ദൈവകാരുണ്യ നൊവേന- ആറാം ദിവസം
ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്
കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.
ധ്യാനം:-
എളിമയും ശാന്തതയുമുള്ളവരുടെയും കൊച്ചു കുട്ടികളുടേയും, ആത്മാക്കളെ ഇന്ന് എന്‍റെ സമീപത്ത് കൊണ്ടുവരിക. അവരെ എന്‍റെ കരുണക്കടലില്‍ മുക്കിയെടുക്കുക. എന്‍റെ ഹൃദയവുമായി ഏറ്റവും അടുത്ത സാരൂപ്യമുള്ളവരാണിവര്‍. എന്‍റെ ക്ലേശങ്ങളില്‍ എന്നെ ശക്തിപ്പെടുത്തിയത് അവരാണ് എന്‍റെ അള്‍ത്താരയില്‍ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാലാഖമാരായി ഞാന്‍ അവരെ കണ്ടു. പ്രസാദവരങ്ങളുടെ സര്‍വ്വസമ്പത്തും ഞാനവരുടെമേല്‍ വര്‍ഷിക്കും. എളിമ നിറഞ്ഞ സ്നേഹം മാത്രമാണ് എന്‍റെ പ്രസാദവരങ്ങള്‍ സ്വീകരിക്കുവാന്‍ യോഗ്യമായിട്ടുള്ളത്. എന്‍റെ ഉറപ്പ് അവരില്‍ നിക്ഷേപിച്ചുകൊണ്ട് ഞാന്‍ എളിയ ആത്മാക്കളെ അനുഗ്രഹിക്കുന്നു.
പ്രാര്‍ത്ഥന:-
ഏറ്റവും കരുണയുള്ള ഈശോ, ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍ നിന്നു പഠിക്കുവിന്‍ എന്ന് അങ്ങുതന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ. വിനീതഹൃദയരുടേയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിര്‍ഭരമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവിക സിംഹാസനത്തിനു മുമ്പാകെ സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവര്‍. അവയുടെ മധുര സുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവ് നിറഞ്ഞ ഹൃദയം ഈ ആത്മാക്കള്‍ക്കൊരു നിത്യഗേഹമാണ്. സ്നേഹത്തിന്‍റെയും കരുണയുടേയും ഒരു മധുരഗാനം അവര്‍ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
നിത്യനായ പിതാവേ, കനിവുറവയായ ഈശോയുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെയും ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയയുള്ള ദൃഷ്ടികള്‍ പതിക്കണമേ. അങ്ങേ പുത്രന്‍റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാണവര്‍. ഭൂമിയില്‍ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ, സര്‍വ്വനന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹത്തെപ്രതിയും, അങ്ങേയ്ക്ക് ഇവരിലുള്ള പ്രസാദത്തെ പ്രതിയും ഞാന്‍ യാചിക്കുന്നു. ലോകം മുഴുവനേയും അങ്ങ് അനുഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളും ഒരുമിച്ച് അങ്ങയുടെ കരുണയുടെ സ്തുതികള്‍ പാടിപ്പുകഴ്ത്തുവാന്‍ ഇടവരട്ടെ. എപ്പോഴും എന്നേക്കും. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
ലുത്തിനിയ:
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു
മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ.
പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.
സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ!
പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!
പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!
അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ!
അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ!
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ!
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ!
സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ!
സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ!
പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ!
മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!
പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ!
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!
വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!
എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!
എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!
കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ
കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.
(ഇവിടെ ഇന്നത്തെ നമ്മുടെ നിയോഗങ്ങള്‍ സമര്‍പ്പിക്കാം)
പ്രാര്‍ത്ഥിക്കാം:
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.