യുവജനങ്ങളേ, നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരുക – ഫ്രാന്‍സിസ് പാപ്പ
ഒരു ജീവിതത്തിന്റെ വസന്തകാലമായി കണക്കാക്കാവുന്ന കാലഘട്ടമാണ് യൗവനം. പൂത്തുലഞ്ഞ് സുഗന്ധം പരത്തി സകലരേയും തങ്ങളിലേക്കാകർഷിക്കുന്ന ഒരു മനോഹരമായ പൂന്തോട്ടം പോലെയാണ് ആ സമയം. നിറയെ സ്വപ്നങ്ങളും എന്തിനും തയ്യാറുള്ള മനസ്സും, തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ധൈര്യവും, ശാരീരീക ശക്തിയും പിന്നോട്ടു വലിക്കാത്ത കാലം. യൗവനത്തെ ഇങ്ങനെയൊക്കെ വളരെ വസ്തുതാപരമായി വിവരിക്കുമ്പോഴും ഒരു കൂട്ടം യുവജനങ്ങളുടെ ബുദ്ധിമുട്ടുകൾ പാപ്പാ കാണാതെയും ഇരിക്കുന്നില്ല. ഇന്ന് നാം ചിന്തിക്കുന്ന ഖണ്ഡികയിൽ ഇക്കൂട്ടരെക്കുറിച്ചുള്ള പരാമർശമാണ് കാണാൻ കഴിയുക.
സുന്ദരമാണെങ്കിലും യൗവനം ചിലർക്ക് ചിന്താ കുഴപ്പങ്ങളുടെ ഒരു സമയം കൂടിയാണ്. അത് ഒരു വിട പറച്ചിലും ഒരു യാത്രയാകലുമാണ്. ബാല്യകൗമാരത്തിൽ നിന്നും വിട പറയേണ്ട സമയമാണ്. വിശാലമായ ലോകത്തിലേക്ക് പറക്കാൻ സ്വന്തം ചിറകുകൾ ഉപയോഗിക്കേണ്ട സമയം. സ്വന്തം കാലുകളിൽ നടക്കുകയും ജീവിതത്തെ സ്വന്തം തോളിൽ ഏറ്റെടുക്കുകയും ചെയ്യേണ്ട സമയം. അതിനാൽ തന്നെ ചിന്താക്കുഴപ്പങ്ങൾക്കും ഭയങ്ങൾക്കും ഇവിടെ ധാരാളം ഇടമുണ്ട്. ഈ ഒരു സാഹചര്യം അഭിമുഖീകരിക്കാനുള്ള വൈഷമ്യതയും തയ്യാറെടുപ്പില്ലായ്മയും മൂലം യൗവ്വനത്തെ വെറുക്കുന്ന ചിലരുണ്ടാകാം എന്ന യാഥാർത്ഥ്യത്തെ പാപ്പാ തളളിക്കളയുന്നില്ല. മനോഹരമായ യൗവനത്തെ വെറുക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നുണ്ട്.
കുട്ടികളായി തുടരാനുള്ള ആഗ്രഹം
ഒന്നാമതായി ഈ ജീവിത കാലഘട്ടത്തെ വെറുക്കുന്നവർ വളരാൻ ആഗ്രഹിക്കാത്ത വ്യക്തികളാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞായി തന്നെയിരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് യൗവനത്തെ വെറുക്കുന്നത്. മാതാപിതാക്കളുടേയും ചുറ്റുമുള്ളവരുടേയും ശ്രദ്ധാകേന്ദ്രവും സംരക്ഷണവും അനുഭവിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെയുള്ള ഒരു കാലം വിട്ടു തനിയെ ജീവിതം ഏറ്റെടുക്കേണ്ടി വരുന്നത് ഭയമായി വരുന്നതോ ബുദ്ധിമുട്ടാനുള്ള മടിയോ അലസതയോ കൊണ്ടോ ആവാം ഇക്കൂട്ടർ കൗമാരം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നത്. അതിനാൽ ഇവർ കുട്ടികളായി തന്നെ തുടരാൻ ശ്രമിക്കുന്നവരാണ്.
തീരുമാനങ്ങൾ നീട്ടിക്കൊണ്ടു പോകൽ
എന്തുകൊണ്ടാണ് ഈ പ്രവണത യുവാക്കളിൽ ഉണ്ടാവുന്നത് എന്ന ചോദ്യത്തിനും പാപ്പാ ഉത്തരം നൽകുന്നുണ്ട്. തീരുമാനങ്ങൾ എടുക്കുന്നതിലുള്ള മടിയാണ് പാപ്പാ കണ്ടെത്തുന്ന കാരണം. തീരുമാനങ്ങൾ വൈകിപ്പിക്കുകയും തങ്ങൾക്ക് വേണ്ടി മറ്റുള്ളവരെക്കൊണ്ട് അത് ചെയ്യിക്കുകയുമാണ് അവർ ചെയ്യുന്നത്. കുഞ്ഞായിരുന്നപ്പോൾ നമുക്ക് വേണ്ടി മാതാപിതാക്കൾ തിരഞ്ഞെടുപ്പുകൾ നടത്തുകയും നമ്മെ മുന്നോട്ടു കൈപിടിച്ച് നയിക്കുകയും ചെയ്തതുപോലെ എല്ലാ കാര്യങ്ങളിലും മറ്റുള്ളവർ അവർക്കായി തീരുമാനിക്കാൻ വിട്ടു കൊടുക്കുന്നവരാണവർ. യൗവനം അവരെ ഭയപ്പെടുത്തുന്നു. കാരണം അവർ സ്വയം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള സമയം അതിക്രമിച്ചു എന്ന തിരിച്ചറിവും അതിൽ മടിക്കുന്നതിലുള്ള മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും സ്വന്തം ഉള്ളിലുയരുന്ന കുറ്റബോധവും അവരെ നിഷ്ക്രിയരാക്കുന്നു.
നിർണ്ണായകതയിൽ ഭയം
നിർണ്ണായകവും അന്തിമവുമായവയോടുള്ള ഭയമാണ് തീരുമാനങ്ങളെ മരവിപ്പിക്കുന്നത്. ഒരു തീരുമാനം എപ്പോഴും ചില കാര്യങ്ങളെ വിട്ടുപേക്ഷിക്കലും ചില അവ്യക്തതകളിലേക്കും ശരിയായ ധാരണയില്ലാത്തവയിലേക്കുമുള്ള കടന്നു പോക്കാണ്. നൂറു ശതമാനവും ഉറപ്പു കിട്ടിയിട്ട് ജീവിതവഴി തിരഞ്ഞെടുക്കാൻ പ്രയാസം തന്നെയാണ്. അതിനാൽ ചില ഭാഗ്യപരീക്ഷണങ്ങൾ ജീവിതത്തിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നാമെല്ലാവരും നടത്തിയേ മതിയാവൂ. ഈ പ്രതിസന്ധി ഘട്ടം അഭിമുഖീകരിച്ചേ മതിയാവൂ. ഇതിനുള്ള ധൈര്യമാണ് യൗവനം നമ്മിൽ ഉണ്ടാക്കുന്നത്. ശാരീരിക വളർച്ചയ്ക്കൊപ്പം മനസ്സിന്റെയും ആത്മാവിന്റെയും വളർച്ചയും ആവശ്യമാണ് എന്ന് കാണിക്കുന്നതാണ് അന്തിമമായ ഒരു തീരുമാനമെടുക്കാനുള്ള പക്വതയിലെത്തുക എന്നത്. ഇക്കാര്യത്തിൽ വരുന്ന കുറവാണ് ചിലർക്കെങ്കിലും യൗവനത്തെ ഭയമാകാൻ കാരണം എന്ന് നമുക്ക് കാണിച്ചു തരികയാണ് ഫ്രാൻസിസ് പാപ്പാ.
മേൽപ്പറഞ്ഞവയ്ക്കെല്ലാം ഒരു പക്ഷേ ഒരൊറ്റ അടിസ്ഥാനമാണുള്ളത്. അത് ഉത്തരവാദിത്വമേറ്റെടുക്കാനുള്ള ഭയമാണ്. കാരണങ്ങൾ ഓരോന്നോരാന്നായി മുന്നോട്ടുവച്ച ശേഷം പരിശുദ്ധ പിതാവ് നമ്മോടു പറയുന്നത് അനന്തമായ ഒരു കാത്തിരിപ്പ് യൗവനത്തിന് അഭിലഷണീയമല്ല എന്നു തന്നെയാണ്.
യൗവനത്തിന്റെ ആകർഷണവും ഉത്തരവാദിത്വവും
യൗവനം ഒരു തിരഞ്ഞെടുപ്പിനുള്ള കാലഘട്ടമാണ്. അതിലാണ് യൗവനത്തിന്റെ ആകർഷണവും ഉത്തരവാദിത്വവുമിരിക്കുന്നത് എന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഈ കാലഘട്ടത്തിലാണ് തൊഴിൽ, സാമൂഹിക, രാഷ്ട്രീയ തലങ്ങളിലും മറ്റു സമൂലമായ രീതികളിലും യുവജനങ്ങളുടെ ജീവിതം രൂപപ്പെടുന്നത്. അതു മാത്രമല്ല സൗഹൃദങ്ങളെക്കുറിച്ചും, ബന്ധങ്ങളെ കുറിച്ചും, സ്നേഹത്തെക്കുറിച്ചും, കുടുംബം കെട്ടിപ്പെടുക്കേണ്ടതിനെക്കുറിച്ചും തന്റെ ജീവിത പങ്കാളിയെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ ചിന്തിക്കുകയും അതിനായി തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യേണ്ട സമയമാണ് യൗവനം. അതിനാൽ ഉത്തരവാദിത്വത്തോടെയുള്ള ഒരു സമീപനം ആവശ്യമാണ്. അതിന് യുവതലമുറയെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം കുടുംബത്തിനും സമൂഹത്തിനുമുണ്ട്. കാരണം യൗവനമാണ് കുടുംബത്തിന്റെയും, സമൂഹത്തിന്റെയും ഭാവിയുടെ തളിർ നാമ്പുകൾ. അവ മുരടിക്കാതിരിക്കാൻ വെള്ളവും വളവും നൽകേണ്ടതും ഒരു കൂട്ടായ്മയുടെ ഭാഗം തന്നെയാണ്. യൗവനത്തെ ഭയക്കാത്ത, വെറുക്കാത്ത ധൈര്യപൂർവ്വം പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ പ്രാപ്തമായ യുവജനം സമൂഹത്തിന്റെ തന്നെ ആരോഗ്യപരമായ ഭാവിയെ പ്രതിനിധാനം ചെയ്യുന്നു. ഇത്തരം ഒരു യൗവനം സഭയിൽ മുൻനിരയിൽ ഉണ്ടാവേണ്ടതും അനിവാര്യമാണെന്ന ബോധ്യമാണ് ഫ്രാൻസിസ് പാപ്പായുടെ മനസ്സിൽ. അതു കൊണ്ടാണ് യുവജനങ്ങളെ പ്രത്യേകവും വിശ്വാസികളുടെ യുവത്വത്തെ പരോക്ഷമായും പരിശുദ്ധ പിതാവ് ഇന്നും ജീവിക്കുന്ന യുവാവായ ക്രിസ്തുവിലേക്ക് ക്ഷണിക്കുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.