സിസിലിയിലെ താഴ്‌വരയിലെ മാതാവ്
സിസിലിയില്‍ താഴ്‌വരയിലെ മാതാവ് എന്നൊരു മരിയഭക്തിയുണ്ട്. ഹരിതാഭമായ താഴ്‌വരയിലെ മാതാവ് എന്നും ഈ മരിയഭക്തി അറിയപ്പെടുന്നു. എഡി 1040 ലാണ് ഈ മരിയഭക്തി ആരംഭിച്ചത്.
പാരമ്പര്യം അനുസരിച്ച്, ഡയണീഷ്യസ് എന്നൊരു കൊള്ളക്കാരന്‍ സിസിലി ദ്വീപിലെ സമ്പത്ത് കണ്ട് മോഹിതനായി കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ അവിടെ തങ്ങി. ക്രൂരനായ ആ കൊള്ളക്കാരന് മനുഷ്യനെ ആക്രമിച്ചു കൊല്ലാനും കൊള്ളയടിക്കാനും യാതൊരു മടിയുമില്ലായിരുന്നു.
ഒരിക്കല്‍, ഒരു ഗുഹ ഡയനീഷ്യസ് ഒളിത്താവളമായി കണ്ടെത്തി. ഇവിടെ നിന്നുകൊണ്ടാണ് തന്റെ ക്രൂരകൃത്യങ്ങള്‍ക്ക് അയാള്‍ നേതൃത്വം നല്‍കിയത്.
അക്കാലത്ത് കറ്റാനിയയില്‍ ഗൈല്‍സ് എന്നൊരാള്‍ ജീവിച്ചിരുന്നു. തന്റെ കച്ചവടാവശ്യത്തിനായി അയാള്‍ക്ക് ഡയനീഷ്യസ് താമസിച്ചിരുന്ന അസി എന്ന സ്ഥലം വഴി പോകേണ്ടിയിരുന്നു. വലിയ മരിയഭക്തനായിരുന്നു, ഗൈല്‍സ്. തന്റെ അപകടം പിടിച്ച യാത്രയില്‍ തനിക്ക് മാതാവ് സംരക്ഷണം നല്‍കും എന്ന് അയാള്‍ ഉറപ്പായി വിശ്വസിച്ചിരുന്നു.
അങ്ങനെ ഗൈല്‍സ് എറ്റ്‌നാ പര്‍വതത്തിനു കീഴിലുള്ള വനത്തിലൂടെ പോകുമ്പോള്‍ ഒരു കൊള്ളക്കാരന്‍ അയാളുടെ മുന്നിലേക്ക് ഒരു കഠാരയുമായി ചാടി വീണു. പെട്ടെന്ന് ഭൂമി കുലുങ്ങുകയും ഒരു വലിയ പ്രകാശം മിന്നുകയും അതില്‍ നിന്ന് ഒരു സ്ത്രീശബ്ദം മുഴങ്ങുകയും ചെയ്തു. ‘ഡയനീഷ്യസ്, ഡയനീഷ്യസ്, എന്റെ ഭക്തനെ തൊട്ടു പോകരുത്!’
അത് കേട്ടപ്പോള്‍ കൊലയാളിയുടെ കരങ്ങള്‍ മരവിച്ചു പോയി. അയാള്‍ ആ പ്രകാശത്തിലേക്ക് നോക്കി. നീ ആയുധം താഴെയിട്ട് കൊള്ള അവസാനിപ്പിക്കുക! എന്ന് ആ സ്ത്രീശബ്ദം പറഞ്ഞു.
തന്റെ ദുഷ്പ്രവര്‍ത്തികളെല്ലാം ആ നിമിഷം ഡയനീഷ്യസ് കണ്ടു. തന്റെ കഠാര വലിച്ചെറിഞ്ഞ് അയാള്‍ തന്റെ തെറ്റുകളും പാതകങ്ങളും ഏറ്റു പറഞ്ഞു. ഗൈല്‍സിന്റെ പാദങ്ങളില്‍ വീണ് അയാള്‍ മാപ്പു ചോദിച്ചു.
ഗുഹയിലേക്ക് മടങ്ങിപ്പോയ ഡയനീഷ്യസ് അവിടെ കിടന്ന് തന്റെ പാപങ്ങളോര്‍ത്ത് അനുതാപത്തോടെ കരഞ്ഞു. അയാളുടെ ഹൃദയപരമാര്‍ത്ഥത കണ്ട് മനസ്സലിഞ്ഞ മാതാവ് അയാളെ സമാശ്വസിപ്പിച്ചു. വാല്‍വേര്‍ഡി കുന്നിന്‍മേലെ ഒരു പള്ളി പണിയാന്‍ മാതാവ് അയാളോട് ആവശ്യപ്പെട്ടു.
നടന്ന സംഭവങ്ങളെല്ലാം നാട്ടില്‍ പാട്ടായി. വിശ്വാസികള്‍ കൂട്ടമായി വാല്‍വെര്‍ഡി കുന്നിലേക്ക് പ്രദക്ഷിണമായി എത്തി. കുന്നിന്‍ മുകളില്‍ ശബ്ദമുണ്ടാക്കി കൊണ്ട് പറക്കുന്ന കൊറ്റിക്കൂട്ടത്തെ അവര്‍ കണ്ടു. അതൊരു അടയാളമായി സ്വീകരിച്ച് ആ സ്ഥലത്ത് സന്യാസിയായി മാറിയ ഡയനീഷ്യസ് പള്ളി പണിയാന്‍ ആരംഭിച്ചു.
വെള്ളത്തിന് കുറവു മൂലം പണിക്ക് തടസ്സം വന്നപ്പോള്‍ ഡയനീഷ്യസ് മാതാവിന്റെ സഹായം യാചിച്ചു. അപ്പോള്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ട് ഒരു കൂന്താലി കൊണ്ട് പാറയുടെ താഴെ വെട്ടാന്‍ ഡയനീഷ്യസിനോട് ആവശ്യപ്പെട്ടു. അയാള്‍ അപ്രകാരം ചെയ്തപ്പോള്‍ അവിടെ നിന്ന് ജലം ധാരയായി നിര്‍ഗളിച്ചു. അത് സൗഖ്യം നല്‍കുന്ന ജലസ്‌ത്രോതസ്സായി തീര്‍ന്നു. ജനങ്ങള്‍ പള്ളി പണിക്ക് സഹായഹസ്തവുമായി എ്ത്തുകയും രണ്ടു വര്‍ഷം കൊണ്ട് പള്ളി പണി പൂര്‍ത്തിയാകുകയും ചെയ്തു.
ഒരു രാത്രി ഡയനീഷ്യസ് പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ ശക്തമായ ഒരു വെളിച്ചം ആകാശത്തില്‍ നിന്നുണ്ടായി. അതിനുള്ളലില്‍ മാലാഖമാരാല്‍ പരിസേവിതയായി മാതാവ് പ്രത്യക്ഷപ്പെട്ടു. മേഘം ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ പള്ളിയുടെ തൂണില്‍ മാതാവിന്റെയും ഉണ്ണിയുടെയും രൂപം പതിഞ്ഞതായി കാണായി. ഈ രൂപമാണ് ഇന്ന് സിസിലിയിലെ താഴ്‌വരയിലെ നാഥ എന്നറിയപ്പെടുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.