളിന്റെയോ, ജോനാഥന്റെയോ വിജയമായിരുന്നില്ല അന്നത്തെ ശാന്തതയ്ക്ക് കാരണം. മറിച്ച് ഒരു യുവ ആട്ടിടയനായ ദാവീദിന്റെതായിരുന്നു വിജയം. ഭീകരനായ ഗോലിയാത്തിനെ വെറും കല്ലും, കവണയും കൊണ്ട് മാത്രം വധിച്ച ദാവീദ് എന്ന യുവാവിന്റെതായിരുന്നു വിജയം. ഈ വിജയത്തിൽ അവന്റെ മേൽ കുമിഞ്ഞുകൂടുന്ന മഹത്വത്തിൽ ജോനാഥാന് അസൂയ തോന്നാമായിരുന്നു. പക്ഷേ അവന് അത് തോന്നിയില്ല. ഈ തോന്നൽ അന്ത്യം വരെയും അവനിലുണ്ടായിരുന്നു. ബൈബിളിൽ നാം വായിക്കുന്ന ജോനാഥന്റെ പ്രതികരണം നമ്മെ അത്ഭുതപ്പെടുത്തിയേക്കും. “ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോടു ഒട്ടിച്ചേര്‍ന്നു. ജോനാഥാന് അവനെ പ്രാണതുല്യം സ്നേഹിച്ചു. സാവൂള്‍ അവനെ പിതൃഭവനത്തിലേക്കു തിരിച്ചയയ്ക്കാതെ അവിടെ താമസിപ്പിച്ചു.
“ജോനാഥാന് ദാവീദിനെ പ്രാണതുല്യം സ്നേഹിച്ചതിനാല്‍, അവനുമായി ഒരു ഉടമ്പടിയുണ്ടാക്കി. അവന് തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു. സാവൂള്‍ അയയ്ക്കുന്നിടത്തൊക്കെ പോയി ദാവീദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്, സാവൂള്‍ അവനെ പടത്തലവനാക്കി. ഇതു ജനത്തിനും സാവൂളിന്റെ ഭൃത്യര്‍ക്കും ഇഷ്ടപ്പെട്ടു.”(1സാമു18:1-5). അങ്ങനെ ബൈബിൾ നല്ല സൗഹൃദത്തിന്റെ ഒരു മുഖം കാണിച്ചുതരുന്നു. “വിശ്വാസമുള്ള വ്യക്തികൾക്ക് സൗഹൃദം വിലപ്പെട്ടതാണ്. മിത്രം എപ്പോഴും മിത്രം തന്നെ; ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണു സഹോദരന്’ “(സുഭാ17:17) എന്നും വചനം നല്ല മൈത്രിയെ മഹത്വീകരിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.