ഔര്‍ ലേഡി ഓഫ് ദ ലൈഫ് ഗിവിങ് സ്പ്രിങ്
പരി. മാതാവിനോടുള്ള ആദരസൂചകമായി 460-ാം വര്‍ഷം ലിയോ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റിനോപ്പോളില്‍ പണികഴിപ്പിച്ചതാണ് ഔര്‍ ലേഡി ഓഫ് ദ ഫൗണ്ടന്‍ എന്ന ദേവാലയം. ‘മദര്‍ ഓഫ് ദ ഗോഡ് ഓഫ് ദ ലൈഫ് ഗിവിംങ് സ്പ്രിംങ്’ എന്ന പേരിലാണ് ഈ ദേവാലയം ഇന്നറിയപ്പെടുന്നത്. ദേവാലയ നിര്‍മ്മാണത്തിനു പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്.
ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ അധിപനാകുന്നതിനു മുന്‍പ് ഒരു യാത്രാവേളയില്‍ കണ്ടുമുട്ടിയ അന്ധന്‍ ലിയോ ഒന്നാമനോട് ദാഹജലം ആവശ്യപ്പെട്ടു. അയാളോടു അനുകമ്പ തോന്നിയ ലിയോ ജലം അന്വേഷിക്കുന്നു. എന്നാല്‍ ഏറെനേരത്തെ അന്വേഷണത്തിനൊടുവില്‍ നിരാശനായി പിന്‍തിരിയാന്‍ ഒരുങ്ങിയ ലിയോ പരി. മാതാവിന്റെ സ്വരം ശ്രവിച്ചു,’വിഷമിക്കേണ്ട അരികില്‍ വെള്ളമുണ്ട്’. വീണ്ടും അന്വേഷിച്ചെങ്കിലും ജലം കണ്ടെത്താനായില്ല.
വീണ്ടും ലിയോ മാതാവിന്റെ സ്വരം ശ്രവിച്ചു, ‘ലിയോ, കാടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുക. അവിടെ ഒരു അരുവി കാണും. അതില്‍ നിന്നും ചെളി നിറഞ്ഞ ജലം എടുത്ത് അന്ധനായ മനുഷ്യന് നല്‍കുക. ചെളി ആ മനുഷ്യന്റെ കണ്ണുകളില്‍ പുരട്ടുക. അപ്പോള്‍ നീ അറിയും ഞാനാരാണെന്ന്. ഈ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിക്കുക. ഇവിടെ വരുന്ന എല്ലാവരുടേയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടും’.
മാതാവ് പറഞ്ഞതുപോലെ ലിയോ ആ അരുവി കണ്ടെത്തി. തുടര്‍ന്ന് അന്ധന് ജലം നല്‍കി. ചെളി പുരട്ടിയതോടെ അയാള്‍ക്ക് കാഴ്ചശക്തി വീണ്ടുകിട്ടി. പിന്നീട് ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ലിയോ മാതാവ് ആവശ്യപ്പെട്ടതുപോലെ വലുതും മനോഹരവുമായ ഒരു ദേവാലയം നിര്‍മ്മിച്ചു. ഒത്തിരി അത്ഭുതങ്ങള്‍ക്ക് ഈ ദേവാലയം വേദിയായി. മരണത്തെ വരെ അതിജീവിച്ച അനേകം സംഭവങ്ങളുണ്ടായി.
പ്രകൃതിക്ഷോഭങ്ങള്‍ ദേവാലയത്തെ നാമാവശേഷമാക്കി. എങ്കിലും തുടര്‍ന്ന് അധികാരത്തിലേറിയ ചക്രവര്‍ത്തിമാര്‍ ദേവാലയം പുനര്‍നിര്‍മ്മിച്ചു. അത്ഭുതങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പോള്‍ പിടിച്ചടക്കി. ദേവാലയം തകര്‍ത്ത് തരിപ്പണമാക്കി. ബാക്കി വന്ന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഒരു മുസ്ലീം പള്ളി നിര്‍മ്മിച്ചു. എങ്കിലും അത്ഭുത നീരുറവ തേടിയുള്ള മരിയഭക്തരുടെ പ്രവാഹം തുടര്‍ന്നുകൊണ്ടേയിരുന്നു. 1833ല്‍ തുര്‍ക്കികളുടെ ആക്രമണത്തില്‍ ദേവാലയം വീണ്ടും തകര്‍ക്കപ്പെട്ടു. വൈദീകനെ കൊന്ന് കെട്ടിതൂക്കി. വീണ്ടും ദേവാലയം പുനര്‍നിര്‍മ്മിക്കപ്പെട്ടു. അത്ഭുത നീരുറവയിലെ ജലം സൗഖ്യദായകമായി ഇന്നും നിലകൊള്ളുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.