വിശ്വാസനിലാവത്ത് തനിയെ

വിശ്വാസത്തിന്റെ വഴി പലപ്പോഴും പകല്‍വെളിച്ചത്തിലൂടെയല്ല. വിശ്വാസം ഒരുവന് രാവഴിയിലെ നിലാവാണ്. പലതും മനസിലാവുന്നില്ല; സംശയങ്ങള്‍ പലതും ഉത്തരം കാണുന്നില്ല; വിശ്വസിക്കുന്നതുകൊണ്ടുമാത്രം അവന് നിലാവുണ്ട് ഇരുളില്‍ വഴി കാട്ടാന്‍. വിശ്വാസം ഇരുളിലെ നിലാവായി ഒരിക്കലെങ്കിലും അനുഭവിച്ചവന് മറിയം വിശ്വാസികളുടെ അമ്മയാകുന്നത് എങ്ങനെയെന്ന് എളുപ്പം മനസ്സിലാകും.

ദീപസ്തംഭം നയിക്കുന്ന വഴിയില്‍ മരുഭൂമിയിലൂടെ ഇസ്രയേലിന്റെ വിശ്വാസതീര്‍ത്ഥാടനം ഓര്‍മ്മിക്കുക. ദാസ്യവൃത്തിയുടെ നുകം ഭേദിച്ച് വലിയൊരു ജനത്തെ രാവിന്റെ മറവിലൂടെ നയിച്ചു കൊണ്ടുപോകുമ്പോള്‍ മോശയുടെ മനസ്സില്‍ സന്ദേഹങ്ങളൊത്തിരിയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേക്കു പ്രവേശിക്കും മുമ്പ് ഒരു ചെങ്കടല്‍ മുറിച്ചു കടക്കാനുണ്ട്. പിന്നില്‍ ഫറവോയുടെ രഥവ്യൂഹം തങ്ങളെ വിഴുങ്ങാന്‍ വാ പിളര്‍ന്നു കഴിഞ്ഞു. ‘ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്‍ കിടന്നു മരിക്കാന്‍ കൂട്ടിക്കൊണ്ടുവന്നത്?’ എന്നു കലഹിക്കുന്ന ജനം (പുറ.14:11). മോശയ്ക്കു മറുപടി ഒന്നു മാത്രം: ദൈവത്തിന്റെ വലത്തുകരം നമ്മോടൊപ്പമുണ്ട്. മോശയുടെ വിശ്വാസത്തിന്റെ നീട്ടിയ വടിയും ഉറച്ചചുവടുകളുമാണ് ചെങ്കടല്‍ പിളര്‍ക്കുന്നത്.

മോറിയാ മലയിലേക്ക് നടക്കവെ അബ്രഹാമിന്റെ മനസ്സില്‍ എത്രയെത്ര ചോദ്യങ്ങളായിരുന്നു. എന്നാല്‍, ദൈവം നിശബ്ദനായിരുന്നു. ബാലന്റെ കണ്ഠത്തിനുമുകളിലായി അവന്‍ ഖഡ്ഗമുയര്‍ത്തുംവരെ. അബ്രഹാമിന്റെയും പ്രവാചകന്മാരുടെയും വിശ്വാസപൈതൃകത്തിലേക്കാണ് മറിയവും വിളിക്കപ്പെടുന്നത്.

ദൈവദൂതന്റെ മുമ്പില്‍ ധ്യാനചിത്തനായി നമിച്ചുനില്‍ക്കുന്ന മറിയം വളരെ അസ്വസ്ഥയാണ് (ലൂക്ക 1.29). അവളുടെ മനസില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. നന്മ മാത്രമായവന്‍ തന്നെ നന്മനിറഞ്ഞവള്‍ എന്ന് അഭിവാദനം ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താവാം? മറിയം ഒന്നും മനസിലാകാതെ നില്‍ക്കുമ്പോള്‍ ദൈവദൂതന്‍ സ്വര്‍ഗപിതാവിന്റെ മനസിലെ വലിയ സ്വപ്‌നത്തിന്റെ ചുരുള്‍ നിവര്‍ത്തുന്നു. അധികമൊന്നും ഗ്രഹിച്ചില്ലെങ്കിലും അവള്‍ ശ്രദ്ധയോടെ എല്ലാം ശ്രവിച്ചു നിന്നു. ഇപ്പോള്‍ മനസില്‍ ചോദ്യങ്ങളനവധി. ഇതുവരെ നിശ്ബദയായി നിന്നവള്‍ ഒരിക്കല്‍ മാത്രം ചോദിക്കുകയാണ്: ‘ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ’ ദൂതന്‍ വീണ്ടും വാചാലനായി: ‘പരിശുദ്ധാത്മാവ് നിന്റെ മേലിറങ്ങിവരും. അത്യുന്നതന്റെ ശക്തി നിന്നില്‍ ആവസിക്കും.’ മറിയത്തിന് സംശയങ്ങളൊക്കെ നീങ്ങിക്കിട്ടിയോ? ഇല്ല. ദൂതന്റെ വാക്കുകള്‍ ദൈവരഹസ്യത്തിന്റെ നിഗൂഢതയിലേക്ക് വളരുകയാണ്. തനിക്ക് ഗ്രഹിക്കാവുന്നതിലൊക്കെ വലുതാണ് ദൈവം വെളിപ്പെടുത്തുന്ന രഹസ്യം. ആകാശം ഭൂമിയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്നതുപോലെ ദൈവത്തിന്റെ ചിന്തകള്‍ തനിക്കെത്തിപ്പിടിക്കാവുന്നതിനേക്കാള്‍ ഉയരെയാണ്. ഇത്രയും വ്യക്തമായി: തന്നിലൂടെ അവന് ഒരു പുത്രനെ ആവശ്യമുണ്ട്; ഇത് അവന്റെ മാത്രം പ്രവര്‍ത്തിയാണ്. പിന്നെയവള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ളവന്റെ മുമ്പില്‍ ശിരസ്സു നമിക്കുന്നു: ‘ഇതാ കര്‍ത്താവിന്റെ ദാസി!’

തന്റെ മരണപത്രത്തിനുള്ള മുദ്രവയ്ക്കലാവാം ഇതെന്ന് മറിയത്തിന് അറിയാതെയല്ല. വിവാഹവാഗ്ദാനം നടത്തിയ പുരുഷനറിയാതെ ഒരു ഗര്‍ഭധാരണം തനിക്ക് മരണം തന്നെ വാങ്ങിത്തന്നേക്കാം. മുന്നിലിനിയങ്ങോട്ട് വഴിനീളമൊക്കെയും മഞ്ഞുമൂടിയതുപോലെ; പലതും മനസിലാവുന്നില്ല; എങ്കിലും അടുത്ത ചുവടുവയ്ക്കുവാന്‍ മതിയാവോളം നിലാവെട്ടമുണ്ട്. മതിയല്ലോ, ദൈവത്തിന്റെ മനസിലുണ്ടാവുമൊരുത്തരം; അതുമതിയല്ലോ. അവളുടെ ജീവിതമിനി മുതല്‍ നിരന്തരമായ ധ്യാനമാണ്. ചിന്തയില്‍ ചോദ്യങ്ങള്‍ വന്നു കുമിയുമ്പോള്‍ അവള്‍ നിശബ്ദയാകുന്നു. ധ്യാനനിരതയാവുന്നു. അപ്പോഴൊക്കെ, സുവിശേഷകന്‍ പറയും: അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു, ധ്യാനിച്ചു (ലൂക്കാ 2: 19-51).

എന്തൊക്കെയാണ് മറിയം ഹൃദയത്തില്‍ നിധിപോലെ ചേര്‍ത്തുവെച്ച് ധ്യാനിച്ചത്. ഇടയബാലന്മാര്‍ സ്വര്‍ഗം തങ്ങള്‍ക്കുമേല്‍ അനാവൃതമായതും ശിശുവിനെക്കുറിച്ച് വന്‍കാര്യങ്ങള്‍ വെളിപ്പെടുത്തിയതുമൊക്കെ പങ്കുവയ്ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കൊക്കെ അത്ഭുതമാണ്. എന്നാല്‍, മറിയമാകട്ടെ എല്ലാം ഒത്തിരിപ്രിയമോടെ ‘ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു’ (ലൂക്ക2.19). പുല്‍ത്തൊഴുത്തിലെ അതിവിനീതമായ തിരുപ്പിറവി, ശിമയോന്റെയും ഹന്നായുടെയും പ്രവചനങ്ങള്‍, ആകാശം പോലെ വിരിച്ച ദൈവത്തിന്റെ പരിപാലനയുടെ ചിറകുകള്‍ മാത്രം അഭയമാക്കി ഇരവിന്റെ മറവിലൂടെയുള്ള പാലായനം, എല്ലാമവള്‍ നിധിപോലെ നെഞ്ചോടണച്ചു പിടിക്കുന്നു.

സംഭവിക്കുന്നതൊക്കെയും ദൈവതിരുമനസിന്റെ വെളിപ്പെടുത്തലുകളാണ്. ചിന്തയിലും ബുദ്ധിയിലും ഇതിന്റെയൊക്കെ അര്‍ത്ഥം തെളിഞ്ഞുകിട്ടുന്നില്ല; മറിച്ച് ഒത്തിരി പ്രിയമോടെ നെഞ്ചില്‍ ചേര്‍ത്തുവെച്ച് നിശ്ബദമായി ധ്യാനിക്കുമ്പോള്‍ ദൈവത്തിന്റെ വലിയ സ്വപ്‌നം മെല്ലെ ഇതള്‍ വിടരുകയാണ്. ചോദ്യങ്ങളില്ല, സന്ദേഹങ്ങളില്ല, പരിഭവങ്ങളില്ല; ഹൃദയത്തിന്റെ നിശബ്ദമായ ശ്രവണം മാത്രം. മറിയത്തിന്റെ ഈ ഹൃദയസംഗ്രഹത്തില്‍ ദൈവം ഒത്തിരി സംപ്രീതനായി വിജ്ഞാനികളിലും വിവേകികളിലും നിന്ന് മറച്ചുവെച്ച തന്റെ മനസ് ശിശുക്കള്‍ക്ക് വെളിപ്പെടുത്തുകയാണല്ലോ ദൈവത്തിനു പ്രിയം. മനുഷ്യരെക്കുറിച്ചുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നമായ ക്രിസ്തു രഹസ്യത്തെ മറിയത്തിനു കൈമാറിയാല്‍ അവളതു ബുദ്ധിയുടെ തുലാസില്‍വെച്ചളന്ന് നോക്കുകയില്ല; മറിച്ച് ഹൃദയത്തില്‍ പ്രിയമായ് ചേര്‍ത്തുവയ്ക്കും. അതിനാലത്രെ മറിയം ദൈവത്തിന് പ്രിയമുള്ളവളായത്.

ലൂക്ക 2.48-51 ല്‍ സുവിശേഷകന്‍ മറിയത്തിന്റെ ജീവിതമാകെ സംഗ്രഹിക്കുന്നുണ്ട്. തന്റെയുണ്ണി ദേവാലയത്തില്‍ റബ്ബിമാരോട് സംസാരിക്കുന്നത് കണ്ട് അവള്‍ വിസ്മയിക്കുന്നു. അവളുടെ സൗമ്യശാസനത്തിന് മറുപടി അവന്‍ പറഞ്ഞത് അവള്‍ ഗ്രഹിച്ചില്ല. പിന്നെയെല്ലാം സംക്ഷേപിച്ചുകൊണ്ട് സുവിശേഷകന്‍ പറയുന്നു: ‘അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.’ ശിമയോന്‍ പ്രവചിച്ചതുപോലെ തന്റെ മകന്‍ ‘വൈരുദ്ധ്യത്തിന്റെ ചിഹ്ന’മാവുകയും (ലൂക്ക2.34) അവനു പിശാചുണ്ടെന്നും സുബോധം നഷ്ടപ്പെട്ടെന്നു പോലും (മാര്‍ക്കോസ് 3.21-22) ആക്ഷേപമുയരുകയും ചെയ്യുമ്പോഴും മറിയം എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുകയാണ്. അവള്‍ക്ക് ഗ്രഹിക്കാവുന്നതിലും അപ്പുറമാണ് മകന്റെ പ്രവൃത്തികള്‍. ദൈവദൂതന്റെ മഹിമയുടെ വാക്കുകളില്‍ നിന്നും ധ്രുവങ്ങളുടെ അകലത്തിലാണ് മകന്റെ മാര്‍ഗങ്ങള്‍. അപ്പോഴൊക്കെ അവള്‍ ധ്യാനനിമഗ്നയായി അവന്റെ ചുവടുകളെ പിന്‍ഗമിക്കുന്നു, അതെ, കാല്‍വരിയെത്തുവോളം.

മറിയത്തിന്റെ ആധ്യാത്മികതയാണിത്. ഗ്രഹിക്കാനാവാത്തതിനൊക്കെ ഹൃദയത്തില്‍ ഇടം കൊടുക്കുക. ഒരിക്കല്‍ അവളുടെ ഉദരത്തില്‍ വചനം വളര്‍ന്ന് മാംസവും ജീവനുമായതുപോലെ ഹൃദയത്തിലവള്‍ സംവഹിച്ച വചനരഹസ്യവും മെല്ലെ വളര്‍ന്ന് അവളില്‍ ക്രിസ്തുവിനെ രൂപപ്പെടുത്തുകയാണ്. മറിയത്തിന്റെ ഉദരത്തിലെന്നതുപോലെ, ഹൃദയത്തിലും വചനം മാംസമായി. ഇതാണ് മറിയത്തിന്റെ ആദ്ധ്യാത്മികത: ആദ്യം വിശ്വസിക്കുക, വിശ്വാസം ആത്മസമര്‍പ്പണമാക്കുക, പിന്നെ വിശ്വസിച്ചവയെ ഹൃദയത്തില്‍ മനനം ചെയ്ത് മെല്ലെ അറിയുകയും അറിവിനാല്‍ രൂപാന്തരപ്പെടുകയും ചെയ്യുക. വിശ്വാസത്തില്‍ നിന്നും സ്‌നേഹത്തിലൂടെ അറിവിലേക്ക്.

വിശ്വാസത്തിനെപ്പോഴുമുണ്ട് കാഴ്ചവൃത്തത്തിനപ്പുറമൊരു വെളിപാടിന്റെ ഭൂമിക. വിശ്വാസനിലാവിനുമാത്രം നയിക്കാവുന്ന ഇടം. ശിശുഹൃദയങ്ങള്‍ക്കു മാത്രം തെളിഞ്ഞുകിട്ടുന്ന ഈ നിലാവെളിച്ചത്തിലേക്ക് നമ്മെയും പിച്ചവെച്ചു നടത്താന്‍ നമുക്കൊരു അമ്മയുണ്ടല്ലോ. നെഞ്ചില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ച്, സന്ദേഹങ്ങളും അവ്യക്തതകളുമൊക്കെ അകമിഴിയുടെ വെളിച്ചത്തില്‍ നവമായ് ദര്‍ശിച്ച് ധ്യാനിച്ചു നില്‍ക്കുന്ന അവളുടെ ചിത്രത്തിലേക്കു നോക്കുക. അവളില്‍ നിന്നാവണം ക്രിസ്തു തന്നെയും ഏകാന്തതയെയും പ്രണയിക്കാന്‍ പഠിച്ചത്. മലമുകളും വിചനമായ പ്രദേശവുമൊക്കെ അവനൊത്തിരി പ്രിയമായിരുന്നല്ലോ. ഉത്തരമൊന്നും ഉരിയാടാതെ നിശ്ബദനായി മറഞ്ഞുനിന്ന പിതാവിനു മുമ്പില്‍ എല്ലാം സമര്‍പ്പിച്ച് ശാന്തമായുറങ്ങാന്‍ കുരിശില്‍വച്ച് അവന് കരുത്തു പകര്‍ന്നതും അമ്മയുടെ ആദ്യ പാഠങ്ങളായിരുന്നു.

സംശയത്തിന്റെ മഴമേഘങ്ങള്‍ മനസില്‍ ഇരുള്‍ വിതറുന്നതും ചോദ്യങ്ങളൊക്കെയും ദൈവത്തിന്റെ നിശബ്ദത വിഴുങ്ങുന്നതും നിന്റെയും അനുഭവമല്ലേ? വിശ്വാസത്തിന്റെ വലിയ ആഴങ്ങളിലേക്ക് നീയും വിളിക്കപ്പെടുകയാണെന്ന് അറിയുക. മറിയത്തെപ്പോലെ നീയും കൂടുതല്‍ പ്രിയമുള്ളവനാവുകയാണ് ദൈവത്തിന്. അവളുടെ വിശ്വാസം നിനക്കും നിലാവാകട്ടെ. ഇരുളില്‍ വഴി നടത്തുന്ന മേഘദീപമാവട്ടെ.

~ റവ. ഡോ. രാജീവ് മൈക്കിള്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles