ദാമ്പത്യവിശ്വസ്തത ഒരു വിപ്ലവം തന്നെയാണെന്ന് മാര്‍പാപ്പാ
വത്തിക്കാന്‍: യേശു ക്രിസ്തു സഭയെ സ്‌നേഹിക്കുന്നതു പോലെ തന്റെ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് ഒരു വിപ്ലവകാരിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ദാമ്പത്യ വിശ്വസ്തതയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ദാമ്പത്യ അവിശ്വസ്ത പെരുകുന്ന ഈ കാലഘട്ടത്തില്‍ വിശ്വസ്തത പാലിച്ചു കൊണ്ട് വിപ്ലവം സൃഷ്ടിക്കാനാണ് ദമ്പതികളുടെ വിളി എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുകയായിരുന്നു.
സ്‌നേഹിക്കാനുള്ള വിളി വെളിപ്പെടുന്നത് വിവാഹ വിശ്വാസ്തതയിലാണ്, പാപ്പാ പറഞ്ഞു. ഭര്‍ത്താവ് ഭാര്യയെ യേശു സഭയെ സ്‌നേഹിക്കുന്നതു പോലെ സ്‌നേഹിക്കണം എന്ന് പറഞ്ഞ വി. പൗലോസ് ഒരു വിപ്ലവകാരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണത്തെ ആധാരമാക്കി സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.
ആരാണ് വ്യഭിചാരി? പാപ്പാ ചോദിച്ചു. അയാള്‍ പക്വതയില്ലാത്തവനാണ്. സ്വന്തം സുഖത്തിനു വേണ്ടി സാഹചര്യങ്ങളെ വ്യാഖ്യാനിക്കുന്നവനാണ് അയാള്‍. മനുഷ്യശരീരം സുഖത്തിനു വേണ്ടിയുള്ള ഒരു ഉപകരണമല്ല. അത് സ്‌നേഹിക്കാനുള്ള സ്ഥലമാണ്. ശരിയായ സ്‌നേഹിത്തില്‍ ആസക്തിക്ക് സ്ഥാനമില്ല, പാപ്പാ വിശദമാക്കി. വ്യഭിചാരം ചെയ്യരുത് എന്ന കല്പന എല്ലാവര്‍ക്കും ബാധകമാണ്. എല്ലാ സ്ത്രീപുരുഷന്മാര്‍ക്കുമായുള്ള ദൈവപിതാവിന്റെ വചനമാണ് അത്, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.