കാണുക, മനസ്സലിവുള്ളവരാകുക! ഫ്രാൻസീസ് പാപ്പാ
“വഴിയുടെ ശിഷ്യന്മാർ”
ആദിമ ക്രിസ്ത്യാനികളെ “വഴിയുടെ ശിഷ്യന്മാർ” (ക്രിസ്തുമാർഗ്ഗം സ്വീകരിച്ചവർ), അതായത് മാർഗ്ഗത്തിൻറെ ശിഷ്യർ, എന്ന് വിളിച്ചിരുന്നത് ശ്രദ്ധേയമാണ് (അപ്പസ്തോലപ്രവർത്തനങ്ങൾ 9: 2). സത്യത്തിൽ, വിശ്വാസി സമറിയാക്കാരനോട് വളരെ സാമ്യമുള്ളവനാണ്: അവൻ യാത്രയിലാകയാൽ അവൻ ഒരു സഞ്ചാരിയാണ്. താൻ “ലക്ഷ്യപ്രാപ്തനല്ലെന്ന്” അവനറിയാം, എന്നാൽ “ഞാൻ വഴിയും സത്യവും ജീവനും” ആണ്, (യോഹന്നാൻ 14,6) ഞാനാണ് മാർഗ്ഗം എന്നു പറഞ്ഞ യേശുവിനെ പിഞ്ചെന്നുകൊണ്ട് അനുദിനം പഠിക്കാൻ അവൻ ആഗ്രഹിക്കുന്നു. കർത്താവായ യേശുവിനെ പിന്തുടരുന്നു, അവൻ പറഞ്ഞു: “ഞാൻ തന്നെ വഴിയും സത്യവും ജീവനും” (യോഹ. 14: 6), “ഞാൻ വഴിയാണ്”. ക്രിസ്തുശിഷ്യൻ അവനെ പിന്തുടരുന്നു, അങ്ങനെ “വഴിയുടെ ശിഷ്യൻ” ആയിത്തീരുന്നു. അവൻ കർത്താവിൻറെ പിന്നാലെ പോകുന്നു, അവൻ അലസനല്ല, അങ്ങനെയല്ല, എന്നാൽ എപ്പോഴും യാത്രയിലാണ്: വഴിയിൽ അവൻ ആളുകളെ കണ്ടുമുട്ടുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, ഗ്രാമങ്ങളും നഗരങ്ങളും സന്ദർശിക്കുന്നു. ഇതുതന്നെയാണ് കർത്താവ് ചെയ്തത്, അവിടന്ന് എപ്പോഴും യാത്രയിലാണ്.
ക്രിസ്തുവിൻറെ കാല്പാടുകൾ പിൻചെല്ലുന്നവർ
അതിനാൽ തൻറെ ചിന്താരീതിയും പ്രവർത്തനരീതിയും ക്രമേണ മാറുന്നതും ഗുരുവിൻറെ രീതിയുമായി കൂടുതൽ കൂടുതൽ പൊരുത്തപ്പെടുന്നതും “മാർഗ്ഗത്തിൻറെ ശിഷ്യൻ”, അതായത്, ക്രൈസ്തവരായ നമ്മൾ, കാണുന്നു. ക്രിസ്തുവിൻറെ കാൽപ്പാടുകളിലുടെ നടക്കുമ്പോൾ, ഒരുവൻ ഒരു സഞ്ചാരിയായി മാറുന്നു, അവൻ സമറിയാക്കാരനെപ്പോലെ കാണാനും അനുകമ്പ കാണിക്കാനും പഠിക്കുന്നു. അവൻ കാണുകയും കരുണ കാണിക്കുകയും ചെയ്യുന്നു. സർവ്വോപരി, അവൻ കാണുന്നു: അവൻ യാഥാർത്ഥ്യത്തിനു നേരെ കണ്ണുകൾ തുറക്കുന്നു, അവൻ സ്വന്തം ചിന്തകൾക്കു ചുറ്റും സ്വാർത്ഥപരമായി സ്വയം അടച്ചിടില്ല. എന്നാൽ, പുരോഹിതനും ലേവ്യനും ദൗർഭാഗ്യനായവനെ കാണുന്നുവെങ്കിലും അവർ അവനെ കാണാത്തതുപോലെ, മുഖം തിരിച്ച് കടന്നുപോകുന്നു. സുവിശേഷം നമ്മെ കാണാൻ പഠിപ്പിക്കുന്നു: മുൻവിധികളെയും പിടിവാശികളെയും അതിജീവിച്ച് യാഥാർത്ഥ്യം ശരിയായി മനസ്സിലാക്കുന്നതിലേക്ക് അത് അനുദിനം നമ്മെ ഓരോരുത്തരെയും നയിക്കുന്നു. പല വിശ്വാസികളും യാഥാർത്ഥ്യത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ പിടിവാശിയിൽ അഭയം പ്രാപിക്കുന്നു. സുവിശേഷം നമ്മെ യേശുവിനെ അനുഗമിക്കാൻ പഠിപ്പിക്കുന്നു, കാരണം യേശുവിനെ അനുഗമിക്കുന്നത് അനുകമ്പയുള്ളവരായിരിക്കാൻ നമ്മെ പഠിപ്പിക്കുന്നു – കാണാനും അനുകമ്പ കാണിക്കാനും: അതായത്, മറ്റുള്ളവരെ, സർവ്വോപരി, കഷ്ടപ്പെടുന്നവരെ, ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെക്കുറിച്ച് അവബോധമുള്ളവാരയിരിക്കാൻ. സമറിയാക്കാരനെപ്പോലെ ഇടപെടാൻ. കടന്നു പോകാതെ, നിൽക്കാൻ.
തിരിച്ചറിവുള്ളവരാകുക, കരുണയുള്ളവരാകുക
ഈ സുവിശേഷ ഉപമയ്ക്ക് മുന്നിൽ, കുറ്റപ്പെടത്തുകയോ, സ്വയം കുറ്റമാരോപിക്കുകയോ മറ്റുള്ളവരെ പുരോഹിതനോടും ലേവ്യനോടും താരതമ്യപ്പെടുത്തി അവർക്കു നേരെ വിരൽ ചൂണ്ടുകയോ ചെയ്യാനുള്ള സാദ്ധ്യതയുണ്ട്: അതായത് “ഇയാൾ, അയാൾ കടന്നുപോകുന്നു, നില്ക്കുന്നില്ല…” അല്ലെങ്കിൽ, മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതിൽ വന്നിട്ടുള്ള സ്വന്തം പോരായ്മകൾ എണ്ണിപ്പറഞ്ഞുകൊണ്ട് സ്വയം കുറ്റപ്പെടുത്തിയേക്കാം. എന്നാൽ വിഭിന്നമായൊരു കർമ്മം നിർദ്ദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് നമ്മെത്തന്നെ കുറ്റപ്പെടുത്തുന്നതിനെക്കുറിച്ചല്ല. ഇല്ല. തീർച്ചയായും, നാം നിസ്സംഗരായിരിക്കുകയും സ്വയം ന്യായീകരിക്കുകയും ചെയ്തത് നാം തിരിച്ചറിയണം, പക്ഷേ അവിടെ നിന്നുപോകരുത്. ഇത് തെറ്റാണെന്ന് നമ്മൾ തിരിച്ചറിയണം. എന്നാൽ നമ്മുടെ സ്വാർത്ഥപരമായ നിസ്സംഗതയിൽ നിന്ന് നമ്മെ രക്ഷിക്കാനും നമ്മെ പാതയിലെത്തിക്കാനും നാം കർത്താവിനോട് പ്രാർത്ഥിക്കണം. കാണാൻ കഴിയുന്നതിനും അനുകമ്പയുള്ളവരായിരിക്കുന്നതിനും നമുക്ക് അവിടത്തോട് അപേക്ഷിക്കാം. ഇത് ഒരു കൃപയാണ് – അത് നാം കർത്താവിനോട് ചോദിക്കണം: ” കർത്താവേ, എനിക്ക് കാണാൻ കഴിയട്ടെ, എന്നെ നീ കാണുന്നതുപോലെ കാണാനും നിനക്ക് എന്നോട് അനുകമ്പയുള്ളതു പോലെ എനിക്കും കരുണ തോന്നാനും സാധിക്കട്ടെ. ഇതാണ് ഞാൻ നിർദ്ദേശിക്കുന്ന പ്രാർത്ഥന., കർത്താവേ, നീ എന്നെ കാണുന്നതുപോലെ എനിക്കു കാണാൻ കഴിയട്ടെ, നിനക്ക് എന്നോടുള്ളതു പോലെ എനിക്ക് മറ്റുള്ളവരോട് അനുകമ്പ ഉണ്ടാകട്ടെ. വഴിയിൽ കണ്ടുമുട്ടുന്നവരോട്, പ്രത്യേകിച്ച് കഷ്ടപ്പെടുന്നവരോടും ആവശ്യത്തിലിരിക്കുന്നവരോടും ഞങ്ങൾ കരുണയുള്ളവരാകട്ടെ. അവരുടെ ചാരത്തായിരിക്കാനും അവരെ സഹായിക്കാൻ സാദ്ധ്യമായത് ചെയ്യാനും ഞങ്ങൾക്ക് കഴിയട്ടെ. ആത്മീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ വരുന്ന ക്രൈസ്തവരായ സ്ത്രീപുരുഷന്മാരോട് ഞാൻ അവർ ഭിക്ഷകൊടുക്കാറുണ്ടോ എന്ന് ചോദിക്കാറുണ്ട്. “അതെ”, എന്ന് ഉത്തരം പറയുന്ന വ്യക്തിയോട് ഞാൻ വീണ്ടും ചോദിക്കും – “എന്നിട്ട് പറയൂ, നീ നാണയം കൊടുക്കുമ്പോൾ അത് സ്വീകരിക്കുന്നയാളുടെ കൈയിൽ സ്പർശിക്കുന്നുണ്ടോ? ” – “ഇല്ല, ഇല്ല, ഞാൻ അത് എറിഞ്ഞു കൊടുക്കുന്നു.” – “നീ ആ വ്യക്തിയുടെ കണ്ണുകളിലേക്ക് നോക്കുന്നുണ്ടോ?” – “ഇല്ല, അങ്ങനെ ഒരു കാര്യം മനസ്സിൽ വരുന്നില്ല.” യാഥാർത്ഥ്യത്തെ സ്പർശിക്കാതെ, ആവശ്യത്തിലിരിക്കുന്നവൻറെ കണ്ണുകളിലേക്ക് നോക്കാതെ നിങ്ങൾ ദാനം ചെയ്താൽ, ആ ദാനം അവനുള്ളതല്ല നിനക്കുള്ളതാണ്. ഇതെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഞാൻ ദുരിതങ്ങളെ, ഞാൻ സഹായഹസ്തം നീട്ടുന്നത് ഏത് ദുരിതങ്ങൾക്കാണോ അവയെ പോലും തൊട്ടറിയുന്നുണ്ടോ? കഷ്ടപ്പെടുന്ന ആളുകളുടെ, ഞാൻ സഹായിക്കുന്ന ആളുകളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കുന്നുണ്ടോ? ഈ ചിന്തയാണ് ഞാൻ നിങ്ങൾക്ക് നൽകുന്നത്: അതായത് കാണുക അനുകമ്പ കാട്ടുക.
വളർച്ചയുടെ ഈ യാത്രയിൽ കന്യകാമറിയം നമുക്ക് തുണയായിരിക്കട്ടെ. “നമുക്ക് വഴി കാട്ടുന്ന”, അതായത് യേശുവിനെ കാണിച്ചുതരുന്ന, അവൾ, കൂടുതൽ കൂടുതൽ “വഴിയുടെ ശിഷ്യന്മാരായി” മാറാൻ നമ്മെ സഹായിക്കട്ടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.