മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്തിയെട്ടാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്തിയെട്ടാം ദിവസം ~
പ്രിയ മക്കളെ, ഈ ദിവസങ്ങളില്‍ നിങ്ങളില്‍നിന്നും ഞാന്‍ വലിയ പ്രതീക്ഷ കൊണ്ടുനടക്കുകയാണെന്നറിയാമല്ലോ. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. പ്രതിഷ്ഠയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹം പ്രകാശത്തിലേക്കു കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഇതുവഴി കൃപയുടെ പ്രകാശത്തെ എന്റെ മക്കളിലേക്കു ചൊരിയാന്‍ ഞാന്‍ കാത്തിരിക്കുന്നു. ഹൃദയത്തിന്റെ തുറവിയിലൂടെ ഈ ലോകം ആന്തരികമായും ഭാഗീകമായും പറുദീസയായി മാറട്ടെ.
സന്തോഷവും ആശ്വാസവും മുന്നറിയിപ്പും ഈ ലോകത്തിനു നല്‍കാനായിട്ടാണു ഞാന്‍ വരുന്നത്. പ്രിയ മക്കളെ, എന്റെ ഹൃദയത്തിന്റെ പ്രകാശം നിങ്ങളിലും നിങ്ങളിലൂടെ ഈ ലോകത്തും പരക്കുവാന്‍ ഇടയാകട്ടെ.
നേര്‍വഴി നയിക്കല്‍: പരിശുദ്ധ മറിയത്തിലൂടെയാണ് ഈ ലോകത്തിന്റെ രക്ഷ തുടങ്ങി വച്ചത്. മറിയത്തിലൂടെതന്നെ അത് പൂര്‍ണ്ണമാക്കുകയും ചെയ്യും. പരിശുദ്ധാത്മാവാണു മറിയത്തെ നമുക്ക് വെളിപ്പെടുത്തി തന്നതും, മറിയത്തിലൂടെ യേശു നല്‍കപ്പെട്ടതും. യേശുവിനെ വെളിപ്പെടുത്തിയതും അവിടുത്തെ എല്ലാവരും വിശ്വസിച്ചു സ്വീകരിച്ച് സ്‌നേഹിക്കാന്‍ ഇടയാക്കിയതും. എന്നാല്‍ ദൈവം ഈ അവസാന നാളുകളില്‍ തന്റെ ഉല്‍കൃഷ്ടസൃഷ്ടിയായ (Master piece) മറിയത്തെ ഈ ലോകത്തിനു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മറിയത്തിലൂടെയും മറിയത്താലും ദൈവത്തെ മഹത്വപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ വാതിലായ പരിശുദ്ധ മറിയത്തിന്റെ ഗര്‍ഭപാത്രത്തീലൂടെയാണ് യേശു നമ്മുടെ മദ്ധ്യേ വന്നത്. അതുകൊണ്ട് യേശുവിന്റെ മഹത്വത്തിനായി മറിയം അംഗീകരിക്കപ്പെടേണ്ടതും അറിയപ്പെടേണ്ടതുമാണ്. അതുകൊണ്ട് എല്ലാ ആത്മാക്കളും പ്രകാശിപ്പിക്കപ്പെടുന്നതും പ്രത്യേകിച്ച് വിശുദ്ധീകരിക്കപ്പെടുന്നതും, കര്‍ത്താവായ ദൈവത്തെ കണ്ടെത്തുന്നതും അമ്മയുടെ വിമലഹൃദയത്തിലൂടെയാണ്. ആഗ്രഹിച്ച് അന്വേഷിക്കാതെ ആര്‍ക്കും മറിയത്തെ അറിയാനും സാധിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ ഉപരിമഹത്വത്തിനായി യേശുവിന്റെ അമ്മയെ ബഹുമാനിക്കുക എന്ന യേശുവിന്റെ ഇഷ്ടം നാം പൂര്‍ത്തീകരിക്കണം. അഥവാ സാധിച്ചുകൊടുക്കണം.
മാര്‍ഗ്ഗനിര്‍ദ്ദേശം: ഒരു ശിശു രാവിലെ ഉണര്‍ന്നാല്‍ തന്റെ അമ്മയെ നോക്കാന്നതും അന്വേഷിക്കുന്നതും പോലെ നാം ഓരോ പ്രഭാതത്തിലും അമ്മയുടെ മുഖം തേടണം. ആ ശിശു അമ്മയുടെ മുഖം കാണാന്‍ സാധിച്ചില്ലെങ്കില്‍ അമ്മ അടുത്തു വരുന്നതുവരെ അവന്‍ കരഞ്ഞുകൊണ്ടിരിക്കും. നമ്മുടെ അമ്മയായ മറിയത്തെപ്രതി നമ്മള്‍ ചെയ്യേണ്ടതും അങ്ങനെയാണ്. അമ്മ എവിടെയാണെന്നു നമുക്ക് അറിയില്ലെങ്കില്‍ കരയാന്‍ നാം ഭയപ്പെടേണ്ട. നാം ഒറ്റപ്പെട്ട അവസ്ഥ അനുഭവപ്പെടുന്നുവെങ്കില്‍ എത്രയും പെട്ടെന്നു അമ്മയെ വിളിച്ചുവരുത്തണം. അമ്മയുടെ കരങ്ങള്‍ അന്വേഷിച്ച് ഒരിക്കലും വിടാത്തവണ്ണം അതിനെ മുറുക്കിപ്പിടിക്കണം. അന്ധകാരത്തിന്റെ മദ്ധ്യത്തില്‍ പ്രതിഷ്ഠയിലൂടെയാണ് നാം അമ്മയെ കണ്ടെത്തുന്നത്.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, ഹൃദയത്തെ മാറ്റാനുള്ള കഴിവു അങ്ങേയ്ക്കുണ്ട്. എന്നെ രൂപാന്തരപ്പെടുത്തണമെ. അങ്ങയെ അമ്മയാക്കാനുള്ള യോഗ്യതയുള്ള ഒരു ശിശുവാക്കി എന്നെ മാറ്റണമെ. ഞാന്‍ അങ്ങില്‍ പ്രത്യാശവെക്കുന്നു. അങ്ങയുടെ നല്ല മുഖം ഓരോ പ്രഭാതത്തിലും അന്വേഷിക്കാന്‍ ഇടവരട്ടെ. പ്രതിഷ്ഠയിലൂടെ അങ്ങയുടെ കരങ്ങള്‍ മുറുകെപ്പിടിക്കാന്‍ എന്നെ അനുവദിക്കണമെ.
‘മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരിക്കുന്നു.’ ലൂക്ക 2 : 19
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.