പാദ്രേ പിയോ കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്ന സാഹചര്യം എന്താണ്?
1903 ജനുവരി ആറാം തീയതി , ഫ്രാന്‍സിസ്‌ക്കോ (പാദ്രേ പിയോ) ഇടവകപ്പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും യാത്രാമംഗളം ആശംസിക്കാന്‍ വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഓരോരുത്തരേയും കെട്ടിപ്പിടിച്ച് ചുംബിച്ചു. ആശീര്‍വ്വാദത്തിനായി അമ്മയുടെ മുന്നില്‍ മുട്ടുകുത്തി നിന്നു. വികാരിയച്ചന്റേയും ഗുരുനാഥന്റേയും അനുഗ്രഹാശംസകളോടെ അദ്ദേഹം മാര്‍ക്കോണെയിലെ കപ്പുച്ചിന്‍ ആശ്രമത്തിലേക്ക് യാത്ര തിരിച്ചു.
വിതുമ്പിക്കരഞ്ഞുകൊണ്ട് വീടുവിട്ടിറങ്ങിയ ആ രംഗത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും ഓര്‍മ്മിച്ചിരുന്നു. ‘ആ നിമിഷങ്ങളില്‍ എന്റെ അമ്മ വളരെയധികം വേദനിച്ചു . ഞാന്‍ യാത്ര ചോദിച്ചപ്പോള്‍ അമ്മ എന്നോടു പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇന്നും സ്മരിക്കുന്നു . മോനേ , ഹൃദയം നുറുങ്ങുന്നതുപോലെ എനിക്ക് തോന്നുന്നു. എങ്കിലും സാരമില്ല. വി.ഫ്രാന്‍സിസ് നിന്നെ വിളിച്ചിരിക്കയാണല്ലോ, നീ തീര്‍ച്ചയായും യാത്ര തിരിക്കുക’.
പിയെത്രല്‍ചിനായില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലെയാണ് മാര്‍ക്കോണ കപ്പൂച്ചിന്‍ സന്ന്യാസാശ്രമം. ഫ്രാന്‍സിസ്‌കോ ആശ്രമത്തിലെത്തി . വാതിലില്‍ മുട്ടി. വാതില്‍ തുറന്ന വ്യക്തിയെക്കണ്ടപ്പോള്‍ ഫ്രാന്‍സിസ്‌കോയുടെ മിഴികള്‍ സന്തോഷംകൊണ്ടു നിറഞ്ഞുതുളുമ്പി, കപ്പൂച്ചിന്‍ സഭയിലേക്ക് തന്നെ ആകര്‍ഷിച്ച ബ്രദര്‍ കമില്ലോയാണ് വാതില്‍ തുറന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയത്. വിനീതനും , ഭിക്ഷാംദേഹിയും മറ്റുള്ളവര്‍ക്ക് സന്മാതൃക നല്‍കുന്നവനുമായ കമില്ലോ സഹോദരന്‍. പിയെത്രല്‍ചിനായില്‍ ഭിക്ഷാടനത്തിനെത്തി യിരുന്ന ഇദ്ദേഹത്തിന്റെ രൂപഭാവങ്ങളും സ്വഭാവവൈശിഷ്ട്യവുമായിരുന്നു ഫ്രാന്‍സിസ്‌ക്കോയെ കപ്പുച്ചിന്‍ സന്ന്യാസവൈദികനാകാന്‍ പ്രേരിപ്പിച്ചത്. ഉത്തമ ഫ്രാന്‍സിസ്‌കന്‍ അനുയായിയായ ഇദ്ദേഹത്തിന്റെ വ്യക്തിത്വം ഫ്രാന്‍സിസ്‌കോയുടെ ഹൃദയം കവര്‍ന്നു.
ബ്രദര്‍ കമില്ലായ്ക്കും സന്തോഷം അടക്കാനായില്ല. അദ്ദേഹം ഫ്രാന്‍സിസ്‌ക്കോയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ‘ഫ്രാന്‍സിസ്‌ക്കോ കയറിവരൂ . നീ വി.ഫ്രാന്‍സിസ് അസ്സീസിയുടെ വിശ്വസ്തുശിഷ്യനായിത്തീരും’. അദ്ദേഹം അവനെ സെന്റ് ഏലിയായിലെ ഫാ. ഫ്രാന്‍സിസ്‌കോ മരിയായ്ക്കും , നൊവിഷ്യറ്റ് മാസ്റ്ററായ ഫാ. തോമാസ്ലോയ്ക്കും പരിചയപ്പെടുത്തി.
വി. പാദ്രേ പിയോയേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.