അകന്നു നില്ക്കാനല്ല, നമ്മോടുകൂടെ ജീവിക്കാൻ അഭിലഷിക്കുന്ന ദൈവം!

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ത്രികാലപ്രാർത്ഥനയിൽ നാം എല്ലായ്പ്പോഴും പ്രാർത്ഥിക്കുന്നതും തിരുപ്പിറവിയുടെ പൊരുൾ നമുക്കു വെളിപ്പെടുത്തിത്തരുന്നതുമായ ഒരു മനോഹര വാക്യം സുവിശേഷഭാഗം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു:

“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു”
(യോഹന്നാൻ 1:14).

നാം ഒന്നു ചിന്തിക്കുകയാണെങ്കിൽ, ഈ വാക്കുകളിൽ ഒരു വൈരുദ്ധ്യം ഉണ്ടെന്ന് കാണാൻ കഴിയും. അവ രണ്ട് വിപരീത യാഥാർത്ഥ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു: വചനവും ജഡവും. യേശു പിതാവിൻറെ നിത്യ വചനമാണ് എന്ന് “വചനം” സൂചിപ്പിക്കുന്നു, സകല സൃഷ്ടികൾക്കും മുമ്പേ എന്നുമുണ്ടായിരുന്ന നിത്യ വചനം; നേരെമറിച്ച്, “മാംസം” എന്നത് നമ്മുടെ യാഥാർത്ഥ്യത്തെ സൂചിപ്പിക്കുന്നു, സൃഷ്ടിക്കപ്പെട്ടതും ദുർബ്ബലവും പരിമിതിയുള്ളതും മർത്യവുമായ യാഥാർത്ഥ്യം. യേശുവിനുമുമ്പ് രണ്ട് വ്യത്യസ്ത ലോകങ്ങളുണ്ടായിരുന്നു: ഭൂമിക്ക് വിപരീതമായി സ്വർഗ്ഗം, അന്തത്തിനെതിരയാ അനന്തത, ദ്രവ്യത്തിന് വിപരീതമായ ആത്മാവ്. യോഹന്നാൻറെ സുവിശേഷത്തിൻറെ ആമുഖത്തിൽ മറ്റൊരു വൈരുദ്ധ്യം, മറ്റൊരു ദ്വിപദം ഉണ്ട്: വെളിച്ചവും ഇരുട്ടും (യോഹന്നാൻ 1,5). ലോകത്തിൻറെ അന്ധകാരത്തിലേക്ക് പ്രവേശിച്ച ദൈവത്തിൻറെ വെളിച്ചമാണ് യേശു. വെളിച്ചവും ഇരുട്ടും. ദൈവം പ്രകാശമാണ്: അവനിൽ അവ്യക്തതയില്ല; എന്നിരുന്നാലും, നമ്മിൽ ധാരാളം അന്ധകാരങ്ങളുണ്ട്. ഇപ്പോൾ, യേശുവഴി, വെളിച്ചവും ഇരുട്ടും കണ്ടുമുട്ടുന്നു: അതായത്, വിശുദ്ധിയും തെറ്റും, കൃപയും പാപവും. കൂടിക്കാഴ്ചയുടെ, ദൈവ മനുഷ്യ സമാഗമത്തിൻറെ, കൃപയും പാപവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദിയാണ് യേശു, യേശുവിൻറെ മനുഷ്യാവതാരം.

വൈരുദ്ധ്യങ്ങൾ ദൈവത്തിൻറെ പ്രവർത്തന ശൈലിയിൽ

ഈ വൈരുദ്ധ്യങ്ങളാൽ സുവിശേഷം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നത് എന്താണ്? അതിമനോഹരമാണ് ദൈവത്തിൻറെ പ്രവർത്തനരീതി. നമ്മുടെ ബലഹീനതയ്ക്ക് മുന്നിൽ കർത്താവ് പിന്മാറുന്നില്ല. അവിടന്ന് തൻറെ അനുഗ്രഹീതമായ നിത്യതയിലും അനന്തമായ പ്രകാശത്തിലും ഒതുങ്ങി നല്ക്കുന്നില്ല, മറിച്ച് സമീപസ്ഥനാകുന്നു, മാംസം ധരിക്കുന്നു, ഇരുളിലേക്ക് ഇറങ്ങുന്നു, അവിടത്തേക്ക് അന്യമായ ദേശങ്ങളിൽ വസിക്കുന്നു. എന്തിനാണ് ദൈവം ഇങ്ങനെ ചെയ്യുന്നത്? എന്തുകൊണ്ടാണ് അവിടന്ന് നമ്മുടെ അടുത്തേക്ക് വരുന്നത്? അവനിൽ നിന്ന്, നിത്യതയിൽ നിന്ന്, വെളിച്ചത്തിൽ നിന്ന് അകന്നുപോയാൽ നാം വഴിതെറ്റിപ്പോകും എന്ന യാഥാർത്ഥ്യത്തോട് അടിയറവു പറയാൻ തയ്യാറല്ലാത്തതുകൊണ്ടാണ് അവിടന്ന് ഇത് ചെയ്യുന്നത്. ഇതാണ് ദൈവത്തിൻറെ പ്രവൃത്തി: നമ്മുടെ ഇടയിലേക്ക് ആഗതനാകുക. നാം നമ്മെത്തന്നെ അയോഗ്യരായി കണക്കാക്കിയാലും അത് അവിടത്തെ തടയില്ല, അവിടന്ന് വരുന്നു. നാം അവിടത്തെ നിരസിച്ചാലും നമ്മെ തേടുന്നതിൽ അവിടന്ന് ഒരിക്കലും തളരില്ല. അവിടത്തെ സ്വീകരിക്കാൻ നാം തയ്യാറല്ലെങ്കിലും അവിടന്ന് വരാൻ ഇഷ്ടപ്പെടുന്നു. നാം അവിടത്തെ മുന്നിൽ വാതിൽ കൊട്ടിഅടച്ചാലും അവിടന്ന് നമ്മെ കാത്തിരിക്കും. അവൻ നല്ല ഇടയൻ തന്നെയാണ്. നല്ല ഇടയൻറെ ഏറ്റവും മനോഹരമായ രൂപം ഇതാണോ? നമ്മുടെ ജീവിതത്തിൽ പങ്കുചേരാൻ വചനം മാംസമായി. നാം എവിടെയായിരിക്കുന്നുവോ അവിടെ, നമ്മുടെ പ്രശ്നങ്ങളിൽ, നമ്മുടെ ദുരിതങ്ങളിൽ, നമ്മെ അന്വേഷിച്ചുവരുന്ന നല്ല ഇടയനാണ് യേശു. അവൻ അവിടെ വരുന്നു.

നമ്മുടെ അയോഗ്യതകളെ കണക്കിലെടുക്കാത്ത ദൈവം, നമ്മിൽ വസിക്കാൻ വരുന്ന ദൈവം 

പ്രിയ സഹോദരീസഹോദരന്മാരേ, മറ്റ് കാരണങ്ങളാൽ നാം ദൈവത്തിന് യോഗ്യരല്ലെന്ന് കരുതുന്നതിനാൽ നാം പലപ്പോഴും ദൈവത്തിൽ നിന്ന് അകലം പാലിക്കുന്നു. അത് സത്യവുമാണ്. എന്നാൽ അവിടത്തെ വീക്ഷണകോണിൽ നിന്ന് കാര്യങ്ങളെ കാണാൻ തിരുപ്പിറവി നമ്മെ ക്ഷണിക്കുന്നു. ദൈവം മാംസംധരിക്കാൻ അഭിലഷിക്കുന്നു. നിൻറെ ഹൃദയം തിന്മയാൽ മലിനമായതായി തോന്നുന്നുവെങ്കിൽ, അത് ക്രമരഹിതമാണെന്ന് തോന്നുന്നുവെങ്കിൽ, ദയവായി, നീ സ്വയം അടയ്ക്കരുത്, ഭയപ്പെടരുത്: അവൻ വരുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് ചിന്തിക്കുക. അവിടെയാണ്, ആ ദാരിദ്ര്യത്തിലാണ് യേശു ജനിച്ചത്, അത്, നിങ്ങളുടെ ഹൃദയം സന്ദർശിക്കാനും ദുസ്സഹജീവിതത്തിൽ അധിവസിക്കാനും, തീർച്ചയായും, അവൻ ഭയപ്പെടുന്നില്ലെന്ന് നിങ്ങളോട് പറയാനാണ്. അധിവസിക്കുക എന്ന ഈ വാക്ക് ഈ യാഥാർത്ഥ്യത്തെ സൂചിപ്പിക്കാൻ സുവിശേഷം ഇന്ന് ഉപയോഗിക്കുന്ന ക്രിയയാണ്: ഇത് സമ്പൂർണ്ണ പങ്കുചേരലിനെ, ഉറ്റ അടുപ്പത്തെ പ്രകടിപ്പിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് ഇതാണ്: നമ്മോടൊപ്പം ജീവിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു, നമ്മിൽ ജീവിക്കാൻ അവിടന്ന് അഭിലഷിക്കുന്നു, അകന്നു നിൽക്കാനല്ല.

ജീവിതത്തിൽ ദൈവത്തിനിടം നൽകാൻ നാം സന്നദ്ധരാണോ? ഭയമരുത്, ആത്മാർത്ഥത പുലർത്താം

ഞാൻ എന്നോടും നിങ്ങളോടും എല്ലാവരോടും ചോദിക്കുന്നു: അവിടത്തേക്ക് ഇടം നല്കാൻ നാം ആഗ്രഹിക്കുന്നുണ്ടോ? വാക്കു കൊണ്ട് അതെ; “ഞാൻ തയ്യാറല്ല” എന്ന് ആരും പറയില്ല. എന്നാൽ പ്രായോഗിക ജീവിതത്തിലോ? ഒരുപക്ഷേ, നമുക്കുവേണ്ടി മാത്രമായി നാം സൂക്ഷിച്ചുവയ്ക്കുന്ന ചില പ്രത്യേക ജീവിത വശങ്ങൾ, അല്ലെങ്കിൽ സുവിശേഷം കടന്നുവരുമെന്ന് നാം ഭയപ്പെടുന്നതും ദൈവത്തെ ഇടയ്ക്കു നിറുത്താൻ നാം ആഗ്രഹിക്കാത്തതുമായ ആന്തരിക ഇടങ്ങൾ ഉണ്ടായെന്നുവരാം. ഇന്ന് ഞാൻ നിങ്ങളെ പ്രായോഗികാവസ്ഥയിലേക്കു ക്ഷണിക്കുകയാണ്. ദൈവം ഇഷ്ടപ്പെടുന്നില്ല എന്ന് ഞാൻ കരുതന്ന ആന്തരിക കാര്യങ്ങൾ എന്തൊക്കെയാണ്? എനിക്കായി മാത്രം ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നതും ദൈവം വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതുമായ സ്ഥലം ഏതാണ്? നമ്മൾ ഓരോരുത്തരും യാഥാർത്ഥ്യബോധത്തോടെ ഇതിനോട് പ്രത്യുത്തരിക്കണം. “അതെ,  യേശു വന്നിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അവൻ ഇതും അതുമൊന്നും തൊടരുത്…..”. ഓരോരുത്തർക്കും അവരവരുടെ പാപമുണ്ട് – നമുക്ക് അതിനെ പേരിട്ട് വിളിക്കാൻ സാധിക്കും – എന്നാൽ അവിടന്ന് നമ്മുടെ പാപങ്ങളെ ഭയപ്പെടുന്നില്ല: നമ്മെ സുഖപ്പെടുത്താനാണ് അവിടന്ന് ആഗതനായത്. കുറഞ്ഞത് നമ്മുടെ പാപങ്ങൾ കാണാനെങ്കിലും നമുക്ക് അവിടത്തെ അനുവദിക്കാം, അവിടന്നു നമ്മുടെ പാപം കാണട്ടെ. നമുക്ക് ധൈര്യമുള്ളവരാകാം, നമുക്കിങ്ങനെ പറയാം: “കർത്താവേ, ഞാൻ ഈ അവസ്ഥയിലാണ്, എനിക്ക് മാറാൻ താൽപ്പര്യമില്ല. പക്ഷേ നീ, ദയവായി, അധികം ദൂരം അകന്നുപോകരുത്.” അത് മനോഹരമായ ഒരു പ്രാർത്ഥനയാണ്. നമുക്കിന്ന് ആത്മാർത്ഥതയുള്ളവരാകാം.

പുൽക്കൂടിനു മുന്നിൽ നില്ക്കാം- നമ്മുടെ ജീവിതസാഹചര്യങ്ങൾ തുറന്നു കാണിക്കാം

തിരുപ്പിറവിയുടെതായ ഈ ദിനങ്ങളിൽ കർത്താവിനെ അവിടെത്തന്നെ സ്വാഗതം ചെയ്യുന്നത് നമുക്ക് ഗുണകരമായിരിക്കും. അത് എങ്ങനെയാണ്? ഉദാഹരണത്തിന്, പുൽക്കൂടിനു മുന്നിൽ നിന്നുകൊണ്ട്, കാരണം നമ്മുടെ  സമൂർത്തവും എല്ലാം ശരിയായി പോകാത്തതും നമ്മൾതന്നെയൊ മറ്റുള്ളവരൊ മൂലമൊ ഉള്ള നിരവധിയായ പ്രശ്നങ്ങൾ ഉള്ളതും സാധാരണവുമായ ജീവിതം നയിക്കാൻ യേശു വരുന്നതായി അതു കാണിക്കുന്നു. കഠിനാദ്ധ്വാനം ചെയ്യുന്ന ഇടയന്മാരെ, നിരപരാധികളെ ഭീഷണിപ്പെടുത്തുന്ന ഹേറോദേസിനെ നാം അവിടെ കാണുന്നു, വലിയ ദാരിദ്ര്യം  കാണുന്നു…  എന്നാൽ ഇതിനെല്ലാം നടുവിൽ, നമ്മുടേതുൾപ്പടെയുള്ള, നിരവധി പ്രശ്നങ്ങൾക്കിടയിലും  ദൈവമുണ്ട്, നമ്മോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന ദൈവം ഉണ്ട്. നമ്മുടെ സാഹചര്യങ്ങൾ, നാം അനുഭവിക്കുന്നവ, അവിടത്തെ മുന്നിൽ നാം അവതരിപ്പിക്കുന്നതിനായി അവിടന്ന് കാത്തിരിക്കുന്നു. അതിനാൽ, പുൽക്കൂടിനു മുന്നിൽ, നമുക്ക്, നമ്മുടെ സമൂർത്താവസ്ഥകളെക്കുറിച്ച് യേശുവിനോട് സംസാരിക്കാം. നമുക്ക് അവിടത്തെ നമ്മുടെ ജീവിതത്തിലേക്ക് ഔപചാരികമായി ക്ഷണിക്കാം, പ്രത്യേകിച്ച് ഇരുണ്ട പ്രദേശങ്ങളിൽ: “നോക്കൂ, കർത്താവേ, അവിടെ വെളിച്ചമില്ല, അവിടെ വൈദ്യുതി എത്തിയിട്ടില്ല, പക്ഷെ  ദയവായി നീ അതു തൊടരുത്, കാരണം എനിക്ക് ഈ സാഹചര്യം ഉപേക്ഷിക്കാൻ തോന്നുന്നില്ല”. വ്യക്തമായും സമൂർത്തമായും സംസാരിക്കുക.  ഇരുണ്ട പ്രദേശങ്ങൾ നമ്മുടെ “ആന്തരിക കാലിത്തൊഴുത്തുകൾ”: നമ്മിൽ ഓരോരുത്തരിലും അവയുണ്ട്. നമ്മുടെ കാലത്തെ സാമൂഹിക പ്രശ്‌നങ്ങളും സഭാ പ്രശ്‌നങ്ങളും നമുക്ക് ധൈര്യമായി അവിടത്തോട് പറയാം; വ്യക്തിപരമായ പ്രശ്‌നങ്ങൾ, ഏറ്റവും മോശമായത് പോലും: നമ്മുടെ കാലിത്തൊഴുത്തിൽ ജീവിക്കാൻ ദൈവം ഇഷ്ടപ്പെടുന്നു.

ദൈവജനനിയുടെ മാദ്ധ്യസ്ഥ്യം

വചനം ആരിൽ മാംസംധരിച്ചുവോ ആ ദൈവമാതാവ്, നമ്മെ, കർത്താവുമായി കൂടുതൽ അടുപ്പം വളർത്തിയെടുക്കാൻ സഹായിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles