പാദ്രേ പിയോ ആ പേര് സ്വീകരിച്ചതെങ്ങനെ?
![](https://www.mariantimesworld.org/wp-content/uploads/2020/09/Padrepio-7-1.jpg)
പിയോ എന്ന പേര് സ്വീകരിക്കുന്നു
സഭയിലെ നിയമപ്രകാരമുള്ള ധ്യാനത്തിനുശേഷം ജനുവരി ഇരുപത്തിരണ്ടിന് ഫ്രാന്‍സിസിന് നോവീസിന്റെ വസ്ത്രം നല്കപ്പെട്ടു. അന്ന് ഫ്രാന്‍സിസ് എന്ന പേരു മാറ്റി പിയോ എന്ന പേര് സ്വീകരിച്ചു. കുടുംബപേരിന് പകരം ജന്മനാടിന്റെ പേരും. തിരുപ്പട്ടസ്വീകരണംവരെ ബ്രദര്‍ പിയോ പിയെത്രെള്‍ചിനാ എന്നാണറിയപ്പെട്ടിരുന്നത്. പരിശീലനകാലഘട്ടത്തില്‍ അനുസരണത്തിലും വിധേയത്വത്തിലും ആത്മസംയമനം കാണിക്കുന്നതിലും ഈ വൈദികവിദ്യാര്‍ത്ഥി മുന്‍പന്തിയിലായിരുന്നു. നൊവിഷ്യേറ്റ് വര്‍ഷാവസാനത്തില്‍ പിയോ പ്രഥമവ്രതവാഗ്ദാനം നടത്തി.
നിത്യവ്രത സ്വീകരണം
1904ല്‍ പട്ടണത്തില്‍ നിന്ന് ഒറ്റപ്പെട്ടു നില്ക്കുന്ന വി. ഏലിയാ പിയസ്സിനി എന്ന ആശ്രമത്തിലേക്ക് അയയ്ക്കപ്പെട്ടു. 1907ല്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ നിയമാവലിപ്രകാരം ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങള്‍ നിത്യമായി സ്വീകരിച്ചു. തുടര്‍ന്ന് പ്രവിശ്യയിലെ പല ഭവനങ്ങളില്‍ നിന്നായി ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1908ല്‍ ബെനവെണോ കത്തീഡ്രലില്‍വച്ച് ആദ്യപട്ടങ്ങള്‍ സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം സബ്ഡീക്കന്‍ പട്ടവും. ഈ കാലഘട്ടങ്ങളിലെല്ലാം അവന്റെ പ്രധാനസവിശേഷത നീണ്ട മണിക്കുറുകള്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചിരുന്നു എന്നതാണ്.
പിയോ അച്ചന്
ഒരു ദൈവവും, ഒരു ക്രിസ്തുവും, പത്രോസ് ആദ്യമേ സ്ഥാപിച്ച ഒരു മെത്രാസനവും മാത്രമേ ഉള്ളു. വേറൊരു ബലിപീഠമോ പൗരോഹിത്യമോ സ്ഥാപിക്കാവുന്നതല്ല. (വിശുദ്ധ സിപ്രിയന്). പിയോയുടെ ആരോഗ്യനില അത്ര നല്ലതല്ലായിരുന്നു. പല സന്ദര്‍ഭങ്ങളിലും അദ്ദേഹം വീട്ടിലേക്കയ്ക്കപ്പെട്ടു. 1909മെയ് മാസത്തില്‍ രോഗം മൂര്‍ച്ഛിച്ചു. ഡോക്ടര്‍മാര്‍ക്ക് രോഗമെന്താണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ഷയരോഗമാണോ എന്ന ഭീതി മേലധികാരികളിലുമുണ്ടായി. അതിനാല്‍ മറ്റു കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ കൂടി പരിഗണിച്ച് ഡീക്കന്‍ വീട്ടിലേക്ക് അയയ്ക്കപ്പെട്ടു. ദൈവത്തിന്റെ പ്രത്യേക ഇടപെടല്‍ നിമിത്തം 1909ല്‍ സഭയില്‍ പ്രത്യേകനിയമം വന്നു. ഈ നിയമപ്രകാരം, സ്വകാര്യമായി വൈദികപട്ടത്തിനൊരുങ്ങുവാന്‍ പിയോയ്ക്ക് അനുമതി കിട്ടി. 1910 ഓഗസ്റ്റ് 10ാം തിയതി ബെനവെണോ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. അതിനുശേഷം അദ്ദേഹം പാദ്രെ പിയോ (പിയോ അച്ചന്) എന്നറിയപ്പെടാന്‍ തുടങ്ങി. പാദ്രെ പിയോയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. ശക്തമായ നെഞ്ചുവേദനയും, തലവേദനയും, വാതവും പനിയും, കൂടെക്കൂടെ അദ്ദേഹത്തെ അലട്ടി. ഈ രോഗത്തിന്റെ നടുവിലും പ്രാര്‍ത്ഥനയ്ക്കും, ധ്യാനത്തിനും, പഠനത്തിനും കുറവൊന്നും വരുത്തിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക അവനോടുകൂടി സഹിക്കുക എന്നത് മാത്രമായിരുന്നു ഈ പുരോഹിതന്റെ ആഗ്രഹം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.