മാതാവിന്റെ മൂന്നു വിശേഷണങ്ങള്‍ കൂടി ലുത്തിനിയയില്‍ ചേര്‍ക്കാന്‍ വത്തിക്കാന്‍ ഉത്തരവ്
വത്തിക്കാന്‍ സിറ്റി: ലൊറേറ്റോ ലുത്തിനിയ എന്ന് അറിയപ്പെടുന്ന പരിശുദ്ധ മാതാവിന്റെ ലുത്തിനിയയില്‍ മാതാവിന്റെ മൂന്നു വിശേഷണങ്ങള്‍ കൂടി ചേര്‍ക്കാനുള്ള അപേക്ഷയ്ക്ക് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്കി.
ജൂണ്‍ 20 ന് ലോകമെമ്പാടുമുള്ള മെത്രാന് സമിതികളുടെ പ്രസിഡന്റുമാര്‍ക്ക് അയച്ച കത്തില്‍ കോണ്ഗ്രിഗേഷന് ഓഫ് ഡിവൈന്‍ ലിറ്റര്‍ജി പ്രീഫെക്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ ഇക്കാര്യം അറിയിച്ചു. കരുണയുടെ മാതാവ് എന്നര്‍ത്ഥം വരുന്ന മാത്തര്‍ മിസരികോര്ദിയേ, പ്രത്യാശയുടെ മാതാവ് എന്നര്‍ത്ഥം വരുന്ന മാത്തര്‍ സ്പെയ്, കുടിയേറ്റക്കാരുടെ മാതാവ് എന്നര്‍ത്ഥം വരുന്ന സാലാസിയും മിഗ്രാന്സിയും എന്നീ വിശേഷണങ്ങളാണ് ലുത്തിനിയയില്‍ പുതുതായി ചേര്‍ക്കുക.
‘ക്രിസ്തീയ ഭക്തിയുടെ അടയാളമായിനൂറ്റാണ്ടുകളായി പരിശുദ്ധ കന്യാമാതാവിനായി സംവരണം ചെയ്യപ്പെടുന്ന സംജ്ഞകളും സംബോധനകളും എണ്ണമറ്റതാണ്. യേശുവുമായി മുഖാമുഖം കാണാനുള്ള ഏറ്റവും ഉറപ്പായ വഴിയാണ് പരിശുദ്ധ കന്യമാതാവിനോടുള്ള ഭക്തി’ കര്‍ദിനാള്‍ സാറാ പറഞ്ഞു.
‘അനിശ്ചിതത്വവും മന്ദഭക്തിയും നിറഞ്ഞ ഈ കാലഘട്ടത്തില്‍ പോലും ദൈവജനം പരിശുദ്ധ കന്യമാതാവിനോടുള്ള ഭക്തയില്‍ ഉറച്ചു നില്ക്കുന്നു’ കര്‍ദിനാള്‍ പറഞ്ഞു.
16 ാം നൂറ്റാണ്ടു മുതലാണ് ലൊറേറ്റോ ലുത്തിനിയ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചു അനുഷ്ഠിച്ചു പോരുന്നത്.