സ്വയം മുറിയുകയും മുറിക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധ അമ്മ

ഒരമ്മയുടെ ദു:ഖം ആരറിയുന്നു? അഗാധദു:ഖത്തിന്റെ ഖനിയാണ് അമ്മയുടെ ഹൃദയം. മക്കളെപ്പറ്റി അമ്മയെപ്പോലെ ആകുലപ്പെടുകയും ദു:ഖിക്കുകയും ചെയ്യന്ന ആരുണ്ട്? കാരണം അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ഭാഗമാണ് മക്കള്‍. സ്വയം മുറിയുകയും മുറിക്കപ്പെടുകയും ചെയ്യുന്ന അമ്മ എന്നും വ്യാകുലയാണ്. മക്കളുടെ ഭാവിയെപ്പറ്റി ഇത്ര ഉല്‍ക്കണ്ഠപ്പെടുന്ന മനസ്സ് മറ്റാര്‍ക്കാണുള്ളത്? ഹൃദയം നിറയെ സ്‌നേഹവും മനസ്സുനിറയെ പ്രതീക്ഷയുമായി അമ്മ മക്കളെ വളര്‍ത്തുന്നു. തന്റെ ജീവിതത്തിന്റെ സുഖങ്ങള്‍ എല്ലാം മാറ്റി വച്ച് ത്യാഗത്തോടെ മക്കള്‍ക്കുവേണ്ടി ജീവിക്കുന്നു. പ്രാര്‍ത്ഥനയുടെ ഓരോ നിമിഷത്തിലും അവള്‍ കരുതലോടെ ഓര്‍ക്കുന്നു-മക്കള്‍!.മക്കള്‍ക്ക് ജന്മം നല്കുന്ന നിമിഷം മുതല്‍ ഉറക്കമിളച്ച് മക്കളെ കരുതലോടെ വളര്‍ത്തുന്ന അമ്മമാര്‍ ജീവിതത്തിന്റെ അനുഗ്രഹമാണ്. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ഒളിപ്പിച്ച് അപകടങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുന്നതുപോലെ ഓരോ ദിവസവും എല്ലാവിധ ആപത്തുകളില്‍ നിന്നും കരുതലോടെ കാത്തുപരിപാലിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൂടെ നില്ക്കുന്നു. ത്യാഗത്തിന്റെ ബലിപീഠത്തില്‍ അമ്മ ബലിയായി സ്വയം സമര്‍പ്പിക്കുന്നു.

പരിശുദ്ധ മറിയം വ്യാകുലങ്ങളുടെ കലവറയാണ്. പുത്രന് ജന്മം നല്കിയ നിമിഷം മുതല്‍ അവള്‍ അനുഭവിച്ച ദു:ഖത്തിന്റെയും വേദനയുടേയും അപമാനത്തിന്റെയും തീവ്രത ആരറിയുന്നു? തന്റെ പുത്രന്റെ ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ആ അമ്മ കൂടെ നില്‍ക്കുന്നു.അവസാനം കുരിശുയാത്രയില്‍ അവനെ അനുഗമിക്കുന്നു; ധൈര്യം പകരുന്നു; ദിവ്യബലി പൂര്‍ത്തിയാക്കാന്‍. ഗാഗുല്‍ത്തായില്‍ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്ന വ്യാകുലാംബികയുടെ ചിത്രം ആരാണ് മറക്കുക? തന്റെ പ്രിയ മകന്റെ ജീവനറ്റ ശരീരം മടിയില്‍ ഏറ്റുവാങ്ങുന്ന അമ്മയുടെ വേദന ഉപമിക്കാനാവാത്ത ദു:ഖസാഗര മായ പരിണമിക്കുന്നു. വ്യാകുലയായ പരിശുദ്ധ അമ്മ! കണ്ണീര്‍ വറ്റിയ കണ്ണുകളില്‍ പ്രതിഫലിക്കുന്നത് അഗാധ സ്‌നേഹത്തിന്റെ പരിമളമാണ്.ഭൂമിയോളം താഴുന്ന അമ്മ, ഭൂമിയോളം സഹിക്കുന്ന അമ്മ. തീവ്രവേദനയിലും നാളെയുടെ പ്രതീക്ഷാനാളങ്ങള്‍ മനസ്സില്‍ ഏറ്റുവാങ്ങുന്ന മനുഷ്യകുലത്തിന്റെ മുഴുവന്‍ അമ്മ; അതാണ് വ്യാകുലയായ പരിശുദ്ധ മറിയം. ഈ അമ്മയാണ് നമുക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നത്.നമ്മുടെ അഭയവും സങ്കേതവുമായി എപ്പോഴും കൂടെ നില്‍ക്കുന്നത്.

ലോകരക്ഷകന്റെ അമ്മ എന്ന സ്ഥാനം പരിശുദ്ധ മറിയത്തിന് മാത്രമാണ്. ആ മകനെ ഗര്‍ഭം ധരിച്ച നിമിഷത്തില്‍ അവര്‍ ഏറ്റുപാടി-സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. എന്നാല്‍ കുരിശിന്‍ ചുവട്ടില്‍ നിന്ന ആ അമ്മ, പുത്രന്‍ അനുഭവിച്ച മരണവേദന ഹൃദയത്തില്‍ ഏറ്റുവാങ്ങി വ്യാകുലയായി നിന്നത് മറ്റൊരമ്മയും അനുഭവിച്ചിട്ടില്ല. കുരിശിന്‍ ചുവട്ടിലെ ദു:ഖാര്‍ത്തയായ ആ അമ്മയാണ് നമ്മുടെ ശക്തിയും പ്രത്യാശയും. നിന്ദിതരുടെയും പീഢിതരുടേയും ഉപേക്ഷിക്കപ്പെട്ടവരുടെയും ബലഹീനരുടേയും പാപികളുടേയും ആലംബമാണീ അമ്മ.

കാലിത്തൊഴുത്തു മുതല്‍ കാല്‍വരി വരെയുള്ള തന്റെ മകന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും തണലായി താങ്ങായി അമ്മ കൂടെയുണ്ടായിരുന്നു. പരിശുദ്ധ അമ്മ സ്വയം സമര്‍പ്പണത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്. മകന്‍ തുടങ്ങിവെച്ച രക്ഷാകര പദ്ധതിയുടെ പിന്‍തുടര്‍ച്ച തുടങ്ങി വെച്ചതും, നഷ്ട ബോധത്തോടെ ഭയചകിതരായി ഓടിപ്പോയ ശിഷ്യന്മാരെ ഒരുമിച്ചുകൂട്ടി സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനാ നിരതരായി നില കൊണ്ടപ്പോള്‍, പരിശുദ്ധാരൂപിയാല്‍ പൂരിതയായ ആ അമ്മയുടെ വിശ്വാസമാണ് അപ്പോസ്തലന്മാര്‍ക്ക് ശക്തി പകര്‍ന്ന് കൊടുത്തതും ആത്മാഭിഷേകത്തിന് വഴി തെളിച്ചതും. മനുഷ്യ വംശത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങിയ പ്രിയപുത്രന്റെ സ്ഥാനത്ത് മനുഷ്യരുടെ മുഴുവന്‍ ദു:ഖവും ഏറ്റുവാങ്ങിയവളാണ് വ്യാകുല മാതാവ്. അപേക്ഷിക്കുന്നവര്‍ക്കെന്നും ആലംബമായ ഈ വ്യാകുലാംബിക നമ്മെയും പ്രത്യാശയിലേക്ക് നയിക്കട്ടെ!.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles