ക്യൂബയിലെ ഉപവിയുടെ നാഥ

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ക്യൂബയിലെ പ്രസിദ്ധമായ മരിയഭക്തിയാണ് ഉപവിയുടെ നാഥ അഥവാ ഔര്‍ ലേഡി ഓഫ് എല്‍ കോബ്രെ. 1612 ലാണ് ഉപവിയുടെ നാഥയുടെ ചരിത്രം തുടങ്ങുന്നത്. ലോകപ്രസിദ്ധമായ ഉപവിയുടെ നാഥയുടെ തിരുസ്വരൂപം കോളനിവല്ക്കരണ ലക്ഷ്യവുമായെത്തിയ സ്‌പെയിന്‍കാര്‍ സ്‌പെയിനിലെ ടൊളേദോയില്‍ നിന്ന് കൊണ്ടു വന്നതാണ്. ടോളേദോയിലെ ഇല്ലെസ്‌കാസില്‍ സമാനമായൊരു രൂപം വണക്കപ്പെടുന്നുണ്ട്.

ഉപവിയുടെ നാഥയുടെ ഭക്തിയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. സമുദ്രയാത്രകള്‍ക്കിടയില്‍ ഇംഗ്ലീഷ് കടല്‍കൊള്ളക്കാരില്‍ നിന്നുള്ള സംരക്ഷണത്തിനായി സ്പാനിഷ് കപ്പിത്താന്മാര്‍ മരിയന്‍ രൂപങ്ങള്‍ കൈവശം കരുതുക പതിവായിരുന്നു.

ഒരിക്കല്‍ റോഡ്രിഗോ, ജുവാന്‍ ഡി ഹൊയോസ് എന്നീ റെഡ് ഇന്ത്യക്കാരും ജുവാന്‍ മൊറേനോ എന്നൊരു ആഫ്രിക്കന്‍ പയ്യനും ഉപ്പ് തേടി നിപ്പേ ഉള്‍ക്കടയിലിലേക്ക് യാത്രയായി. ഇന്ന് എല്‍ കോബ്രെ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്ത് ഒരു കശാപ്പുശാലയില്‍ ഇറച്ചി കേടാകാതെ സൂക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഉപ്പ്.

ഉള്‍ക്കടലില്‍ വച്ച് ശക്തമായ ഒരു കൊടുങ്കാറ്റുണ്ടായി. അവരുടെ ചെറിയ തോണി ആടിയുലഞ്ഞു. കുട്ടിയായ ജുവാന്‍ പരിശുദ്ധ കന്യാമാതാവിന്റെ ഒരു കാശുരൂപം ധരിച്ചിട്ടുണ്ടായിരുന്നു. മൂന്നു പേരും ചേര്‍ന്ന് മാതാവിനോട് തങ്ങളെ കാത്തുരക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു.

പെട്ടെന്ന് ആകാശം തെളിഞ്ഞു. കൊടുങ്കാറ്റ് ശാന്തമായി. ഏതാനും വാര അകലെയായി ഏതോ ഒരു വിചിത്രവസ്തു വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് അവര്‍ കണ്ടു. അവര്‍ അതിന്റെ നേര്‍ക്ക് തുഴഞ്ഞപ്പോള്‍ തിരമാലകള്‍ ആ വസ്തുവിനെ അവരുടെ നേര്‍ക്ക് അടുപ്പിച്ചു. ആദ്യം അതൊരു പക്ഷിയാണെന്നാണ് അവര്‍ ധരിച്ചത്. എന്നാല്‍ അതെടുത്തു നോക്കിയപ്പോള്‍ അത് ഉണ്ണിയേശുവിനെ എടുത്തു നില്‍ക്കുന്ന പരിശുദ്ധ കന്യാമാതാവിന്റെ രൂപമാണെന്ന് അവര്‍ക്ക് മനസ്സിലായി. വലം കൈയില്‍ സ്വര്‍ണനിറത്തിലുള്ള ഒരു കുരിശുമുണ്ടായിരുന്നു. ആ രൂപം ഒരു ബോര്‍ഡില്‍ ചേര്‍ത്തു കെട്ടിയ നിലയിലായിരുന്നു. അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: ഞാന്‍ ഉപവിയുടെ കന്യകയാണ്. ഏറ്റവും അത്ഭുതകരമായി അനുഭവപ്പെട്ടത് വെളളത്തില്‍ കിടന്നിരുന്ന ആ രൂപത്തില്‍ തീരെ നനവുണ്ടായിരുന്നില്ല എന്നതാണ്.

സന്തോഷം കൊണ്ട് മതിമറന്ന് അവര്‍ തങ്ങളുടെ നാടായ ബരാജുവാഗയിലേക്ക് മടങ്ങി. ആ തിരുസ്വരൂപം അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഡോണ്‍ ഫ്രാന്‍സിസ്‌കോ സാഞ്ചസ് ഡി മോയയെ കാണിച്ചു. മാതാവിന്റെ സ്തുതിക്കായി ഒരു ചാപ്പല്‍ പണികഴിപ്പിക്കാന്‍ ഡോണ്‍ ഉത്തരവിട്ടു.

ഒരു രാത്രി, തിരുസ്വരൂപം കാണാന്‍ വേണ്ടി റോഡ്രിഗോ ചെന്നു നോക്കിയപ്പോള്‍ രൂപം അപ്രത്യക്ഷമായിരിക്കുന്നതായി അയാള്‍ കണ്ടു. ആളെക്കൂട്ടി ഏറെ അന്വേഷിച്ചെങ്കിലും രൂപം കണ്ടെത്തിയില്ല. അടുത്ത ദിവസം രാവിലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ മരിയന്‍ രൂപം അള്‍ത്താരയില്‍ വീണ്ടും കാണപ്പെട്ടു. ചാപ്പല്‍ താഴിട്ടു പൂട്ടിയിരുന്നതിനാല്‍ അത് അസാധാരണമായിരുന്നു. ഇങ്ങനെ മൂന്നു പ്രാവശ്യം സംഭവിച്ചു. മാതാവിന് മറ്റൊരുടമാണ് ആവശ്യം എന്നൊരു അനുമാനത്തില്‍ നാട്ടുകാരെത്തി.

അവര്‍ തിരുസ്വരൂപം എടുത്ത് എല്‍ കോബ്രെ എന്ന സ്ഥലത്ത് കൊണ്ടു പോയി സ്ഥാപിച്ചു. പള്ളികളില്‍ മണിയടിച്ചും ആര്‍പ്പുവിളിച്ചും ജനങ്ങള്‍ മാതാവിന്റെ രൂപം സ്വീകരിച്ചു. അങ്ങനെയാണ് ഉപവിയുടെ മാതാവിന് എല്‍ കോബ്രെയിലെ ഉപവിയുടെ നാഥ എന്ന് പേരു വന്നത്. എന്നാല്‍ പുതിയ സ്ഥലത്ത് വന്നിട്ടും ഇടയ്ക്കിടെ രൂപം അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

ഒരു ദിവസം ജബ്ബാ എന്നു പേരായ ഒരു പെണ്‍കുട്ടി പുറത്തു കളിച്ചു കൊണ്ടിരുന്നപ്പോള്‍ സിയെറ മയേസ്ട്ര മലകളിലേക്ക് ചെന്നു. അവിടെയുള്ള ഒരു ചെറിയ കുന്നില്‍ അതാ നില്‍ക്കുന്നു ഒരു ചെറിയ രൂപം! കുഞ്ഞിന്റെ സാക്ഷ്യം ചിലര്‍ വിശ്വസിക്കുകയും മറ്റു ചിലര്‍ അവിശ്വസിക്കുകയും ചെയ്തു. എന്തായാലും അവസാനം മാതൃരൂപം ആ സ്ഥലത്ത് എത്തിക്കുകയും അവിടെ മാതാവിന്റെ ബഹുമാനാര്‍ത്ഥം ഒരു പള്ളി പണിയുകയും ചെയ്തു.

ആ സമയത്താണ്, 1801 മെയ് 19ന് സ്‌പെയിനിലെ ചാള്‍സ് നാലാമന്‍ ഒരു ഉത്തരവ് ഇറക്കിയത്. എല്‍ കോബ്രെ ചെമ്പു മൈനുകളില്‍ പണിയെടുത്തിരുന്ന അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു അത്.

ക്യൂബയിലെ തിരുസ്വരൂപത്തിന് 16 ഇഞ്ച് ഉയരം മാത്രമേയുള്ളൂ. ചുട്ടെടുത്ത കളിമണ്ണു കൊണ്ടു നിര്‍മിച്ചതായിരുന്നു മാതാവിന്റെ ശിരസ്സ്. അത് മിനുസമുള്ള വെള്ള പൊടി കൊണ്ട് ആവരണം ചെയ്തിരുന്നു. തിളങ്ങുന്ന ഒരു ചന്ദ്രക്കലയുടെ മേലാണ് മാതാവ് നില കൊണ്ടിരുന്നത്. സ്വര്‍ണച്ചിറകുകള്‍ വിടര്‍ത്തിയ മാലാഖമാര്‍. മാതാവിന്റെ കൈയിലിരുന്ന് അനുഗ്രഹിക്കുന്ന ഉണ്ണിയേശു.

1915 സെപംതംബര്‍ 24 ന് ക്യൂബയിലെ വിപ്ലവകാരികള്‍ ഉപവിയുടെ നാഥയെ ക്യൂബയുടെ ഔദ്യോഗിത മധ്യസ്ഥയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് എഴുതി. 1916 മെയ് 10ന് ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ ഉപവിയുടെ നാഥയെ ക്യൂബയുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചു. പതിനൊന്നാം പിയൂസ് മാര്‍പാപ്പാ 1936 ഡിസംബര്‍ 20 ന് മാതൃരൂപത്തില്‍ കാനോനീക കിരീടം ധരിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles