സഭ ‘കൂള്‍’ അല്ല സ്നേഹമാണെന്ന് യുവജനങ്ങളോട് മാര്‍പാപ്പാ
പാനമ: മുപ്പത്തിനാലാം ലോകയുവജനസമ്മേളനത്തിലെ സ്വാഗതച്ചടങ്ങളില് സംസാരിക്കവേ തിരുസഭയെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ചു.
പത്രോസും തിരുസഭയും നിങ്ങളോടൊപ്പം നടക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിങ്ങളോട് ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്: ഭയപ്പെടേണ്ട. ഇതേ ഊര്‍ജസ്വലതയോടെ മുന്നോട്ടു പോവുക. ഈ സഭയ്ക്കു പകരം കുറേക്കൂടി കൂള്‍ ആയ, ആഘോഷപരതയുള്ള ഒരു സഭ സൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടത്. സഭ എന്നാല്‍ സ്നേഹമാണ്, പാപ്പാ പറഞ്ഞു.
യേശുവാണ് യുവജനങ്ങളേ നമ്മുടെ സ്വപ്നം, പാപ്പാ പറഞ്ഞു. കുറേ നിയമങ്ങളുടെ കൂട്ടമല്ല ക്രിസ്തുമതം. കുറേ അരുതുകളുടെ സമാഹാരവുമല്ല സഭ. യേശു നല്കിയ സ്വപ്നം പിന്തുടരുവാനുള്ള ആഹ്വാനമാണ് കത്തോലിക്കാ സഭ, പാപ്പാ വ്യക്തമാക്കി.