ഫ്രാന്‍സിസ് പാപ്പാ നവ വൈദികന്റെ ആശീര്‍വാദം വാങ്ങിയത് എന്തിന്?

ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു നവ വൈദികന്റെ മുന്നില്‍ ശിരസ്സു കുനിഞ്ഞു നിന്ന് ആശീര്‍വാദം വാങ്ങുന്ന സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. എന്തു കൊണ്ടാണ് താന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് അനുഗ്രഹം നല്‍കിയതെന്ന കാരണം നവ വൈദികനായ ഫാ. മാറ്റിയസ് ഹെന്റിക് തന്നെ വെളിപ്പെടുത്തി.
ആഗോളകത്തോലിക്കാ സഭ ‘നല്ലിടയന്റെ ഞായര്‍’ ആഘോഷിച്ച ഏപ്രില്‍ 25ന് വത്തിക്കാന്‍ ബസിലിക്കയിലെ തിരുപ്പട്ട സ്വീകരണ ശുശ്രൂഷയുടെ സമാപനത്തിലായിരുന്നു അസാധാരണ ആ സംഭവം. റോം രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ഒന്‍പത് നവ വൈദികരുടെയും കരംചുബിച്ച് നടന്നുനീങ്ങിയ പാപ്പ തന്റെ മുന്നിലെത്തിയപ്പോഴാണ് പാപ്പയുടെ അനുവാദത്തോടെ ഫാ. മാറ്റിയൂസ് പാപ്പയെ ആശീര്‍വദിച്ചത്. നവാഭിഷ്‌കതരായ വൈദികരുടെ കരം ചുബിക്കുന്നത് തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിലെ പ്രധാനഭാഗമാണ്.
‘പാപ്പ എന്റെ കരം ചുംബിച്ച മാത്രയില്‍ എന്റെ ആദ്യ ആശീര്‍വാദം അങ്ങേയ്ക്ക് നല്‍കട്ടെയോ എന്ന് ചോദിച്ചു. വളരെ വിനയത്തോടെ പാപ്പ തലകുനിച്ച് ആശീര്‍വാദം സ്വീകരിക്കുകയായിരുന്നു,’ ബ്രസീലില്‍നിന്നുള്ള ഫാ. മാറ്റിയസ് തുടര്‍ന്നു:’സാധാരണ ഗതിയില്‍ നവവൈദികന്‍ പ്രഥമ ആശീര്‍വാദം നല്‍കുന്നത് മാതാപിതാക്കള്‍ക്കാണ്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം എന്റെ മാതാപിതാക്കള്‍ക്ക് തിരുപ്പട്ട ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. റോം രൂപതയുടെ ബിഷപ്പുകൂടിയായ പാപ്പയാണ് എന്നെ പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തിയത്. എന്റെ മാതാപിതാക്കള്‍ എനിക്ക് ജന്മമേകി. അതുപോലെ, എന്നെ പൗരോഹിത്യത്തിലേക്ക് നയിച്ച പിതാവാണ് പാപ്പ. ആ ചിന്തയാണ്, പാപ്പയോട് അപ്രകാരമൊരു ചോദ്യം ചോദിക്കാന്‍ പ്രചോദിപ്പിച്ചത്.’
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.