യാക്കോബ് ശ്ലീഹയ്ക്ക് പ്രത്യക്ഷയായ തൂണിലെ മാതാവ്
നമ്മള്‍ മാതാവിന്റെ ഒത്തിരി പേരുകള്‍ കേട്ടിട്ടുണ്ട്. പല തരം പേരുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറയാറുണ്ട്. വളരെ പ്രത്യേകത ഉള്ള ഒരു പേര്കൂടെ പരിശുദ്ധ അമ്മയ്ക്കുണ്ട്. സ്തൂപത്തിലെ മാതാവ്. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാം എങ്കിലും അതിന് പിറകിലെ കഥ അത്ഭുതാവഹമാണ്.
സ്പാനിഷ് ചരിത്രം അനുസരിച്ച് എ ഡി 40 ഒക്ടോബര്‍ 12 ന് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം സംഭവിച്ച ദിവസമാണ്. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്ന വിശുദ്ധ യാക്കോബ് അക്കാലത്ത് തന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് റോമന്‍ പ്രോവിന്‍സ് ആയ ഹിസ്പാനിയുടെ കീഴില്‍ ആയിരുന്ന സാരാഗോസയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ ആ നാട്ടില്‍ സംഭവിക്കാത്തതും ആളുകള്‍ ക്രിസ്തു മതത്തിലേക്ക് വരാന്‍ വിമുഖത കാണിച്ചും ഒക്കെ വിശുദ്ധനു അതിയായ ദുഖത്തിന് കാരണമായിതീര്‍ന്നു.
ഒരു ദിവസം എബ്രോ നദിയുടെ തീരത്ത് തന്റെ ശിഷ്യന്മാരോടോത്ത് പ്രാര്‍ഥിച്ചിരുന്ന സമയത്ത് പരിശുദ്ധ അമ്മ മാലാഖമാരുടെ ഗണമായ കെരൂബുകളുടെ ഒപ്പം പ്രത്യക്ഷപ്പെടുകയും വിശുദ്ധനോട് സംസാരിക്കുകയും ചെയ്തു. ആളുകള്‍ സാവധാനം ക്രിസ്തുവില്‍ വിശ്വസിക്കുമെന്നും അതില്‍ യാതൊരു വിധ സംശയവും വേണ്ട എന്നും അവരുടെ വിശ്വാസം താന്‍ നില്‍ക്കുന്ന ഈ സ്തൂപത്തിലേത് പോലെ ശക്തമായി തീരുമെന്നും അമ്മ പറഞ്ഞു. ഒപ്പം, അമ്മ സ്തൂപത്തില്‍ നില്‍ക്കുന്ന തടിയില്‍ തീര്‍ത്ത ഒരു രൂപം വിശുദ്ധനു നല്‍കുകയും ചെയ്തു. ശേഷം അദ്ദേഹം എബ്രോ നദിയുടെ തീരത്ത് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ചാപ്പല്‍ പണിയുകയും ചെയ്തു. പിന്നീട് വിശുദ്ധ യാക്കോബും ശിഷ്യരും ജെരുസലെമിലേക്ക് പോകുകയും എഡി 44 ന് ഹെരോദ് അഗ്രിപ്പയുടെ ഭരണകാലത്ത് രക്ത സാക്ഷിത്വം വഹിക്കുകയും ചെയ്തു.
പരിശുദ്ധ അമ്മയുടെ ഈ പ്രത്യക്ഷീകരണം തിരു സഭ ഔദ്യോഗികമായി അംഗീകരിച്ചത് 1456 ല്‍ ആണ്. പോപ് കാലിസ്റ്റസ് ആണ് ഈ പ്രത്യക്ഷീകരണത്തെ ആധികാരികമാണെന്ന് അംഗീകരിക്കുകയും ചാപ്പലിനെ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തു. ഒപ്പം ലേഡി ഓഫ് ദി പില്ലര്‍ എന്ന പേര് ലഭിക്കുകയും ചെയ്തു.
ഇതിനിടെ ഇത് സംബന്ധിച്ച് ഒത്തിരി വിവാദങ്ങള്‍ ആ സമയം മുതല്‍ നിലനിന്നിരുന്നു. പന്ത്രണ്ടു കര്‍ദിനാള്‍മാര്‍ അടങ്ങുന്ന സംഘത്തെ പരിശുദ്ധ പിതാവ് നിയോഗിക്കുകയും ഈ പ്രത്യക്ഷീകരണത്തിന്റെ ആധികാരികത സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 1723 ഓഗസ്റ്റ് 7 ന് ഇത് സേക്രഡ് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി റൈറ്റ്‌സ് ഈ സംഭവത്തെ ആധികാരികമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
പള്ളിയില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന തടിയില്‍ തീര്‍ത്ത മാതാവിന്റെ രൂപം പരിശുദ്ധ അമ്മ വിശുദ്ധനു നല്‍കിയതാണെന്ന കാര്യത്തില്‍ സംശയമില്ല. ആയിരത്തി നാനൂറ്റി മുപ്പത്തി നാലില്‍ പള്ളിക്ക് തീ പിടിച്ചപ്പോള്‍ ഉണ്ടായിരുന്ന രൂപം തന്നെയാണ് ഇപ്പോഴും പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നു എന്ന വിശ്വസിക്കുന്ന വരാണ് ഭൂരിഭാഗവും വിശ്വാസികള്‍. അതല്ല, ആ രൂപം കത്തി നശിച്ചു പോയി എന്ന് കരുതുന്നവരും ഉണ്ട്. പരിശുദ്ധ അമ്മയുടെ തടിയില്‍ തീര്‍ത്ത രൂപത്തിന്റെ ഉയരം 15 ഇഞ്ചാണ്. അത് സ്ഥാപി ച്ചിരിക്കുന്നത് ആറടി ഉയരമുള്ള സൂര്യകാന്തി കല്ല് കൊണ്ടുള്ള സ്തൂപത്തിലാണ്.
പരിശുദ്ധ അമ്മയുടെ ഇടത് കൈയില്‍ ഉണ്ണീശോയും ഈശോയുടെ ഇടതു കൈയില്‍ ഒരു പ്രാവും ആണ് സ്തൂപത്തിലെ മാതൃരൂപത്തിന്റെ പ്രത്യേകതകള്‍. സ്തൂപം ഒരു ചെറിയ തുണി കൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്നതായി കാണാം. പതിനാറാം നൂറ്റാണ്ട് മുതല്‍ ഇങ്ങിനെയാണ് രൂപം കാണപ്പെട്ടത്. വെങ്കലത്തിന്റെ ഒരു ചട്ട കൂടില്‍ ആണ് അമ്മയുടെ ഈ രൂപം സ്ഥാപിച്ചിരിക്കുന്നത്. സ്തൂപത്തിലെ മാതാവിന് പത്താം പീയൂസ് പാപ്പയാണ് കിരീട ധാരണം നടത്തിയത്. മാര്‍ക്വസ് ഓഫ് ഗ്രീനി എന്ന ആളാണ് മാതാവിന്റെ കീരിടം രൂപകല്‍പന ചെയ്തത്.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 12ന് സ്തൂപത്തിലെ മാതാവിന്റെ തിരുനാള്‍ സഭ ആഘോഷിക്കുന്നു. ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് സരഗോസയില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്നത്. പൊതു അവധി സ്പാനിഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട് ഈ ദിവസം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.