ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കു സഹായം നിഷേധിക്കുന്ന പാക്ക് നടപടിക്ക് യുഎസ് വിമര്‍ശനം
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സഹായം എത്തിക്കുന്നതില്‍ അനീതി കാണിക്കുന്ന പാക്കിസ്ഥാന് നടപടിയെ ശക്തമായി വിമര്‍ശിച്ച് യുഎസിലെ മതസ്വാതന്ത്ര്യ കമ്മീഷന്. ന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണസഹായം നല്‍കുന്നത് പാക്കിസ്ഥാനിലെ സഹായ സംഘങ്ങള്‍ വിലക്കി എന്ന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് യുഎസ് കമ്മീഷന്റെ വിമര്‍ശനം.
‘ഈ പ്രവൃത്തി നിന്ദ അര്‍ഹിക്കുന്നതാണ്. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ ദുര്‍ബലവിഭാഗങ്ങള്‍ വിശപ്പുമായി മല്ലിടുകയും തങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷയും ഭക്ഷണവും ഉറപ്പു വരുത്താന്‍ പാടുപെടുകയാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് മതന്യൂന പക്ഷങ്ങള്‍ക്കും തുല്യമായി ഭക്ഷണം വിതരണം ചെയ്യാന്‍ ഞങ്ങള്‍ പാക്കിസ്ഥാനി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു’ കമ്മീഷനര്‍ അരുണി ഭാര്‍ഗവ ആവശ്യപ്പെട്ടു.
കറാച്ചിയിലെ സല്യാനി വെല്‍ഫെയര്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ് എന്ന ഒരു സര്‍ക്കാരിതര സഹായ സംഘടന ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ഭക്ഷണം നല്‍കുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷണം മുസ്ലിങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നാണ് അവരുടെ വാദം.