അമേരിക്കന്‍ വന്‍കരകളുടെ മധ്യസ്ഥ
1531 ഡിസംബര്‍ മാസം ഒമ്പതാം തീയതി.
അക്കാലത്ത് സ്പെയിനിലും അതിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും മാതാവിന്റെ അമലോത്ഭവത്തിരുനാളായി ആചരിക്കപ്പെട്ടിരുന്ന ദിവസമായിരുന്നു ഡിസംബര്‍ 9.
മഞ്ഞുമൂടിയ ആ പ്രഭാതത്തില്‍ തന്റെ ഗ്രാമത്തില്‍ നിന്ന് മെക്സിക്കോയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ജുവാന്‍ ഡിയേഗോ. ഒരു സാധാരണ കര്‍ഷകനായിരുന്നു അയാള്‍. 57 വയസ് പ്രായം ഉണ്ടായിരുന്ന അയാള്‍ വിഭാര്യനായിരുന്നു. അമ്മാവനൊപ്പമായിരുന്നു ജുവാന്റെ താമസം.
ജുവാന്‍ ഡിയേഗോയുടെ യാത്ര തെപ്പിയാക് മലഞ്ചെരുവിലെത്തി. പെട്ടെന്ന് പ്രകാശധാരയില്‍ ചുറ്റിയ ഒരു പെണ്‍കുട്ടിയുടെ രൂപം ഡിയേഗോയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. 15-16 വയസുപ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയായിരുന്നു അത്. അതീവ സുന്ദരിയായിരുന്നു അവള്. സ്വര്ണ്ണത്തവിട്ടു നിറമുള്ള ഉടുപ്പും നീല മേല്ക്കുപ്പായവുമായിരുന്നു അവളുടെ വേഷം. സര്പ്പത്തലയിലും ചന്ദ്രക്കലയിലും ചവിട്ടി നിന്നിരുന്ന പെണ്‍കുട്ടിയെ ഒരു മാലാഖ സംവഹിച്ചിരുന്നു. പ്രാദേശികമായ നവ്വാട്ടില്‍ ഭാഷയില്‍ ആ പെണ്‍കുട്ടി ജുവാന്‍ ഡിയേഗോയോട് സംസാരിച്ചു. തന്റെ വണക്കത്തിനായി ആ സ്ഥലത്ത് ഒരു ദേവാലയം നിര്‍മ്മിക്കുവാന്‍ അവള് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ സംസാരത്തില്‍ നിന്ന് അത് പരിശുദ്ധമാതാവാണെന്ന് ജുവാന്‍ ഡിയേഗോ തിരിച്ചറിഞ്ഞു. തനിക്കു ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്ശനസംഭവം വിവരിക്കാനും ദേവാലം നിര്‍മ്മിക്കണമെന്നു പറയുന്നതിനുമായി ജുവാന്‍ ഡിയേഗോ ബിഷപ്പ് ഫ്രേ സുമരാഗായെ സമീപിച്ചു. മെക്സിക്കോയിലെ സ്പെയിന്കാരന് മെത്രാപ്പോലീത്ത ആയിരുന്നു സുമരാഗ. എന്നാല്‍ മെത്രാപ്പോലീത്ത ജുവാന്റെ വാക്കുകള്‍ കേട്ടില്ല. അദ്ദേഹം ജുവാനെ ആട്ടിപ്പുറത്താക്കി. ഉള്ളുരുകുന്ന വേദനയാല്‍ ജുവാന്‍ വീട്ടില്‍ തിരിച്ചെത്തി. മെത്രാപ്പോലീത്ത നിരുത്സാഹപ്പെടുത്തിയ ജുവാന്‍ ഡിയേഗോയ്ക്ക് തനിക്ക് ലഭിച്ച മാതാവിന്റെ ദര്‍ശനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങി. തനിക്ക് ലഭിച്ച മാതാവിന്റൈ പ്രത്യക്ഷീകരണത്തെ ഉറപ്പിക്കുന്നതിനായി ജുവാന്‍ ഡിയേഗോ വീണ്ടും തെപ്പിയാക്ക് മലഞ്ചെരുവിലേക്ക് പോയി. ഡിയേഗോയെ സങ്കടപ്പെടുത്താതെ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ആദ്യപ്രത്യക്ഷപ്പെടലിലേതുപോലെ അതീവതേജസുണ്ടായിരുന്നു അപ്പോഴും ആ മുഖത്ത്. ജുവാന്‍ ഡിയേഗോ മാതാവിനോട് ബിഷപ്പിന്റെ പ്രതികരണത്തെക്കുറിച്ച് പറഞ്ഞു. എന്നാല്‍ വീണ്ടും പോയി ബിഷപ്പിനോട് ദര്‍ശനത്തെക്കുറിച്ച് പറയാന്‍ മാതാവ് ജുവാനോട് ആവശ്യപ്പെട്ടു. മാതാവിന്റെ നിര്‍ദേശമനുസരിച്ച് ജുവാന്‍ വീണ്ടും ബിഷപ്പിനെ സമീപിച്ചു. വിശ്വസിക്കത്തക്ക ഒരു അടയാളവുമായി വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ജുവാനെ മടക്കിയയച്ചു. അടുത്ത പ്രഭാതത്തില്‍ അടയാളവുമായി താന്‍ വരുമെന്ന് ജുവാന്‍ ബിഷപ്പിനു വാക്കുംകൊടുത്തു.
വൈകുന്നേരമായപ്പോള്‍ ജുവാന്റെ അമ്മാവന് അതികഠിനമായ പനി തുടങ്ങി. മരണാസന്നനായ അമ്മാവനെ തനിച്ചാക്കി ജുവാനു വാക്കു പാലിക്കാനായി ബിഷപ്പിന്റെ അടുത്ത് ചെല്ലാന്‍ സാധിച്ചില്ല. മൂന്നാംദിവസമായപ്പോഴേക്കും അമ്മാവന്റെ പനി വര്‍ദ്ധിച്ചു. അദ്ദേഹം മരണവെപ്രാളങ്ങള്‍ കാണിച്ചുതുടങ്ങി. അമ്മാവനെ മരണത്തിനു ഒരുക്കുന്നതിനായി ഒരു വൈദികനെ കൊണ്ടുവരാന്‍ ജുവാന്‍ പുറപ്പെട്ടു. തന്റെ അമ്മാവന് അവസാനമായി കുമ്പസാരിക്കുന്നതിന് അവസരമൊരുക്കാന്‍ വൈദികനെത്തേടി ജുവാന്‍ തിടുക്കത്തില്‍ നടന്നു. യാത്രാമധ്യേ മൂന്നാം തവണയും മാതാവ് ജുവാനു പ്രത്യക്ഷപ്പെട്ടു. മാതാവിനോട് ജുവാന്‍ ബിഷപ്പിനെ വിശ്വസിപ്പിക്കുന്നതിനായി ഒരു അടയാളം ആവശ്യപ്പെട്ടു. ജുവാന്റെ ആവശ്യം കേട്ട പരിശുദ്ധ മാതാവ് തെപ്പിയോക് മലമുകളില്‍ നിന്ന് പൂക്കള്‍ ശേഖരിക്കുവാന്‍ ജുവാനോട് ആവശ്യപ്പെട്ടു. അത് പൂക്കാലമല്ലാതിരുന്നിട്ടും മലമുകളില്‍ ജുവാന്‍ അതിമനോഹരമായ റോസാപ്പൂക്കള്‍ കണ്ടെത്തി. മേല്‍ക്കുപ്പായത്തിനു താഴെ ശേഖരിച്ചുകൊണ്ടുവന്ന പൂക്കള്‍ ക്രമപ്പെടുത്തിവച്ചതിനുശേഷം മാതാവ് അയാളെ ബിഷപ്പിന്റെ അരികിലേക്കയച്ചു. 1531 ഡിസംബര്‍ 12 ന് ബിഷപ്പിനുമുന്നില്‍ ജുവാന്‍ തന്റെ മേല്‍ക്കുപ്പായം അഴിച്ചു. പൂക്കള്‍ നിലത്തേക്കു വീണു. കുപ്പായത്തില്‍ പൂക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട രൂപത്തില്‍ പരിശുദ്ധ മാതാവിന്റെ ചിത്രം അത്ഭുതകരമായി അപ്പോള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു.
ജുവാന്‍ ബിഷപ്പിന്റെ സമീപത്തേക്ക് പോയ അതേസമയത്ത് പരിശുദ്ധ മാതാവ് ജുവാന്റെ അമ്മാവനു പ്രത്യക്ഷപ്പെടുകയും അമ്മാവന്റെ രോഗം അത്ഭുതകരമായി മാറിപ്പോവുകയും അദ്ദേഹം പൂര്വ്വസ്ഥിതിയാലാവുകയും ചെയ്തു. താന്‍ ഗ്വാഡിലൂപേ മാതാവാണെന്ന് പരിശുദ്ധ മാതാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
ഗ്വാഡലൂപേ മാതാവ് ജുവാനു നല്കിയ നിര്‍ദ്ദേശമനുസരിച്ച് മെക്സിക്കോയില്‍ ദേവാലയം സ്ഥാപിക്കുകയും ഗ്വാഡലൂപേ മാതാവിന്റെ ചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തു.
ഗ്വാഡിലൂപേ മാതാവിന്റെ ചിത്രം മെക്സിക്കോയിലെ ഏറ്റവും പേരുകേട്ട ധാര്‍മ്മിക സാംസ്കാരിക പ്രതീകമാണ്. മെക്സിക്കോയുടെ റാണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്വാഡലൂപേ മാതാവ് ഫിലിപ്പീന്‍സിന്റെ മധ്യസ്ഥ എന്നു തുടങ്ങിയ ഇതരവിശേഷണങ്ങളിലും പില്ക്കാലത്ത് അറിയപ്പെട്ടു.
1945 ഡിസംബര്‍ 12 ന് പീയസ് പന്ത്രണ്ടാമന് മാര്‍പാപ്പ ഗ്വാഡലൂപേ മാതാവിനെ അമേരിക്കയുടെ പേട്രണായി പ്രഖ്യാപിച്ചു. പീന്നീട്, 1999 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഗ്വാഡലൂപേ മാതാവിനെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെ മധ്യസ്ഥ, ലത്തീന്‍ അമേരിക്കയുടെ രാജ്ഞി, ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക എന്നീ
പേരുകള്‍ നല്‍കിയും ആദരിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.