നൈജീരിയയിൽ ഈ വർഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവർ
അബൂജ: 2019 വർഷത്തിൽ നൈജീരിയയിൽ ആയിരത്തിലധികം ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം ആറായിരത്തിനു മുകളിൽ വരും.
ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണമാണ് ഒരു കാരണം. കാലികളെ മേയ്ച്ചു ജീവിക്കുന്ന ഫുലാനികൾ എന്ന മുസ്ലിം വിഭാഗം കർഷകരായ ക്രൈസ്തവർക്കു നേരേ നടത്തുന്ന തന്ത്രപരമായ ആക്രമണമാണ് രണ്ടാമത്തെ കാരണം. ക്രൈസ്തവർക്കും പാശ്ചാത്യ വിദ്യാഭ്യാസം നല്കുന്ന സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണങ്ങൾക്കു കുപ്രസിദ്ധിയാജിച്ച തീവ്രവാദ സംഘടനയാണ് ബോക്കോ ഹറാം. നൈജർ, ചാഡ്, കാമറോൺ എന്നീ അയൽരാജ്യങ്ങളിലും ഇവർ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി ബോക്കോ ഹറാം നടത്തുന്ന ആക്രമണങ്ങൾക്ക് മുസ്ലിംകളും ഇരകളാകുന്നുണ്ട്. അതേസമയം, ബോക്കോ ഹറാമിനേക്കാൾ വലിയ ഭീഷണിയാണ് ഫുലാനികൾ ഉയർത്തുന്നത്. ക്രൈസ്തവരുടെ കൃഷിഭൂമി പിടിച്ചെടുക്കാനായി തന്ത്രപരമായ നീക്കങ്ങളാണ് ഇവർ നടത്തുന്നത്. ഗ്രാമങ്ങൾ ആക്രമിച്ച് ക്രൈസ്തവരെ പുറത്താക്കി ഭൂമി പിടിച്ചെടുത്തു താമസം തുടങ്ങും. ‘നിങ്ങളുടെ ഭൂമി, അല്ലെങ്കിൽ നിങ്ങളുടെ രക്തം’ എന്നതാണ് ഇവരുടെ മുദ്രാവാക്യം. അടുത്ത വർഷങ്ങളിൽ ഇവരുടെ ആക്രമണങ്ങൾ വർധിച്ചു. മതവും വംശീയതയും ഉൾപ്പെട്ട വലിയൊരു പ്രശ്നമായി ഇതു വളരുകയാണെന്ന് റിപ്പോർട്ടിയിൽ മുന്നറിയിപ്പു നല്കുന്നു. ഫുലാനി വിഭാഗത്തിൽപ്പെട്ട നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, ഫുലാനികളുടെ ആക്രമണം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.