കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പോസ്തലേറ്റിനു തുടക്കം
കാഞ്ഞിരപ്പള്ളി: കേരളത്തിൽനിന്നുള്ള രാജ്യാന്തര കുടിയേറ്റങ്ങൾ നാടിന്റെ സന്പദ്ഘടനയുൾപ്പെടെ സമഗ്ര വളർച്ചയ്ക്കു കൂടുതൽ കരുത്തേകിയെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ ജീവിത വെല്ലുവിളികളിൽ കേരളജനതയ്ക്കു താങ്ങും തണലുമായി പ്രവർത്തിക്കുന്ന പ്രവാസിമക്കളുടെ സേവനം അതിവിശിഷ്ടമാണ്. കാർഷിക പ്രതിസന്ധിയുടെ നാളുകളിൽ പല കുടുംബങ്ങളും ജീവിതം കരുപ്പിടിപ്പിക്കുന്നതു കേരളത്തിനു പുറത്തു വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ പിന്തുണ കൊണ്ടാണ്. മാറിയ കാലഘട്ടത്തിൽ ആഗോളതലത്തിലുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ യുവതലമുറയ്ക്കാകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിൽ മോഡറേറ്ററായിരുന്നു. പ്രവാസി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ റവ.ഡോ. മാത്യു പായിക്കാട്ട് ആമുഖ പ്രഭാഷണവും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തി.
ബ്രിട്ടനിലെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട രൂപതാംഗമായ ടോം ആദിത്യയെ മാർ മാത്യു അറയ്ക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ഡെന്നി കൈപ്പനാനി (സൗദി അറേബ്യ) ആശംസകൾ നേർന്നു. അമൽജ്യോതി കോളജ് അസിസ്റ്റന്റ് മാനേജർ ഫാ. ബെന്നി കൊടിമരത്തുമൂട്ടിൽ, എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, പാസ്റ്ററൽ കൗണ്‍സിൽ മെംബർ ഡോ. ജൂബി മാത്യു, പ്രഫ. മനോജ് ടി. ജോയ്, എസ്എംവൈഎം രൂപത പ്രസിഡന്റ് ജോമോൻ പൊടിപാറ എന്നിവർ പ്രവാസി കോണ്‍ഫറൻസിനു നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.