ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: മതബോധനാദ്ധ്യാപകർ
പ്രാർത്ഥനാ നിയോഗം
“ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം: അവർ പരിശുദ്ധാത്മാവിന്റെ പ്രാഭവത്തിൽ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സർഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കട്ടെ.”
മതബോധനാദ്ധ്യാപനം ഒരു തൊഴിലല്ല; ദൈവവിളിയാണ്
വിശ്വാസത്തിന്റെ വളർച്ചയ്ക്കും, പ്രചരണത്തിനും വേണ്ടി മതബോധനാദ്ധ്യാപകർക്ക് അമൂല്ല്യമായ ഒരു ദൗത്യമുണ്ട്. മതബോധനാദ്ധ്യാപകന്റെ അൽമായ ശുശ്രൂഷ ഒരു ദൈവവിളിയാണ്, അതൊരു പ്രേഷിതത്വമാണ് എന്ന് പാപ്പാ തന്റെ വീഡിയോ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. “ഒരു മതബോധനാദ്ധ്യാപകനായിരിക്കുക എന്നതിനർത്ഥം നിങ്ങൾ ഒരു മതബോധന ഗുരുവാണ്. അല്ലാതെ നിങ്ങൾ ഒരു മതബോധന തൊഴിലാളി എന്നല്ല എന്നും ഇത് സമ്പൂർണ്ണമായ ഒരു ആയിരിക്കലാണ് എന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമുക്ക് സഹയാത്രീകരും ഗുരുക്കന്മാരുമായ നല്ല മതബോധനാദ്ധ്യാപകരെയാണ് ആവശ്യം, പാപ്പാ അറിയിച്ചു.
സർഗ്ഗാത്മകരായ മതബോധനാദ്ധ്യാപകർ
നമുക്ക് സുവിശേഷം പ്രഘോഷിക്കുന്ന സർഗ്ഗാത്മകരായ വ്യക്തികളെ ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ എന്നാൽ മൂകമായോ, ഉച്ചഭാഷിണിയിലൂടെയോ പ്രഘോഷിക്കുന്നവരെയല്ല മറിച്ച് തങ്ങളുടെ ജീവിതം കൊണ്ടും, സൗമ്യത കൊണ്ടും നവമായ ഭാഷ്യം കൊണ്ടും പ്രഘോഷിക്കുന്നവരും പുതിയ വഴികൾ തുറക്കുന്നവരുമാണാവശ്യമെന്നും വ്യക്തമാക്കി.
പല ഭൂഖണ്ഡങ്ങളിലുമുള്ള അനേകം രൂപതകളിൽ സുവിശേഷവൽക്കരണം അടിസ്ഥാനപരമായി ഒരു മതബോധനാദ്ധ്യാപകന്റെ കരങ്ങളിലാണെന്ന് വിശദീകരിച്ചു.
ആന്തരീകമായ അഭിനിവേശത്തോടെ സഭാ സേവനത്തിനായി ഈ ദൗത്യം ജീവിക്കുന്ന മതബോധനാദ്ധ്യാപകർക്ക് നമുക്ക് നന്ദി പറയാമെന്നും ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മതബോധനാദ്ധ്യാപകർ പരിശുദ്ധാത്മാവിന്റെ പ്രാഭവത്തിൽ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സർഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.