ദൈവാരാധനയിൽ ഒരുമിച്ച് മുന്നേറി ഐക്യപ്പെടാം: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവ ഐക്യത്തിനായുള്ള അൻപത്തിയഞ്ചാമത് പ്രാർത്ഥനാവാരത്തിന്റെ അവസാനത്തിൽ വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ വച്ച് നടത്തിയ സായാഹ്നപ്രാർത്ഥനാവേളയിൽ, ഒരുമിച്ചുള്ള ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയും ക്രൈസ്തവ ഐക്യത്തിലേക്ക് നടന്നടുക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം നടത്തി.

പ്രാർത്ഥനയിൽ പങ്കെടുത്ത എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധി പോളികാർപോസ് മെത്രാപ്പോലീത്ത, കാന്റർബറി ആർച്ച് ബിഷപ്പിന്റെ പ്രതിനിധി അഭിവന്ദ്യ യാൻ ഏണസ്റ്റ്, എക്യൂമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബോസിയിൽനിന്നുള്ള വിദ്യാർത്ഥികൾ, അമേരിക്കയിലെ നഷോട്ട കോളേജിലെ ആംഗ്ലിക്കൻ സഭയിൽനിന്നുള്ള വിദ്യാർത്ഥികൾ, ഓർത്തഡോക്സ് സഭകളുമായുള്ള സാംസ്കാരിക സഹകരണ സമിതിയുടെ സ്കോളർഷിപ്പോടെ പഠിക്കുന്ന ഓർത്തഡോക്സ്, പൗരസ്ത്യ ഓർത്തഡോക്സ് വിദ്യാർത്ഥികൾ, മറ്റ് ക്രൈസ്തവസഭകളിൽനിന്നുള്ളവർ എന്നിവർക്ക് പാപ്പാ നന്ദി പറഞ്ഞു.

പൂജരാജാക്കന്മാർ

ക്രൈസ്തവഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിന് മൂന്ന് പൂജരാജാക്കന്മാരുടെ യാത്ര നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ പറഞ്ഞു. അവരുടെ യാത്രയിൽ മൂന്ന് ഭാഗമാണുള്ളത്: കിഴക്കുനിന്ന് ആരംഭിക്കുന്നു, ജെറുസലെമിലൂടെ കടന്നുപോകുന്നു, ബെത്ലെഹെമിലെത്തുന്നു.

ഒന്നാമതായി ജ്ഞാനികൾ കിഴക്കുനിന്ന് പുറപ്പെടുന്നു. കാരണം അവിടെയാണ് നക്ഷത്രം ഉദിക്കുന്നത്. സൂര്യനുദിക്കുന്ന കിഴക്കുനിന്ന് അവർ അതിലും വലിയൊരു പ്രകാശത്തെ അന്വേഷിച്ചാണ് പുറപ്പെടുന്നത്. അവർ തങ്ങളുടെ അറിവിലും പാരമ്പര്യത്തിലും മാത്രം തൃപ്തിപ്പെടാതെ, അതിലും വലുതായ ഒന്നിനായി ആഗ്രഹിക്കുന്നു. നമുക്കും ഇതുപോലെ യേശുവിന്റെ നക്ഷത്രത്തെ പിന്തുടരാം.  ലോകത്തിന്റെ വെളിച്ചങ്ങളെയോ, സ്വന്തം വെളിച്ചത്തിൽ പ്രകാശിക്കുന്ന വാൽനക്ഷത്രങ്ങളെയോ പിന്തുടരാനോ, തങ്ങളെത്തന്നെ സംരക്ഷിക്കാനുറച്ച്, സ്വയം കൂട്ടിലടയ്ക്കാനോ നമുക്ക് പരിശ്രമിക്കാതിരിക്കാം. നമ്മുടെ കണ്ണുകൾ ക്രിസ്തുവിൽ പതിഞ്ഞിരിക്കട്ടെ. ഐക്യത്തിലേക്കുള്ള യേശുവിന്റെ ക്ഷണം സ്വീകരിച്ചുള്ള നമ്മുടെ യാത്ര എത്ര ദൈർഘ്യമേറിയതും മടുപ്പിക്കുന്നതുമാകട്ടെ, അതിലേക്ക് എത്തിച്ചേരാൻ നമുക്ക് പരിശ്രമിക്കാം. ഐക്യത്തിന്റെ പാതയിൽ സഭയുടേത്, ചന്ദ്രന്റേതുപോലെയുള്ള ദൗത്യമാണ്. പൂജരാജാക്കന്മാരെപ്പോലെ ഒരുമിച്ച്, പരസ്പരം സഹായിച്ചുകൊണ്ട് നമുക്കും മുന്നേറാം. വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാർന്ന വസ്ത്രങ്ങളോടെയാണ് പാരമ്പര്യം അവരെ ചിത്രീകരിച്ചിരിക്കുന്നത്. അവരിൽ നമ്മുടെ വ്യത്യസ്തങ്ങളായ ക്രൈസ്തവപരമ്പര്യങ്ങളും അനുഭവങ്ങളും പ്രതിഫലിക്കുന്നത് നമുക്ക് കാണാം. എന്നാൽ അതോടൊപ്പം സ്വർഗ്ഗത്തിലേക്ക് നോക്കി ഈ ഭൂമിയിൽ ഒരുമിച്ച് നടക്കാനുള്ള നമ്മുടെ ആഗ്രഹത്തെയും അവിടെ കാണാം.

കിഴക്ക് നമ്മെ ഓർമ്മിപ്പിക്കുന്നത്

യുദ്ധവും അക്രമവും മൂലം തകർന്ന വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന ക്രിസ്ത്യാനികളെയും കിഴക്ക് നമ്മെ ചിന്തിപ്പിക്കുന്നു. ഇത്തവണത്തെ ക്രൈസ്തവ ഐക്യത്തിനുള്ള  ആഴ്ചയുടെ ഒരുക്കങ്ങളിൽ മദ്ധ്യപൂർവ്വദേശങ്ങളിലെ സഭകളുടെ കൂട്ടായ്മയും സഹായിച്ചിട്ടുണ്ട്. നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുമ്പോഴും അവർ നൽകുന്ന സാക്ഷ്യം നമുക്ക് പ്രത്യാശ പകരുന്നുണ്ട്. ക്രിസ്തുവിന്റെ പ്രകാശം ഇരുളിൽ പ്രകാശിക്കുന്നുവെന്നും, അതൊരിക്കലും അസ്തമിക്കുന്നില്ലെന്നും, നമ്മുടെ പാതകളെ ദൈവം മുകളിൽനിന്നും അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ നമുക്ക് കാണിച്ചുതരുന്നു. അവനു ചുറ്റും, വിശ്വാസവ്യതിയാനങ്ങളുടെ വേർതിരിവുകളില്ലാതെ, നിരവധി ക്രൈസ്തവരക്തസാക്ഷികളാണ് തിളങ്ങുന്നത്. അവർ നമുക്ക് ഐക്യത്തിന്റെ ഒരു പാതയാണ് ചൂണ്ടിക്കാണിക്കുന്നത്.

അസ്വസ്ഥമായ ജെറുസലേം

“അവന്റെ നക്ഷത്രം ഉദിക്കുന്നത് ഞങ്ങൾ കണ്ടു, ഞങ്ങൾ അവനെ ആരാധിക്കാൻ വന്നു” എന്ന വാക്കുകളോടെ, ദൈവത്തിനായുള്ള ആഗ്രഹത്തോടെയാണ് കിഴക്ക് നിന്ന് വിദ്വാന്മാർ ജെറുസലേമിലെത്തുന്നത്. എന്നാൽ അവിടുത്തെ അനുഭവം അവരെ സ്വർഗ്ഗത്തിന്റെ ആഗ്രഹത്തിൽ നിന്ന് ഭൂമിയുടെ കഠിനമായ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നു: “ഹെരോദാവ് രാജാവ് ഇത് കേട്ടപ്പോൾ അസ്വസ്ഥനായി, മുഴുവൻ ജെറുസലേമും അവനോടൊപ്പം” എന്ന് ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. നക്ഷത്രത്തിന്റെ പ്രകാശം പ്രതിഫലിക്കുന്നതിന് പകരം, ലോകത്തിലെ ഇരുണ്ട ശക്തികളുടെ പ്രതിരോധമാണ് വിജ്ഞാനികളായ അവർ വിശുദ്ധ നാടുകളിൽ അനുഭവിക്കുക. ലൗകിക ശക്തിയാൽ ദുഷിക്കപ്പെട്ടതല്ലാത്ത മറ്റൊരു രാജകീയതയുടെ പുതുമയാൽ ഭീഷണി നേരിടുന്ന ഹേറോദേസ് മാത്രമല്ല, ജറുസലേം മുഴുവനും വിദ്വാന്മാരുടെ പ്രഖ്യാപനത്താൽ അസ്വസ്ഥമാകുന്നു.

ജറുസലേമിൽ സംഭവിച്ചതുപോലെ, അസ്വസ്ഥതയും ഭയവും ഐക്യത്തിലേക്കുള്ള നമ്മുടെ പാതയിലും  തടസ്സമായേക്കാം. നാം നേടിയെടുത്ത സുരക്ഷയെ ഉലയ്ക്കുന്ന പുതുമയെക്കുറിച്ചുള്ള ഭയവും, മറ്റൊരാൾ നമ്മുടെ പാരമ്പര്യത്തെയും പദ്ധതികളെയും അസ്ഥിരപ്പെടുത്തുമെന്ന ഭയവുമാണത്. നമ്മുടെ ഹൃദയത്തിൽ ഉള്ള ഭയത്തിൽനിന്ന് നമ്മെ മോചിക്കാനാണ് ഉത്ഥിതനായ ദൈവം ആഗ്രഹിക്കുന്നത്. “ഭയപ്പെടേണ്ട” (മത്തായി 28, 5-10) എന്ന അവന്റെ ഉയിർപ്പിന്റെ ആഹ്വാനം നമ്മുടെ ഐക്യത്തിന്റെ പാതയിൽ മുഴങ്ങാൻ നമുക്ക് അനുവദിക്കാം. സഹോദരരെക്കാൾ പ്രാധാന്യം നമ്മുടെ ഭയങ്ങൾക്ക് നൽകാതിരിക്കാം. നമ്മുടെ ബലഹീനതകളും പാപങ്ങളും, ഭൂതകാലത്തിലെ തെറ്റുകളും പരസ്പരമേല്പിച്ച മുറിവുകളും ഉണ്ടെങ്കിലും, നാം പരസ്പരം വിശ്വസിച്ച് ഒരുമിച്ച് മുന്നേറണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

ബെത്ലെഹെമിലേക്കുള്ള വഴി

സ്വർഗം കാണിച്ചുതന്ന വഴിക്കെതിരായി മനുഷ്യനിർമ്മിതമായ മതിലുകൾ ഉള്ളപ്പോഴും, നിരാശയുടെയും എതിർപ്പിന്റെയും ഇടമായ ജെറുസലേമിൽനിന്ന് ബെത്‌ലഹേമിലേക്കുള്ള വഴി ജ്ഞാനികൾ കണ്ടെത്തുന്നു. വിശുദ്ധഗ്രന്ഥം സൂക്ഷ്മമായി പരിശോധിച്ച് അവർക്ക് സൂചനകൾ നൽകുന്നത് പുരോഹിതന്മാരും ശാസ്ത്രിമാരുമാണ് (cf. Mt 2: 4). നക്ഷത്രം മൂലം മാത്രമല്ല, ദൈവവചനം കൊണ്ടുകൂടിയാണ് രാജാക്കന്മാർ യേശുവിനെ കണ്ടെത്തുന്നത്. ക്രിസ്ത്യാനികളായ നമുക്കും കർത്താവിന്റെ സജീവവും ഫലപ്രദവുമായ വചനം കൂടാതെ അവന്റെ അടുക്കൽ എത്തിച്ചേരാനാവില്ല (cf. Heb 4:12). ദൈവജനത്താൽ സ്വീകരിക്കപ്പെടുന്നതിനും പ്രാർത്ഥിക്കാനും, ഒരുമിച്ച് ധ്യാനിക്കപ്പെടാനുമായാണ് ദൈവവചനം നൽകപ്പെട്ടത്. ക്രിസ്തുവിനോടും, ഒപ്പം സഹോദരങ്ങളോടും ദൈവവചനത്തിലൂടെ നമുക്ക് അടുക്കാം. അവന്റെ നക്ഷത്രം നമ്മുടെ പാതയിൽ വീണ്ടും ഉദിക്കുകയും നമുക്ക് സന്തോഷം നൽകുകയും ചെയ്യും.

ഒരുമിച്ചുള്ള ആരാധന

യാത്രയുടെ അവസാനഘട്ടത്തിൽ ജ്ഞാനികൾ ബെത്ലെഹെമിലെത്തി ഭവനത്തിൽ പ്രവേശിച്ച് സാഷ്ടാംഗം പ്രണമിക്കുകയും ദിവ്യപൈതലിനെ ആരാധിക്കുകയും ചെയ്യുന്നു (cf. മത്തായി 2:11). ഒരുമിച്ച്, ഒരേ ഭവനത്തിൽ, ആരാധനയിലാണ് അവരുടെ യാത്ര അവസാനിക്കുന്നത്. ഗലീലിയിലെ മലമുകളിൽ, ഉത്ഥിതനെ ഒരുമിച്ച് സാഷ്ടാംഗം പ്രണമിച്ച് ആരാധിക്കുന്ന ശിഷ്യർ ചെയ്യുന്ന കാര്യം മുൻകൂട്ടി ചെയ്യുകയാണ് അവർ (cf. മത്തായി 28:17). ദൈവത്തിനായി ആഗ്രഹിക്കുന്ന, ഭൂമിയിലെ യാത്രയിൽ ഒരുമിച്ച് പോകുന്ന, ചരിത്രത്തിൽ ദൈവത്തിന്റെ അടയാളങ്ങൾ വിശുദ്ധഗ്രന്ഥത്തിലൂടെ അന്വേഷിക്കുന്ന നമുക്ക്, അവർ പ്രവചനത്തിന്റെ ഒരു അടയാളമായി മാറുന്നു. പ്രിയ സഹോദരീ സഹോദരങ്ങളെ, നമുക്കും പൂർണ്ണമായ ഒരു ഐക്യത്തിലെത്താൻ ദൈവാരാധനയിലൂടെയല്ലാതെ സാധിക്കുകയില്ല. നമ്മുടെ സമ്പൂർണ്ണ കൂട്ടായ്മയിലേക്കുള്ള യാത്ര കൂടുതൽ ശക്തമായ പ്രാർത്ഥനയും, ദൈവാരാധനയോടെയും ആവശ്യപ്പെടുന്നു.

ആരാധനയ്ക്ക് ആദ്യം വേണ്ട ചുവടുവയ്പ്പ് പ്രണമിക്കുക എന്നതാണ്. സ്വയം എളിമപ്പെട്ട്, നമ്മുടെ മുൻവിധികൾ മാറ്റിവച്ച് ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്‌ഠിക്കണം. എത്രയോ പ്രാവശ്യം അഹങ്കാരം യഥാർത്ഥ കൂട്ടായ്മയ്ക്ക് പ്രതിബന്ധമായിട്ടുണ്ട്! അന്തസ്സും പ്രശസ്തിയും തങ്ങളുടെ വീട്ടിൽ  ഉപേക്ഷിച്ച്, ബത്‌ലഹേമിലെ ദരിദ്രമായ ചെറിയ കുടിലിലേക്ക് തങ്ങളെത്തന്നെ താഴ്ത്താൻ,  ജ്ഞാനികൾക്ക് ധൈര്യമുണ്ടായിരുന്നു; അങ്ങനെ അവർ “വളരെ വലിയ സന്തോഷം” കണ്ടെത്തി (മത്തായി 2,10). സ്വയം എളിമപ്പെടുത്താനും, ചിലതൊക്കെ വിട്ടുകൊടുക്കാനും, കുറച്ചുകൂടി ലാളിത്യമുള്ളവരാകാനും വേണ്ട ശക്തി നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. ഒരേ ഭവനത്തിൽ ഒരേ അൾത്താരയ്ക്ക് ചുറ്റും ദൈവത്തെ ആരാധിക്കാനുള്ള ഏക മാർഗ്ഗമായി, എളിമയ്ക്കായുള്ള ശക്തിക്കായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

ആരാധനയിൽ തിരിച്ചറിയുന്ന കഴിവുകൾ

ഒരുമിച്ച് പ്രണമിച്ച് ആരാധിച്ചതിനുശേഷം രാജാക്കന്മാർ സ്വർണ്ണവും കുന്തുരുക്കവും മീറയുമുള്ള തങ്ങളുടെ ചെപ്പുകൾ തുറക്കുന്നു. ഒരുമിച്ച് ദൈവസന്നിധിയിൽ, അവന്റെ പ്രകാശത്തിനുമുന്നിൽ പ്രാർത്ഥിക്കുമ്പോൾ മാത്രമേ നമുക്കോരോരുത്തർക്കുമുള്ള യഥാർത്ഥ നിധികൾ, കഴിവുകൾ നാം തിരിച്ചറിയുകയുള്ളൂ എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അവ, പൊതുവായ നന്മയ്ക്കായും, ദൈവജനത്തിന്റെ ഒരുമയ്ക്കായും നവീകരണത്തിനായും പരിശുദ്ധാത്മാവ് നീക്കിവച്ചിരിക്കുന്ന നന്മകളാണ്. പ്രാർത്ഥനയിലൂടെ മാത്രമല്ല, മറ്റുള്ളവർക്ക് നമ്മുടെ സമ്പത്ത് നല്കുന്നതിലൂടെയും നാം ഇത് തിരിച്ചറിയുന്നു. ആവശ്യക്കാർക്ക് നൽകുമ്പോൾ, സ്വയം ദരിദ്രനും മാറ്റിനിറുത്തപ്പെട്ടവനുമായിത്തീർന്ന യേശുവിനാണ് നാം നൽകുന്നത് (cf. Mt 25: 34-40). അതിലൂടെ നമ്മെ അവൻ ഒരുമിപ്പിക്കുന്നു.

ദൈവത്തിന് പ്രഥമസ്ഥാനം

ജ്ഞാനികൾ നൽകുന്ന സമ്മാനങ്ങൾ  കർത്താവ് നമ്മിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചുതരുന്നു. ഏറ്റവും വിലയേറിയ സ്വർണ്ണം ദൈവത്തിന് നൽകണം. അവനിലേക്കാണ്, നമ്മളിലേക്കല്ല നാം നോക്കേണ്ടത്. നമ്മുടെ ഇഷ്ടങ്ങളല്ല, അവന്റേതാണ് നോക്കേണ്ടത്. നമ്മുടേതല്ല അവന്റെ വഴികളാണ് അന്വേഷിക്കേണ്ടത്. യഥാർത്ഥത്തിൽ കർത്താവാണ് ഒന്നാം സ്ഥാനത്തെങ്കിൽ, നമ്മുടെ സഭാപരമായ തിരഞ്ഞെടുപ്പുകൾ പോലും, ഈ ലൗകികമായ ചിന്തകളെ അടിസ്ഥാനമാക്കിയായിരിയ്ക്കില്ല, മറിച്ച് ദൈവത്തിന്റെ ഹിതമനുസരിച്ചായിരിക്കും.

രണ്ടാമതായി ധൂപം. ദൈവത്തിലേക്കുയരുന്ന, ദൈവത്തിന് സ്വീകാര്യമായ സുഗന്ധമായ, പ്രാർത്ഥനയെയാണ് അത് പ്രതിനിധീകരിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടിയും അവർക്കൊപ്പവും പ്രാർത്ഥിക്കുന്നതിൽ നാം ഒരിക്കലും തളരരുത്. അവസാനമായി, കുരിശിൽനിന്നിറക്കിയ യേശുവിന്റെ ശരീരത്തെ ബഹുമാനിക്കുവാനായി ഉപയോഗിക്കുന്ന മീറ. അത്, ദരിദ്രരുടെ മുറിവേൽക്കപ്പെടുന്ന ശരീരത്തിൽ സഹിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ദരിദ്രരെ സേവിക്കുന്നതിലൂടെ സഹിക്കുന്ന യേശുവിനെ നമുക്കൊരുമിച്ച് സേവിക്കാം.

പുതിയ വഴികൾ

ജ്ഞാനികളിൽനിന്ന് നമ്മുടെ യാത്രയ്ക്കുള്ള സൂചനകളെ നമുക്ക് സ്വീകരിക്കാം; “മറ്റൊരു വഴിയിലൂടെ” വീട്ടിലേക്ക് മടങ്ങിയ അവരെപ്പോലെ നമുക്കും ചെയ്യാം (മത്തായി 2:12). ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന് മുൻപുള്ള സാവൂളിനെപ്പോലെ, നമുക്കും നമ്മുടെ വഴികൾ മാറ്റേണ്ടതുണ്ട്. നമ്മുടെ ശീലങ്ങളുടെയും സൗകര്യങ്ങളുടെയും ഗതി മാറ്റാൻ, ദൈവം കാണിച്ചുതരുന്ന, എളിമയുടെയും, സാഹോദര്യത്തിന്റെയും, ആരാധനയുടെയും മാർഗ്ഗമാണ് അത്. ഞങ്ങളുടെ പാതകൾ മാറ്റുവാനും, പരിവർത്തനം ചെയ്യപ്പെടാനും,അവസരങ്ങൾ തേടിയുള്ള ഞങ്ങളുടെ വഴികളിൽനിന്ന് മാറി നിന്റെ ഹിതം പിന്തുടരാനും, ഒരുമിച്ച്, നിന്റെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ ഒന്നായി മാറ്റുവാൻ ആഗ്രഹിക്കുന്ന നിന്നിലേക്കുള്ള വഴിയേ നീങ്ങുവാൻ ഉള്ള ധൈര്യവും നൽകണമേവും നൽകണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles