യേശുവിന് വേണ്ടി പീഡിപ്പിക്കപ്പെടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം
വിശുദ്ധ സ്തേഫാനോസ് ഇരുളിൽ വിളങ്ങുന്ന യേശുസാക്ഷിയാണെന്ന് മാർപ്പാപ്പാ. ക്രിസ്തുവിനെ പ്രതി ജീവൻ ബലികൊടുത്ത പ്രഥമ നിണസാക്ഷിയായ വിശുദ്ധ സ്തേഫാനോസിൻറെ തിരുന്നാൾ ദിനത്തില്‍ വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമദ്ധ്യമോപാധികളിലൂടെ നയിച്ച ത്രികാലപ്രാർത്ഥനയ്ക്കു ആമുഖമായി നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.
സ്തേഫാനോസിൻറെ മേൽ വ്യാജ കുറ്റാരോപണം നടത്തി അദ്ദേഹത്തെ നിഷ്ഠൂരം കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു എന്നനുസ്മരിച്ച പാപ്പാ, അദ്ദേഹം വദ്വേഷത്തിൻറെ അന്ധകാരത്തിൽ യേശുവിൻറെ പ്രകാശം പരത്തിയെന്നും തൻറെ ഘാതകർക്കായി പ്രാർത്ഥിക്കുകയും അവർക്കു മാപ്പുനല്കുകയും ചെയ്തുവെന്നും വിശദീകരിച്ചു.
സ്തേഫാനോസ് പ്രഥമ രക്തസാക്ഷി, അതായത്, ഇരുളിൽ വെളിച്ചം കൊണ്ടുവരുന്നതു തുടരുന്ന, തിന്മയോടു നന്മകൊണ്ട് പ്രതികരിക്കുന്നവരായ, അക്രമത്തിനും കള്ളങ്ങൾക്കും അടിയറവു പറയാത്തവരായ, വിദ്വേഷ ചുഴിയെ സ്നേഹത്തിൻറെ പ്രശാന്തതയാൽ തകർക്കുന്നവരായ, സഹോദരീസഹോദരന്മാരുടെ നിരയിൽ ആദ്യ സാക്ഷി, ആണെന്ന് പാപ്പാ പറഞ്ഞു.
ഈ സാക്ഷികളാണ് ലോകത്തിൻറെ ഇരുളുകളിൽ ദൈവത്തിൻറെ വിളക്കു തെളിക്കുന്നതെന്നും യേശുവിനെ അനുഗമിക്കലാണ് ഇത്തരം സാക്ഷികളാകാനുള്ള മാർഗ്ഗമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ലോകത്ത് ദുഷ്ടത വ്യാപിക്കുമ്പോൾ നന്മയുടെ ഈ സാക്ഷ്യങ്ങൾ യഥാർത്ഥത്തിൽ ആവശ്യമാണോ? പ്രാർത്ഥിക്കുന്നതിൻറെയും ക്ഷമിക്കുന്നതിൻറെയും പ്രയോജനം എന്താണ്? സൽമാതൃക നല്കിയാൽ മാത്രം മതിയോ? തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നേക്കാമെന്നും പാപ്പാ പറയുന്നു.
എന്നാൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പാപ്പാ പൗലോസിൻറെ മാനസാന്തരത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശദീകരിക്കുന്നു.
പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും മാപ്പുനല്കുകയും ചെയ്യുന്ന എളിയവരുടെ ധീരതയിലൂടെ ദൈവം ചരിത്രത്തെ നയിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ദൈനംദിന സാധാരണ കൃത്യങ്ങളിലൂടെ ജീവിതത്തെ നാം അസാധരണ പ്രവർത്തിയാക്കി മാറ്റണമെന്നതാണ് ദൈവഹിതം എന്ന് ഉദ്ബോധിപ്പിച്ചു.
യേശുവിനെ പ്രതി പീഢനങ്ങളേല്ക്കുന്നവർക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും, ദൗർഭാഗ്യവശാൽ പീഢിതർ നിരവധിയാണെന്ന് അനുസ്മരിക്കുകയും ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.