മാതാവിന്റെ വിമലഹൃദയം നമുക്കായ് തുറന്നിരിക്കുന്നു.

~ റോസമ്മ ജോസഫ് , കാഞ്ഞിരപ്പള്ളി

 

നമ്മുടെ മനസ്സില്‍ ബാല്യകാലത്ത് ഉണ്ടായിരുന്ന വികാരങ്ങള്‍ ഒന്നോര്‍ത്തുനോക്കാം. അന്ന് ക്രിസ്മസ് രാത്രിയില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും അയല്‍വാസികളോടും ഒക്കെ ചേര്‍ന്ന് പള്ളിയില്‍ പോയതിന്റെ ഓര്‍മ്മകള്‍. ‘നല്ല തണുപ്പുള്ള രാത്രിയില്‍ കുളിരാല്‍ വിറയ്ക്കുന്ന കുഞ്ഞുണ്ണീശോയെ, നിന്നെ ഞാന്‍ തഴുകുന്നു, മുത്തുന്നു’ എന്ന സുകൃതജപം ചൊല്ലിക്കൊണ്ട് എത്ര ഉത്സാഹത്തോടെയാണ് പള്ളിയില്‍ പോകുന്നത്. അവിടെ പാതിരാത്രിയില്‍ ഉണ്ണീശോ ജനിക്കുമ്പോള്‍ പടക്കം പൊട്ടിച്ചതും കമ്പിത്തിരിയും പൂത്തിരിയും കത്തിച്ചതുമെല്ലാം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഒരു വലിയ ഉണ്ണീശോയെ തൂവാലയില്‍ പൊതിഞ്ഞ് പുല്‍ക്കൂട്ടില്‍ കിടത്തിയിരിക്കുന്നു. മാതാവിനും യൗസേപ്പിതാവിനും അത്രയും വലുപ്പമില്ല. കുര്‍ബാന കഴിഞ്ഞ് ഉണ്ണീശോയെ മുത്തി തിരിച്ചുപോരും. അന്നു രാത്രിയില്‍ തന്നെ കരോള്‍സംഘം ക്രിസ്മസ് ഫാദറുമായി പാട്ടുകള്‍ പാടി വീടുകള്‍ തോറും കടന്നുവരും. വീട്ടിലെ അലങ്കരിച്ച പ്രധാന മേശയില്‍ അവര്‍ ഉണ്ണീശോയെ കൊണ്ടുവന്നു വയ്ക്കും. പള്ളിയില്‍ നിന്ന് വികാരിയച്ചനും ചില വര്‍ഷങ്ങളില്‍ വരാറുണ്ടായിരുന്നു. അവര്‍ക്കെല്ലാം കാപ്പിയും പലഹാരങ്ങളും കേക്കകളും ഒക്കെ കൊടുത്തുവിടുന്നത് സന്തോഷത്തോടെ ഓര്‍ക്കുന്നു.

ലോകരക്ഷകനായ ഈശോയെ സംരക്ഷിക്കാന്‍ വേണ്ടി യൗസേപ്പിതാവിനും മാതാവിനും എത്രയേറെ സഹനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. മാനവരക്ഷയ്ക്കു വേണ്ടി മാതാവ് ഈശോയുടെ പീഢാസഹനത്തില്‍ സഹരക്ഷകയായി. ഒരമ്മയ്ക്കുണ്ടായ നൊമ്പരങ്ങള്‍ എത്രയേറെയാണ്. സഹനങ്ങളെ അവര്‍ ഏറ്റെടുത്ത വിധങ്ങളൊക്കെ മനസ്സിലാക്കുന്നത് പക്വത പ്രാപിക്കുമ്പോഴാണല്ലോ.

ഭക്തിയോടെ ജപമാല ചൊല്ലാനും മാതാവിനോട് ചേര്‍ന്ന് സഹനങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കും സാധിക്കണം. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് പരി. അമ്മയുടെ സാമീപ്യം അനുഭവവേദ്യമാകും. അമ്മയുടെ സാമീപ്യമാണല്ലോ നാം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും. നമുക്ക് ജന്മം തന്ന അമ്മ മരിച്ചുപോയാലും പരി. മാതാവ് നമുക്ക് സമീപത്തുണ്ടല്ലോ. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും പരി. അമ്മ ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങിയതു പോലെ, നമ്മുടെ അനുദിന ജീവിതത്തില്‍ പോരായ്മകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മളും അപ്രകാരം ചെയ്യേണ്ടതല്ലേ.

ഒരനുഭവം ഓര്‍മ്മ വരുന്നു. എന്റെ കൂട്ടുകാരിക്ക് ഒരു വലിയ ദുഃഖം ഉണ്ടായിരുന്നു. മക്കളൊക്കെ വലുതായി എല്ലാ സാഹചര്യങ്ങളും ഉണ്ടെങ്കിലും സ്വന്തമായിട്ട് ഒരു വീടുവയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ. അങ്ങനെയിരിക്കെ, മാതാവിനെക്കുറിച്ചുള്ള ഒരു ധ്യാനപ്രസംഗത്തില്‍, മാതാവിന്റെ വ്യാകുലങ്ങള്‍, പ്രസവിക്കാന്‍ സത്രത്തില്‍ ഇടം കിട്ടാത്ത അവസ്ഥ, സഹനങ്ങള്‍, ഇതെല്ലാം കേട്ടപ്പോള്‍ ആ മകളുടെ ഹൃദയത്തെ പരിശുദ്ധാത്മാവ് സ്പര്‍ശിച്ചു. ആ ദുഃഖത്തില്‍ നിന്ന് അവള്‍ക്ക് വിടുതല്‍ കിട്ടി.

ഒക്ടോബര്‍ മാസത്തില്‍ മെജുഗോറിയില്‍ പോകാന്‍ എനിക്ക് ഈശോ ഒരു അവസരം തന്നു. പോകുന്നതിനു മുമ്പ് മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ചൊല്ലണം. ജപമാല ചൊല്ലണം, ഉപവാസം, നോമ്പ് ഒക്കെ കൃത്യമായി നോക്കണം. ആത്മാര്‍ത്ഥമായി ഇതൊക്കെ ചെയ്തു. ഞങ്ങളുടെ ടീം ഫാ. പ്രസാദ് ്‌കൊണ്ടുപറമ്പിലിന്റെ നേതൃത്വത്തിലാണ് പോയത്. ആകെ നാല് പുരോഹിതരും ഉണ്ടായിരുന്നു. അവിടെ മാതാവ് പ്രത്യക്ഷപ്പെട്ടത് പാറക്കൂട്ടങ്ങളുള്ള മലമുകളിലാണ്. മുകളിലേക്ക് നോക്കിയാല്‍ അല്പം ഭയം തോന്നും. കൂടെയുള്ളവരുടെ സഹായവും, മാതാവ് കൈയില്‍ പിടിക്കുന്ന ഒരനുഭവവും കിട്ടിയപ്പോള്‍ മലകയറ്റം എളുപ്പമായി. എല്ലാ പുതിയ അനുഭവം ആയിരുന്നു. ദൈവികാന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശം. താഴെ പള്ളിയും ആരാധനാ ചാപ്പലും, എന്നും വൈകിട്ട് വി. കുര്‍ബാനയര്‍പ്പണം, ടൂറിസ്റ്റുകള്‍ എല്ലാം യുറോപ്യന്മാര്‍. പ്രായമായവരും കുട്ടികളും എല്ലാം കഴുത്തില്‍ തൂവാലയും കൈയില്‍ കൊന്തയും പിടിച്ച് നടക്കുന്ന കാഴ്ചമാത്രം.

എനിത്ത് മാതാവ് അവിടെവച്ച് ഒരു സന്ദേശം തന്നു. ‘ നീ ആരെപ്പറ്റിയെങ്കിലും ഓര്‍ക്കുമ്പോള്‍ ഒരു കുറ്റംവിധി അല്ലെങ്കില്‍ ഒരു സ്‌നേഹക്കുറവ്, അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ഫലം കിട്ടുന്നില്ലല്ലോ എന്ന ചിന്തകള്‍ വന്നാല്‍, അവരെ എന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കുക. ഞാന്‍ അവരെ ഏറ്റെടുക്കും. നീ പിന്നീട് വിഷമിക്കേണ്ടി വരുകയില്ല. ഇത് എനിക്ക് ഒത്തിരി സന്തോഷവും സമാധാനവും തന്നു. ഞാന്‍ അനുസരിച്ചു. ഫലം കിട്ടിത്തുടങ്ങി. തിരുവചനങ്ങള്‍ ജീവിതത്തില്‍ വേണ്ടവിധത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തടസ്സം മാറിക്കിട്ടി. ജീവിതം കൂടുതല്‍ എളുപ്പമാണ്. ഈശോയോടു ചേര്‍ന്നുള്ള ജീവിതം എത്ര മനോഹരം! അതായത് ക്രിസ്തീയ ജീവിതം മനോഹരമാക്കാന്‍ മാതാവിനോടുള്ള ഭക്തി ഒത്തിരി സഹായിക്കും എന്നുറപ്പായി. മാതാവിന്റെ സാമീപ്യം അനുഭവിച്ചതിന്റെ ഒരു അടയാളമായി മനസ്താപം കൂടുതല്‍ അനുഭവപ്പെട്ടു. അവിടെ നടത്തിയ കുമ്പസാരത്തിലും അത് ബോധ്യപ്പെട്ടു. ഒത്തിരി ക്ഷമിക്കുവാനുള്ള മേഖലകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നതിന് വിടുതല്‍ കിട്ടി. വി. മദര്‍ തെരേസ പറയുന്നുണ്ട് ‘മറ്റുള്ളവരെ നീ വിധിച്ചാല്‍ നിനക്ക് അവരെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല’ മറ്റുള്ളവരെ കുറ്റം വിധിക്കാനുള്ള പ്രലോഭനം വരുമ്പോള്‍ അവരെ മാതാവിന്റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്.

നമ്മെത്തന്നെ മുഴുവനായും മാതാവിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കാം. നമ്മുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും മാതാവിന്റെ വിമലഹൃദയത്തിലൂടെ യേശുവിന്റെ നാമത്തില്‍ പിതാവിന് സമര്‍പ്പിക്കണം. നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് എന്തു ചോദിച്ചാലും അത് ലഭിക്കും എന്ന് തിരുവചനം പറയുന്നു. നിങ്ങള്‍ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തു തരാന്‍ കഴിവുള്ളവനാണ് അവിടുന്ന് എന്ന് നമുക്കറിയാമല്ലോ. അതിനാല്‍ നമ്മുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പ്രാര്‍ത്ഥനകളും എല്ലാം മാതാവിന്റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കാം. ഇത് വായിക്കുന്ന പ്രിയ സഹോദരങ്ങളോട് ഇതൊന്ന് പ്രാവര്‍ത്തികമാക്കി നോക്കണമെന്നുകൂടി അപേക്ഷിക്കുന്നു.

നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് നിന്നോടു കൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമെ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ. ആമേന്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles