ക്രിസ്തുവുമായി കണ്ടുമുട്ടുകയെന്നാൽ ഹൃദയശാന്തി കണ്ടെത്തുകയാണ്! ഫ്രാന്സിസ് പാപ്പാ
ഭൗതികപ്രതിഭാസമല്ല, ദൈവത്തിൻറെ ഇടപെടൽ
പെസഹാ പ്രഭാതത്തിൽ “ഒരു വലിയ ഭൂകമ്പമുണ്ടായതായി സുവിശേഷകൻ മത്തായി വിവരിക്കുന്നു. വാസ്തവത്തിൽ, കർത്താവിൻറെ ഒരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി, കല്ലറയുടെ അടുത്തെത്തി, കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു” (മത്തായി 28,2). തിന്മയുടെയും മരണത്തിൻറെയും മേലുള്ള വിജയത്തിൻറെ മുദ്രയായിരിക്കേണ്ട ആ വലിയ കല്ല് കാല്പാദത്തിനടിയിൽ വച്ചു. അത് കർത്താവിൻറെ ദൂതൻറെ പാദപീഠമായി മാറുന്നു. യേശുവിൻറെ ശത്രുക്കളുടെയും പീഢകരുടെയും എല്ലാ പദ്ധതികളും പ്രതിരോധങ്ങളും വിഫലമായി. എല്ലാ മുദ്രകളും ഇല്ലാതായി. ശവകുടീരത്തിൻറെ കല്ലിൽ ഇരിക്കുന്ന മാലാഖയുടെ രൂപം തിന്മയ്ക്കെതിരെയുള്ള ദൈവത്തിൻറെ വിജയത്തിൻറെ, ഈ ലോകത്തിൻറെ പ്രഭുവിനെതിരെ ക്രിസ്തു നേടിയ വിജയത്തിൻറെ, ഇരുളിൻറെ മേൽ വെളിച്ചത്തിൻറെ ജയത്തിൻറെ സമൂർത്തവും ദൃശ്യവുമായ ആവിഷ്ക്കാരമാണ്. യേശുവിൻറെ കല്ലറ തുറക്കപ്പെട്ടത് ഒരു ഭൗതിക പ്രതിഭാസമല്ല, മറിച്ച് കർത്താവിൻറെ ഇടപെടലാണ്. മാലാഖയുടെ രൂപം, “മിന്നൽപിണർ പോലെയായിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും” (മത്തായി 28: 3) എന്ന് മത്തായി കൂട്ടിച്ചേർക്കുന്നു. ചരിത്രത്തിൻറെ അവസാന കാലത്തെ ഒരു പുത്തൻ യുഗത്തിൻറെ സംവാഹകനായ ദൈവത്തിൻറെ ഇടപെടലിനെ സ്ഥിരീകരിക്കുന്ന അടയാളങ്ങളാണ് ഈ വിവരണങ്ങൾ. കാരണം, സസ്രാബ്ദം നീളാവുന്നതും എന്നാൽ അവസാനത്തെതുമായ അന്ത്യയുഗം യേശുവിൻറെ ഉയിർപ്പോടുകൂടി ആരംഭിക്കുന്നു.
വിഭിന്നങ്ങളായ പ്രതികരണങ്ങളും പണമെന്ന ശക്തിയും
ദൈവത്തിൻറെ ഈ ഇടപെടലിനു മുന്നിൽ ഒരു ഇരട്ട പ്രതികരണം ഉണ്ടാകുന്നു. ദൈവത്തിൻറെ അത്യധികമായ ആ ശക്തിയെ നേരിടാൻ കഴിയാത്ത കാവൽക്കാരുടെതാണ് ഈ പ്രതികരണം. ആന്തരികമായൊരു ഭൂകമ്പം അവർക്കാഘാതമേല്പിക്കുന്നു. അവർ സ്തബ്ധരായി (മത്തായി 28:4). പുനരുത്ഥാനത്തിൻറെ ശക്തി, മരണത്തിൻറെ പ്രതീത വിജയം ഉറപ്പാക്കാൻ ഉപയോഗിക്കപ്പെട്ടവരെ ആഘാതമേല്പിക്കുന്നു. ഈ കാവൽക്കാർ എന്തുചെയ്യണമായിരുന്നു? തങ്ങളെ കാവലേൽപ്പിച്ചവരുടെ അടുത്തുപോയി സത്യം പറയണം. അവർ ഏതെങ്കിലും ഒന്നു തീരുമാനിക്കേണ്ടിയരിക്കുന്നു: ഒന്നുകിൽ സത്യം പറയുക, അല്ലെങ്കിൽ കാവൽ നില്ക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയവരുടെ ബോധ്യങ്ങൾക്കനുസൃതം നില്ക്കുക. ആ ബോധ്യങ്ങൾക്കനുസൃതം കാവൽക്കാരെ നിറുത്താനുള്ള ഏക മാർഗ്ഗം പണമായിരുന്നു. ഈ പാവങ്ങൾ, ദരിദ്രർ സത്യത്തെ വില്ക്കുന്നു. കാശുമേടിച്ച് കീശയിലിട്ടുകൊണ്ട് അവർ പോയി ഇങ്ങനെ പറയുന്നു: “ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിച്ചുകൊണ്ടു പോയി”. ഇവിടെപോലും, ക്രിസ്തുവിൻറെ ഉത്ഥാനസംഭവത്തിൽ, പണമെന്ന “യജമാനൻ” ഉത്ഥാനത്തെ നിരാകരിക്കാൻ അധികാരമുള്ളവനാണ്. എന്നാൽ, സ്ത്രീകളുടെ പ്രതികരണം വളരെ വ്യത്യസ്തമാണ്, കാരണം, ഭയപ്പെടരുതെന്ന പ്രസ്പഷ്ട ആഹ്വാനവുമായി കർത്താവിൻറെ ദൂതൻ അയച്ചവരാണ് അവർ: “ഭയപ്പെടേണ്ട”, നിങ്ങൾ യേശുവിനെ കല്ലറയിൽ അന്വേഷിക്കേണ്ട. അവസാനം അവർ ഭയരഹിതരായി.
ഉത്ഥിതനുമായുള്ള കൂടിക്കാഴിച പ്രദാനം ചെയ്യുന്ന ആനന്ദം
മാലഖയുടെ വാക്കുകളിൽ നിന്ന് നമുക്ക് വിലയേറിയ ഒരു പാഠം പഠിക്കാൻ സാധിക്കും: താനുമായി കണ്ടുമുട്ടുന്നവർക്ക് ജീവൻ സമൃദ്ധമായി നല്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിൽ ഒരിക്കലും തളരരുത്. ക്രിസ്തുവിനെ കണ്ടുമുട്ടുകയെന്നാൽ ഹൃദയശാന്തി കണ്ടെത്തുക എന്നാണർത്ഥം. സുവിശേഷത്തിലെ അതേ സ്ത്രീകൾ തന്നെ, പ്രാരംഭ അസ്വസ്ഥതയ്ക്ക് ശേഷം, ഗുരുവിനെ ജീവനോടെ വീണ്ടും കണ്ടെത്തിയതിൽ തീർച്ചയായും വലിയ സന്തോഷം അനുഭവിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം (മത്തായി 28:8-9). “ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഇനി മരിക്കുകയില്ല, അവിടുത്തെമേൽ മരണത്തിന് മേലിൽ അധികാരമില്ല” എന്ന സന്തോഷകരമായ പെസഹാവിളംബരം ഹൃദയങ്ങളിലും വീടുകളിലും കുടുംബങ്ങളിലും സ്വീകരിച്ചുകൊണ്ട് എല്ലാവർക്കും ഈ ആത്മീയാനുഭവം ഉണ്ടാകട്ടെയെന്ന് ഈ ഉയിർപ്പുകാലത്തിൽ ഞാൻ ആശംസിക്കുന്നു. പെസഹാവിളംബരം ഇതാണ്: “ക്രിസ്തു ജീവിച്ചിരിക്കുന്നു, ക്രിസ്തു എൻറെ ജീവിതത്തിൽ തുണയായുണ്ട്, ക്രിസ്തു എൻറെ ചാരെയുണ്ട്”. ക്രിസ്തു കടന്നുവരുന്നതിനായി എൻറെ ഹൃദയകവാടത്തിൽ മുട്ടുന്നു. ക്രിസ്തു ജീവിച്ചിരിക്കുന്നു. “കർത്താവ് ജീവിക്കുന്നു” എന്ന് ഈ ഉയിർപ്പുകാല ദിനങ്ങളിൽ ആവർത്തിക്കുന്നത് നമുക്ക് നല്ലതാണ്.
മറിയത്തിൻറെ ആനന്ദം നമ്മുടെയും
ഈ ഉറപ്പ്, ഇന്നും ഉയിർപ്പ്കാലത്തിലുടനീളവും നമ്മെ ഇങ്ങനെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു: “റെജീന ചേളി, ലെത്താരെ” (Regina Caeli, Laetare), അതായത്, സ്വർല്ലോക രാജ്ഞീ, ആനന്ദിച്ചാലും”. ഗബ്രിയേൽ ദൂതൻ ആദ്യമായി അവളെ അഭിവാദ്യം ചെയ്തത് ഇങ്ങനെയാണ്: “കൃപ നിറഞ്ഞവളേ, സന്തോഷിക്കൂ!” (ലൂക്കാ 1:28). ഇപ്പോൾ മറിയത്തിൻറെ ആനന്ദം പൂർണ്ണമാണ്: യേശു ജീവിക്കുന്നു, സ്നേഹം ജയിച്ചു. അത് നമ്മുടെയും സന്തോഷമായിരിക്കട്ടെ!
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.