യൗസേപ്പിന്റെ നിശ്ശബ്ദത മൗനമല്ല അത് ശ്രവണത്തിന്റെ നിറവാണ്.
മൗനത്തിൽ ദൈവസാന്നിധ്യത്തെ അനുഭവിച്ച വിശുദ്ധ യൗസേപ്പ്
സുവിശേഷങ്ങൾ വിശുദ്ധ യൗസേപ്പിന്റെ ഒരൊറ്റ വാക്കു പോലും നമുക്കായി രേഖപ്പെടുത്തുന്നില്ല. എന്നു വച്ച് അവൻ നിശ്ശബ്ദനായിരുന്നു എന്നർത്ഥമില്ല, എന്നാൽ അതിന് വളരെ ആഴമായ ഒരു അർത്ഥമുണ്ട്. ഈ മൗനം കൊണ്ട് വിശുദ്ധ വിശുദ്ധ യൗസേപ്പ്, “വചനം- മനുഷ്യനായവതരിച്ച വചനം- നമ്മിൽ വളരുന്ന അളവനുസരിച്ച് നമ്മിൽ വാക്കുകൾ ചുരുങ്ങും ” എന്നു വിശുദ്ധ അഗസ്റ്റി൯ എഴുതിയത് അന്വർത്ഥമാക്കുകയാണ്. ഇതു തന്നെയാണ് കർത്താവിന്റെ വഴിയൊരുക്കുവാൻ മരുഭൂമിയിൽ വിളിച്ചു പറയുന്ന ശബ്ദമായ സ്നാപക യോഹന്നാനും വചനത്തെക്കുറിച്ചു പറയുന്നത് :”അവൻ വളരണം ഞാൻ ചെറുതാവണം” (യോഹ3,30) എന്ന്. മാംസമായ വചനത്തിന്, യേശുവിന്റെ സാന്നിധ്യത്തിന് ഇടം നൽകാൻ വിശുദ്ധ യൗസേപ്പ് തന്റെ നിശ്ശബ്ദതയാൽ നമ്മെ ക്ഷണിക്കുന്നു.
യൗസേപ്പിന്റെ നിശ്ശബ്ദത മൗനമല്ല, ആ നിശ്ശബ്ദത ശ്രവണത്തിന്റെ നിറവാണ്, പ്രവർത്തിയുടെ നിശ്ശബ്ദത, തന്റെ ഉന്നതമായ ആന്തരീകത മുഴുവൻ വെളിപ്പെടുത്തുന്ന നിശ്ശബ്ദതയാണത്. “പിതാവ് ഒരു വാക്ക് ഉച്ചരിച്ചു, പുത്രൻ ഉണ്ടായി” – “പിന്നെ പിതാവ് സംസാരിക്കുന്നതു മുഴുവൻ നിശ്ശബ്ദതയിലാണെന്നും, ആത്മാവിന്റെ നിശ്ശബ്ദതയിൽ അവനെ ശ്രവിക്കണ”മെന്നും കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നു.
നിശ്ശബ്ദതയിൽ വചനം മുളപ്പിച്ച വിശുദ്ധ യൗസേപ്പ്
നസ്രത്തിലെ വീട്ടിലെ ഈ വിദ്യാലയത്തിൽ, മറിയത്തിന്റെയും യൗസേപ്പിന്റെയും അനുദിന മാതൃകയിലാണ് യേശു വളർന്നത്. അവൻ തന്നെ തന്റെ ദിവസങ്ങളിൽ നിശ്ശബ്ദതയ്ക്ക് സമയം കണ്ടെത്താൻ പരിശ്രമിച്ചിരുന്നതിലും (മത്താ14, 23) തന്റെ ശിഷ്യരെ ആ അനുഭവത്തിലേക്ക് ക്ഷണിച്ചതിലും അത്ഭുതപ്പെടാനില്ല. “നിങ്ങള്‍ ഒരു വിജനസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം” (മർക്കോ. 6, 31). വിശുദ്ധ യൗസേപ്പിന്റെ മാതൃകയിൽ നമുക്കോരോരുത്തർക്കും നിശ്ശബ്ദതയാൽ തുറന്നിടുന്ന ധ്യാനാത്മക ജീവിതത്തിന്റെ തലം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. എന്നാൽ അതെളുപ്പമല്ല എന്ന് അനുഭവത്തിൽ നിന്ന് നമുക്കെല്ലാവർക്കുമറിയാം. നിശ്ശബ്ദത നമ്മെ ഭയപ്പെടുത്തുന്നു, കാരണം അത് നമ്മുടെ ഉള്ളിലേക്ക് തന്നെ കടക്കാനും നമ്മിലെ ഏറ്റം സത്യമായ ഭാഗത്തെ കണ്ടു മുട്ടാനും ആവശ്യപ്പെടുന്നു. മനുഷ്യന്റെ എല്ലാ ദു:ഖങ്ങളും വരുന്നത് ഒരൊറ്റ കാര്യത്തിൽ നിന്നാണ്: ശാന്തമായി ഒരു മുറിയിൽ ഇരിക്കാൻ അറിയാത്തതിൽ നിന്ന് എന്ന് തത്വശാസ്ത്രജ്ഞനായ പാസ്കൽ നിരീക്ഷിച്ചിരുന്നു.
പ്രിയ സഹോദരീ സഹോദരന്മാരെ, വിശുദ്ധ യൗസേപ്പിൽ നിന്ന് നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ മറ്റൊരു വചനം മുളയ്ക്കുന്ന നിശ്ശബ്ദതയുടെയിടങ്ങൾ പരിപോഷിപ്പിക്കാൻ നമുക്ക് പഠിക്കാം.
നാവിന്റെ നിയന്ത്രണം
ആശങ്കകളുടേയും, പ്രലോഭനങ്ങളുടേയും, ആഗ്രഹങ്ങളുടേയും ആയിരം സ്വരങ്ങൾക്കിടയിൽ നിന്ന് നമ്മിൽ വസിക്കുന്ന പ്രത്യാശയുടെ ആ സ്വരം തിരിച്ചറിയാൻ എളുപ്പമല്ല. എന്നാൽ ഈ നിശ്ശബ്ദത ശീലമാക്കാനുള്ള പരിശീലനമില്ലെങ്കിൽ നമ്മുടെ സംസാരം പോലും രോഗബാധിതമാകും. മറിച്ച് അത് സത്യത്തെ കൂടുതൽ തിളക്കമുള്ളതാകുന്നതിനു പകരം അപകടകരമായ ഒരായുധമാക്കും. സത്യത്തിൽ നമ്മുടെ വാക്കുകൾ മുഖസ്തുതിയും, പൊങ്ങച്ചവും, നുണയും, കുറ്റം പറച്ചിലും, പരദൂഷണവുമായി മാറാം. “വാള്‍ത്തല അനേകരെ വീഴ്‌ത്തിയിട്ടുണ്ട്; നാവുകൊണ്ട് വീഴ്‌ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്.” (പ്രഭാഷകന്‍ 28:18) എന്ന് പ്രഭാഷകന്റെ പുസ്തകം പറയുന്നത് ഒരു അനുഭവമാണ്. സഹോദരനെയും സഹോദരിയേയും കുറിച്ച് കുറ്റം പറയുന്നവൻ, അയൽക്കാരനെക്കുറിച്ച് പരദൂഷണം പറയുന്നവൻ കൊലപാതകിയാണെന്ന് വളരെ വ്യക്തമായി യേശു പറഞ്ഞിട്ടുണ്ട്. (മത്താ 5, 21-22)
ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും; അതിനെ സ്നേഹിക്കുന്നവന്‍ അതിന്റെ കനി ഭുജിക്കണം (സുഭാ18:21) എന്ന് ബൈബിളിന്റെ വിജ്ഞാനം ഉറപ്പു തരുന്നു. വിശുദ്ധ യാക്കോബ് അപ്പോസ്തലൻ, തന്റെ ലേഖനത്തിൽ നിഷേധാത്മകമല്ലാത്തതും നിഷേധാത്മകവുമായ ശക്തിയുടെ ഈ പുരാതന പ്രമേയം വിശദീകരിക്കുന്നു. “സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും. [2]അതുപോലെ, നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്‍പു പറയുന്നു. [5]ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു(യാക്കോബ് 3 : 2-10.) ഇതിനാലാണ് യൗസേപ്പിൽ നിന്ന് മൗനം പരിപോഷിപ്പിക്കാൻ പഠിക്കണം എന്നു പറയുന്നത്. നമ്മുടെ ദിവസങ്ങളിൽ ആന്തരീകതയ്ക്ക് ഇടം കൊടുത്ത് നമ്മെ പുനർജനിപ്പിക്കാനും, ആശ്വസിപ്പിക്കാനും, തിരുത്താനും പരിശുദ്ധാത്മാവിന് സാധ്യത നൽകാനും നാം പഠിക്കണം. അതിൽ നിന്ന് ഹൃദയത്തിനു വരുന്ന നന്മ നമ്മുടെ നാവിനെയും, വാക്കുകളെയും എല്ലാറ്റിലുമുപരി നമ്മുടെ തിരഞ്ഞെടുപ്പുകളെയും സുഖപ്പെടുത്തും. സത്യത്തിൽ യൗസേപ്പ് നിശ്ശബ്ദതയെ പ്രവർത്തിയുമായി സംയോജിപ്പിച്ചു. അവൻ സംസാരിച്ചില്ല, എന്നാൽ പ്രവർത്തിക്കുകയും അങ്ങനെ ഒരു ദിവസം യേശു തന്റെ ശിഷ്യരോടു പറഞ്ഞ കാര്യങ്ങൾ കാണിച്ചു തരികയും ചെയ്തു.
“കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.” (മത്തായി7:21).
വിശുദ്ധ യൗസേപ്പിനോടു പ്രാർത്ഥന
“വിശുദ്ധ യൗസേപ്പേ, നിശബ്ദതയുടെ മനുഷ്യാ, സുവിശേഷങ്ങളിൽ ഒരൊറ്റ വാക്കു പോലും ഉച്ചരിക്കാത്തവനേ, വ്യർത്ഥമായ വാക്കുകളിൽ നിന്ന് നോമ്പെടുക്കാനും, കെട്ടിപ്പടുക്കുന്ന, പ്രോൽസാഹിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന വാക്കുകളുടെ മൂല്യം വീണ്ടും കണ്ടെത്താനും ഞങ്ങളെ പഠിപ്പിക്കണമെ. അപവാദവും പരദൂഷണവും പോലെ മുറിവേൽപ്പിക്കുന്ന വാക്കുകളാൽ വേദനിക്കുന്നവർക്ക് സമീപസ്ഥനായിരിക്കുകയും വാക്കുകളോടു പ്രവർത്തികളെ സംയോജിപ്പിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ!”
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്