ബ്രസീലിന് മാര്‍പാപ്പായുടെ സാന്ത്വനമായി വെന്റിലേറ്ററുകളും അള്‍ട്രാസൗണ്ട് ഉപകരണങ്ങളും

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തില്‍ വിഷമിക്കുന്ന ബ്രസീലിന് ഫ്രാന്‍സിസ് പാപ്പായുടെ സാന്ത്വനം. പുതിയ വെന്റിലേറ്ററുകളും അള്‍ട്രാസൗണ്ട് സ്കാനിംഗ് ഉപകരണങ്ങളും സംഭവന ചെയ്തു കൊണ്ട് മാര്‍പാപ്പ ബ്രസീലുകാരോടുള്ള തന്റെ സ്നേഹം പ്രകടമാക്കിയത്.
ബ്രസീലിന് ഫ്രാന്‍സിസ് പാപ്പാ 18 ഡ്രാഗര്‍ ഇന്റന്‍സീവ് കെയര്‍ വെന്റിലേറ്ററുകളും ആറ് ഫുജി അള്‍ട്രാസൗണ്ട് സ്കാനറുകളും അയച്ചു കൊടുത്തുവെന്ന് ആഗസ്റ്റ് 17 ാം തീയതി നടന്ന പത്ര സമ്മേളനത്തില്‍ പേപ്പല്‍ അല്‍മോണര്‍ കര്‍ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കി പറഞ്ഞു.
കൊറോണ വൈറസിനാല്‍ വലയുന്ന ബ്രസീലില്‍ 33 ലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 17 ലെ കണക്ക് പ്രകാരം 107 852 പേര് കോവിഡ് മൂലം മരണമടഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം പേര് കൊറോണ വൈറസ് ബാധ മൂലം മരണമടഞ്ഞ രാജ്യമാണ് ബ്രസീല്‍.
ഇറ്റലിയിലെ സര്‍ക്കാരിതര സംഘടനയായ ഹോപ്പ് വഴിയാണ് ബ്രസീലിനു വേണ്ടിയുള്ള പാപ്പായുടെ സംഭാവന സാധ്യമാക്കിയതെന്ന് കര്‍ദിനാള്‍ ക്രജേവ്സ്കി അറിയിച്ചു. ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്ക്കുന്ന സംഘടനയാണ് ഹോപ്പ്.
ബ്രസീലില്‍ അവിടെയുള്ള ന്യുന്‍സിയോ തെരഞ്ഞെടുക്കുന്ന ആശുപത്രികള്‍ക്ക് മേല്പറഞ്ഞ വെന്റിലേറ്ററുകളും അള്‍ട്രാസൗണ്ട് സ്കാനറുകളും നല്‍കുമെന്നും കര്‍ദിനാള്‍ അറിയിച്ചു. ദരിദ്രരോടുള്ള ക്രിസ്തീയ സ്നേഹത്തിന്റെ പ്രകടനമായിട്ടാണ് ചികിത്സാ ഉപകരണങ്ങള്‍ കയറ്റി അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.