ഗാർഹികതയുടെ ആന്തരികതയിൽ ആവിഷ്കൃതമാകുന്ന മറിയത്തിൻറെ ഹൃദയ സൗന്ദര്യം!
മാർപ്പാപ്പാ അമലോത്ഭവത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയ്ക്ക് ഒരുക്കമായി നല്കിയ സന്ദേശം.
പരിശുദ്ധകാന്യകാമറിയത്തിൻറെ അമലോത്ഭവത്തിരുന്നാൾ ദിനത്തിലെ, ഇന്നത്തെ ആരാധനാക്രമത്തിലെ, സുവിശേഷം, ദൈവദൂതൻറെ അറിയിപ്പുണ്ടായ (ലൂക്കാ1,26-38) അവളുടെ നസ്രത്തിലെ ഭവനത്തിലേക്ക് നമ്മെ ആനയിക്കുന്നു. വീടിൻറെ ചുവരുകൾക്കുള്ളിലാണ് ഒരു വ്യക്തി മറ്റെവിടെയുമെന്നതിനെക്കാൾ നന്നായി സ്വയം ആവിഷ്ക്കരിക്കുന്നത്. ഗാർഹികയുടെ ആന്തരികതയിൽ സുവിശേഷം നമുക്ക് മറിയത്തിൻറെ ഹൃദയസൗന്ദര്യത്തെ വെളിപ്പെടുത്തുന്ന ഒരു വിശദാംശം നൽകുന്നു.
മറിയത്തെ അസ്വസ്ഥയാക്കിയ അഭിവാദനം: “പ്രസാദവര പൂരിതേ”
ദൂതൻ അവളെ സംബോധന ചെയ്യുന്നത് “കൃപ നിറഞ്ഞവളേ” എന്നാണ്. അവൾ കൃപ നിറഞ്ഞവളെങ്കിൽ, അതിനർത്ഥം മാതാവ് കന്മഷരഹിതയാണ്, അവൾ പാപമില്ലാത്തവളാണ്, നിർമ്മലയാണ്. ഈ അഭിവാദനം ശ്രവിച്ച മറിയം “വളരെ അസ്വസ്ഥ” ആയി എന്ന് വചനം പറയുന്നു. (ലൂക്കാ 1:29). അവൾ ആശ്ചര്യപ്പെടുക മാത്രമല്ല, അസ്വസ്ഥയാകുകയും ചെയ്യുന്നു. മഹത്തായ ആശംസകളും ബഹുമതികളും അഭിനന്ദനങ്ങളും ലഭിക്കുന്നത് ചിലപ്പോൾ അഹങ്കാരവും ഔദ്ധത്യവും ഉണർത്താം. ചത്വരങ്ങളിൽ അഭിവാദനങ്ങളും മുഖസ്തുതിയും ദൃശ്യപരതയും തേടിപ്പോകുന്നവരോട് യേശു മയമുള്ള നിലപാടല്ല എടുക്കുന്നതെന്ന് നമുക്ക് ഓർക്കാം (ലൂക്കാ 20:46). മറിയമാകട്ടെ സ്വയം മഹത്വപ്പെടുത്തുകയല്ല, മറിച്ച്, അസ്വസ്ഥയാവുകയാണ് ചെയ്യുന്നത്; ആനന്ദം അനുഭവിക്കുന്നതിനു പകരം അവൾ ആശ്ചര്യപ്പെടുന്നു. മാലാഖയുടെ അഭിവാദനത്തിന് താൻ യോഗ്യയല്ലെന്ന് അവൾക്കു പ്രതീതമാകുന്നു. ഇത് എന്തുകൊണ്ടാണ്? താൻ ചെറുതാണെന്ന് അവൾക്ക് അവളുടെ ഉള്ളിൽ അനുഭവപ്പെടുന്നുതിനാൽ, ഈ ചെറുമ, ഈ താഴ്മ ദൈവത്തിൻറെ നോട്ടത്തെ ആകർഷിക്കുന്നു.
മറിയത്തിൻറെ “ചെറുമ”
അങ്ങനെ നമുക്ക്, നസ്രത്തിലെ ഭവനത്തിൻറെ ചുവരുകൾക്കുള്ളിൽ, മറിയത്തിൻറെ ചിത്തത്തിൻറെ വിസ്മയകരമായ ഒരു സവിശേഷത കാണാൻ സാധിക്കുന്നു: അഭിനന്ദനങ്ങളിൽ ഏറ്റവും ഉന്നതമായത് ലഭിച്ചപ്പോൾ അവൾ അസ്വസ്ഥയാണ്, കാരണം തനിക്ക് അർഹമല്ലാത്തത് തനിക്കു ലഭിച്ചതായി അവൾ കരുതുന്നു. വാസ്തവത്തിൽ, മറിയം തനിക്ക് പ്രത്യേകാവകാശങ്ങൾ ആരോപിക്കുന്നില്ല, അവൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ല, തൻറെ യോഗ്യതയായി അവൾ ഒന്നും എടുത്തുകാട്ടുന്നില്ല. അവൾ ആത്മ സംതൃപ്തി പ്രകടിപ്പിക്കുന്നില്ല, സ്വയം ഉയർത്തുന്നില്ല. കാരണം സകലവും ദൈവത്തിൽ നിന്നാണ് താൻ സ്വീകരിക്കുന്നതെന്ന് അവളുടെ എളിമയാൽ അവൾക്കറിയാം. അതിനാൽ അവൾ അവളിൽ നിന്നു സ്വതന്ത്രയായി, പൂർണ്ണമായും ദൈവത്തിലേക്കും മറ്റുള്ളവരിലേക്കും തിരിയുന്നു. തനിക്കുവേണ്ടി മാത്രമായ നയനങ്ങൾ അമലോത്ഭവ മറിയത്തിനില്ല. ഇതാ, യഥാർത്ഥ വിനയം: തനിക്കുവേണ്ടിയല്ല, മറിച്ച് ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടിയുള്ള നയനങ്ങൾ ഉണ്ടായിരിക്കുക.
വീടിൻറെ ചുവരുകൾക്കുള്ളിൽ, താഴ്മയിൽ പ്രഖ്യാപിതമായ പൂർണ്ണത
മറിയത്തിൻറെ ഈ പൂർണ്ണത, പ്രസാദവര നിറവ്, ദൈവദൂതൻ പ്രഖ്യാപിച്ചത് അവളുടെ വീടിൻറെ ചുവരുകൾക്കുള്ളിൽ വച്ചാണെന്നത് നമുക്ക് ഓർക്കാം: അത് നസ്രത്തിലെ പ്രധാന ചത്വരത്തിൽ വച്ചായിരുന്നില്ല, മറിച്ച് രഹസ്യത്തിൽ, പരമമായ എളിമയിൽ ആയിരുന്നു. ഒരു സൃഷ്ടിക്കു ലഭിച്ച എറ്റുവും വലിയ ഹൃദയം നസ്രത്തിലെ ആ കൊച്ചുവീട്ടിൽ സ്പന്ദിച്ചു. പ്രിയ സഹോദരീ സഹോദരന്മാരേ, ഇത് നമുക്കുള്ള ഏറ്റവും തസവിശേഷമായ വാർത്തയാണ്! എന്തെന്നാൽ, കർത്താവിന്, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന്, വലിയ മാർഗ്ഗങ്ങളും നമ്മുടെ മഹത്തായ കഴിവുകളുമല്ല, മറിച്ച് നമ്മുടെ വിനയവും അവിടുന്നിലേക്കും അപരരിലേക്കും തുറവുള്ള നോട്ടവുമാണ് ആവശ്യം എന്ന്.
ദൈവം നമ്മോടൊപ്പം ദൈനംദിന ജീവിതത്തിൽ
അത് നമ്മോട് പറയുന്നു. ഒരു ചെറുവീടിൻറെ ചുമരുകൾക്കിടയിൽ നടത്തിയ ആ പ്രഖ്യാപനത്തോടെ ദൈവം ചരിത്രം മാറ്റിമറിച്ചു. ഇന്നും അവിടന്ന് നമ്മോടൊപ്പം നമ്മുടെ ദൈനംദിന ജീവിതത്തിൽ വൻ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു: കുടുംബത്തിൽ, ജോലിസ്ഥലത്ത്, അനുദിന ചുറ്റുപാടുകളിൽ. ചരിത്രത്തിലെ മഹത്തായ സംഭവങ്ങളിലേതിനെക്കാൾ, അവിടെ, ദൈവകൃപ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, ഞാൻ സ്വയം ചോദിക്കുകയാണ്, നമ്മൾ അത് വിശ്വസിക്കുന്നുണ്ടോ? അതോ, വിശുദ്ധി ഒരു സങ്കല്പം ആണെന്നും, അന്തഃസ്ഥിതർക്കു വേണ്ടിയുള്ളതെന്തോ ആണെന്നും, സാധാരണ ജീവിതവുമായി പൊരുത്തപ്പെടാത്ത ഒരു ഭക്തിഭ്രമമാണെന്നും നാം കരുതുന്നുണ്ടോ?
ആരും കൈവിടപ്പെട്ടിട്ടില്ല
നമുക്ക് നമ്മുടെ അമ്മയോട് കൃപയ്ക്കായി യാചിക്കാം: സുവിശേഷവും ജീവിതവും വേറിട്ടു നല്ക്കുന്നവയാണെന്ന തെറ്റിദ്ധാരാണാജനകമായ ആശയത്തിൽ നിന്ന് നമ്മെ വിമുക്തരാക്കുന്നതിന്, വിശുദ്ധിയുടെ ആദർശത്തിനായുള്ള ആവേശം നമ്മെ ജ്വലിപ്പിക്കുന്നതിന്, വിശുദ്ധരുടെ ചെറുചിത്രങ്ങളെയും ചെറുരൂങ്ങളെയും സംബന്ധിച്ചതല്ല, മറിച്ച് ഓരോ ദിവസവും നമുക്ക് സംഭവിക്കുന്നവയെ, നമ്മിൽ നിന്ന് വിട്ടുനിന്ന്, നമ്മുടെ നയനങ്ങൾ വിനയത്തോടെയും സന്തോഷത്തോടെയും, ദൈവത്തിലേക്കും നാം കണ്ടുമുട്ടുന്ന അയൽക്കാരനിലേക്കും തിരിച്ചുകൊണ്ട് ജീവിക്കുന്നതിന് ഉള്ള അനുഗ്രഹം അപേക്ഷിക്കാം. നാം നഷ്ടധൈര്യരാകരുത്: ദൈനംദിനജീവിതത്തിൽ വിശുദ്ധി തുന്നിച്ചേർക്കാനുള്ള നല്ലൊരു തുണി കർത്താവ് എല്ലാവർക്കും പ്രദാനം ചെയ്തിട്ടുണ്ട്! അതിൽ വിജയിക്കില്ല എന്ന സംശയം, നാം അപര്യാപ്തരാണ് എന്ന സങ്കടം നമ്മെ ആക്രമിക്കുമ്പോൾ, നമ്മുടെ അമ്മയുടെ “കരുണ നിറഞ്ഞ കണ്ണുകൾ” നമ്മുടെ മേൽ പതിയാൻ അനുവദിക്കുക, കാരണം അവളോട് സഹായം ചോദിച്ച ആരും ഒരിക്കലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല!
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.