ഐക്യദാർഢ്യവും സഹോദര്യവും വാഴുന്ന ലോകത്തിൻറെ ശില്പികളാൻ പ്രാർത്ഥിക്കുക, പാപ്പാ!
സാഹോദര്യം സാദ്ധ്യമാണ് എന്നതിൻറെ ദൃശ്യ അടയാളമാണ് മാനവികത, നിഷ്പക്ഷത, സമഭാവന സ്വാതന്ത്ര്യം, സന്നദ്ധപ്രവർത്തനം, ഐക്യം, സാർവ്വത്രികത തുടങ്ങിയ തത്വങ്ങളാൽ പ്രചോദിതമായി റെഡ്ക്രോസ് സംഘടന നടത്തുന്ന പ്രവർത്തനങ്ങളെന്ന് മാർപ്പാപ്പാ.
ആയുധങ്ങളുടെ ഗർജ്ജനം ജനങ്ങളുടെ നിലവിളിയെയും സമാധാനാഭിവാഞ്ഛയെയും അവരുടെ ആഗ്രഹത്തെയും ഭാവിയെയും ശ്വാസം മുട്ടിക്കുന്ന എല്ലായിടങ്ങളിലും റെഡക്രോസ് സംഘടനയുടെ സാന്നിദ്ധ്യം ഇന്നലെയെന്ന പോലെ ഇന്നും ഫലപ്രദവും വിലപ്പെട്ടതുമാണെന്ന് പാപ്പാ പറഞ്ഞു.
മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന പക്ഷം ഭിന്നിപ്പുകളെ മറികടന്നും ശത്രുതയുടെ മതിലുകളെ തകർത്തും അന്ധതയിലാഴത്തുകയും അപരനെ ശത്രുവാക്കി മാറ്റുകയും ചെയ്യുന്ന സ്വാർത്ഥതാല്പര്യത്തിൻറെയും അധികാരത്തിൻറെയും യുക്തികളെ ജയിച്ചും സംഭാഷണത്തിലും സംഘാതപ്രവർത്തനത്തിലും ഏർപ്പെടുക സാദ്ധ്യമാകുമെന്ന് പാപ്പാ പ്രസ്താവിച്ചു.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയും പവിത്രമാണെന്നും ഓരോ മനുഷ്യജീവിയും ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നതിനാൽത്തന്നെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങൾ പേറുന്നുവെന്നു പാപ്പാ പറഞ്ഞു.
“എങ്ങും എല്ലാവർക്കും” എന്ന മുദ്രാവാക്യം നൂറ്റിയറുപതാം സ്ഥാപനവാർഷികാചരണത്തിനായി റെഡക്രോസ് സംഘടനയുടെ ഇറ്റാലിയൻ ഘടകം തിരഞ്ഞെടുത്തതിൻറെ പ്രസക്തിയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ഒരിടവും, അത് ലോകത്തിൻറെ ഏതൊരു കോണായാലും, സഹനത്തിൽ നിന്നു മുക്തമല്ല എന്നിതനാൽ ദേശീയ അന്തർദ്ദേശിയ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് ഐക്യദാർഢ്യം ആഗോളവത്ക്കരിക്കേണ്ടതിൻറെ ആവശ്യകതയെ “എങ്ങും” എന്ന പദം ദ്യോതിപ്പിക്കുന്നുവെന്നു പാപ്പ വിശദീകരിച്ചു. എല്ലാവർക്കും എന്ന വാക്ക് ഒരോവ്യക്തിയും ഔന്നത്യത്തിനുടമയാണെന്നും നമ്മുടെ കരുതൽ അർഹിക്കുന്നുവെന്നും സൂചിപ്പിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.