നാവിനെ നിയന്ത്രിക്കുന്നതു കൊണ്ടുള്ള അത്ഭുതകരമായ നേട്ടങ്ങള്‍ എന്തെല്ലാം?
“അധരഫലം ഉപജീവനമാര്‍ഗം നേടിക്കൊടുക്കുന്നു; അധരങ്ങള്‍ സംതൃപ്തി വിളയിക്കുന്നു. ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും; അതിനെ സ്നേഹിക്കുന്നവന് അതിന്റെ കനി ഭുജിക്കണം” (സുഭാഷിതങ്ങള്‍ 18:21) എന്ന് നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. നാവ് വഴിയായി ചെയ്ത പാപങ്ങള്‍ കൊണ്ട് സഹനമനുഭവിക്കുന്ന ആത്മാക്കളാല്‍ ശുദ്ധീകരണസ്ഥലം നിറഞ്ഞിരിക്കുകയാണ്.
വിവിധങ്ങളായ പാപങ്ങള്‍ക്കു നമ്മുടെ നാവ് കാരണമാകുന്നുണ്ട്. “നിശബ്ദത വഴിയായി ഒരാത്മാവിന് ലഭിക്കുന്നത് വളരെ മഹത്തായ അനുഗ്രഹമാണ്” എന്ന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നു. നിശബ്ദത ഒരാത്മാവില്‍ നീതിയെ വിളയിക്കും എന്ന് ഏശയ്യ പ്രവാചകന് എഴുതിയിട്ടുണ്ട്.
ചുരുക്കത്തില്‍ നാവിനെ നിയന്ത്രിച്ചു നിശബ്ദത അഭ്യസിക്കുവാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. കലഹങ്ങളുടേയും, അപവാദങ്ങളുടേയും, നീരസങ്ങളുടേയും, ഉത്കണ്ഠയുടേയും വേരുകള്‍ നശിപ്പിക്കുവാന്‍ നിശബ്ദത ഏറെ സഹായിക്കുന്നു. അതുപോലെ നിരവധി നന്മകള് നേടുന്നതിനും നിശബ്ദത ഏറെ ഉപകാരപ്പെടുന്നു.
വിചിന്തനം:
നമ്മുടെ നാവ് മൂലം നിരവധി പാപങ്ങളാണ് നാം ഓരോ ദിവസവും ചെയ്യുന്നത്. ഇതിന് പാപ പരിഹാരമെന്നനിലയില്‍, ഒരു ദിവസത്തേക്ക് നിശബ്ദത ആചരിക്കുകയും അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക. വ്യര്‍ത്ഥ സംഭാഷണങ്ങള്‍ക്കു സമയം നല്‍കാതെ ദൈവത്തെ മഹത്വപ്പെടുത്താനായി ഇനിയുള്ള ഓരോ ദിവസവും മാറ്റിവെക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്യുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.