മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പത്താം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പത്താം ദിവസം ~
പ്രിയ മക്കളെ, ഒരു കാര്യം ഓര്‍മിക്കണം. എന്റെ വിമലഹൃദയത്തോടുള്ള യഥാര്‍ത്ഥ ഭക്തി ആന്തരികമാണ്. അത്, നിങ്ങളുടെ ഹൃദയത്തില്‍ നിന്നുവന്ന് മനസ്സില്‍ വേരുപാകുന്നു. പ്രതിഷ്ഠയുടെ പൂര്‍ണ്ണത എന്നുവച്ചാല്‍, നിങ്ങളുടെ അമ്മയില്‍ ശിശുസഹജമായ വിശ്വാസം. ഈ വിശ്വാസം, നിങ്ങളുടെ ആത്മാവിനെ ലാളിത്യത്തോടും ആശ്രയബോധത്തോടും മൃദുലതയോടും കൂടി എന്റെ വിമലഹൃദയത്തോടു ചോദിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങള്‍ എല്ലാ സമയത്തും ഏതു സാഹചര്യങ്ങളിലും എല്ലാറ്റിലും ഉപരിയായി എന്നോട് അഭ്യര്‍ത്ഥിക്കും. നിങ്ങളുടെ സംശയത്തില്‍ വെളിച്ചമായും, അലച്ചിലുകളില്‍ യഥാസ്ഥാനത്തെത്തിക്കുവാനും, പ്രലോഭനങ്ങളില്‍ ശക്തിപ്പെടുത്തുവാനും, ബലഹീനതകളില്‍ ശക്തിയായും, വീഴ്ചകളില്‍ നിങ്ങളെ ഉയര്‍ത്തുവാനും, നിരുത്സാഹപ്പെടുമ്പോള്‍ ആശ്വസിപ്പിക്കാനും, ജീവിതത്തിന്റെ കുരിശുകളിലും ദുഃഖങ്ങളിലും മഹാദുരിതങ്ങളിലും നിങ്ങളെ ആലിംഗനം ചെയ്ത് ധൈര്യപ്പെടുത്തി അതെല്ലാം സ്വീകരിക്കാനും അതിജീവിക്കാനുള്ള കൃപയും ശക്തിയും നിങ്ങള്‍ക്ക് ലഭിക്കും.
ഈ നിമിഷങ്ങളെല്ലാം എന്റെ ഹൃദയത്തിലെ ആഴമായ സ്‌നേഹത്തില്‍ നിന്നുമാണ്. എന്റെ പ്രിയപ്പെട്ടവരെ, വരുവിന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കൃപകള്‍ പെറുക്കിയെടുക്കാം. പരിശുദ്ധാത്മാവിനു നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുവാന്‍ തുറന്നുകൊടുക്കുവിന്‍. കൈകള്‍ വിരിച്ചുപിടിച്ച് അവന്റെ രാജകീയ ആഗ്രഹങ്ങള്‍ക്കു ഹൃദയം തുറന്നുകൊടുക്കുവിന്‍.
നേര്‍വഴി നയിക്കല്‍: യേശുവിന്റെയും മറിയത്തിന്റെയും ഇരുഹൃദയങ്ങളുടെ ഭരണത്തിന്റെ മദ്ധ്യേയാണു ദൈവികമായ രക്ഷാകര പ്രവൃത്തി സ്ഥിതി ചെയ്യുന്നത്. ഈ പ്രവൃത്തിയുടെ ഏക ലക്ഷ്യം ആത്മാക്കളെ ഐക്യപ്പെടുത്തുക മാത്രമാണ്. ദൈവികമായ ഐക്യത്തിനു വേണ്ടിയാണ്, പരിശുദ്ധാത്മാവ് ഹൃദയത്തിലേക്ക് കടന്നു വരുന്നത്. അങ്ങനെ, നമ്മുടെ ഹൃദയത്തില്‍ ഈ ആകര്‍ഷണം ഉണ്ടാകുമ്പോള്‍ യേശുമറിയത്തിന്റെ ഇരുഹൃദയങ്ങള്‍ ഒന്നിക്കുകയും ആ ഐക്യം രക്ഷാകര പ്രവര്‍ത്തിയും സഹരക്ഷക പ്രവര്‍ത്തിയും കൊണ്ടുവരികയും ചെയ്യുന്നു. പ്രതിഷ്ഠയുടെ യഥാര്‍ത്ഥ ലക്ഷ്യം ഇതാണ്.
പ്രതിഷ്ഠയിലൂടെ, പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ യേശുവിനെ സ്വീകരിക്കാന്‍ ഒരുക്കുന്നു. അതേസമയം മറിയത്തിന്റെ സഹരക്ഷക ശക്തിയും നമുക്കു ലഭിക്കുന്നു. ഇതാണ് ഒരാത്മാവിനെ ഫലം പുറപ്പെടുവിക്കുവാന്‍ കെല്‍പ്പുള്ളതാക്കുന്നത്. ഇരുഹൃദയങ്ങളുടെ ഐക്യത്തില്‍ നമ്മുടെ ഹൃദയത്തെ കൂട്ടിച്ചേര്‍ത്ത് മൂന്നു ഹൃദയങ്ങളുടെ ഐക്യം സ്ഥാപിതമാക്കുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശം: ഹൃദയത്തിന്റെ ഏകാന്തത എന്നുവച്ചാല്‍ എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. നമ്മുടെ ഹൃദയത്തില്‍നിന്ന് ദൈവത്തിനു വേണ്ടിയല്ലാത്തതെല്ലാം എടുത്തുമാറ്റി അവന്റെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുക എന്നതാണ്. ചുരുക്കത്തില്‍ ആത്മാര്‍ത്ഥതയോടെ നമുക്കു ഇങ്ങനെ പറയാന്‍ സാധിക്കട്ടെ. ‘എന്റെ ദൈവമെ, വേറെ ഒന്നിനെയും ഞാന്‍ ആഗ്രഹിക്കുന്നില്ല, നിന്നെ മാത്രം.’ എല്ലാറ്റില്‍ നിന്നും നമ്മെ വേര്‍പെടുത്തി, അവനെ മാത്രം അന്വേഷിച്ചാല്‍ അവന്റെ ഹൃദയം നമുക്കു ലഭിക്കും. ദൈവത്തെ അനുഭവിക്കാതെ ഒരാത്മാവിനും ദൈവത്തെ അന്വേഷിക്കുവാനും കണ്ടെത്തുവാനും സാധിക്കുകയില്ല. ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കുന്ന ആത്മാവ്, ലോകത്തോടുള്ള മൈത്രി തന്റെ ഹൃദയത്തില്‍ നിന്നും എടുത്തുമാറ്റണം. ദൈവവുമായി ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന ആത്മാവ് തന്റെ ഹൃദയത്തെ ദൈവത്തില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് തുറന്ന ഹൃദയവുമായി കാത്തിരിക്കണം.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, എല്ലാറ്റിലും ദൈവത്തെ കാണുവാനും, ഏകാന്തതയില്‍ ദൈവത്തെ കണ്ടുമുട്ടുവോളം എന്റെ ഹൃദയത്തെ നയിക്കണമെ. എന്റെ പ്രതിഷ്ഠയില്‍ എന്റെ ഹൃദയം ഏകാന്തതയില്‍ യേശുവിന്റെ സമാധാനം അനുഭവിക്കുവാന്‍ എന്നെ സഹായിക്കണമെ. പരിശുദ്ധാത്മാവാകുന്ന അഗ്നി ലോകത്തോടുള്ള എല്ലാ മൈത്രിയേയും കത്തിച്ചാമ്പലാക്കട്ടെ. ഓ മരിയേ, എന്റെ അമ്മേ, എന്റെ ആശ്രയമെ, പരസംസര്‍ഗ്ഗം ഇഷ്ടപ്പെടാത്ത കൃപ എനിക്കു വാങ്ങി തരണമെ.
‘എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍, നീ മുറിയില്‍ കടന്നു കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക, രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും.’ മത്താ. 6:6
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.