പുതിയ ചൈതന്യത്തോടെ പുതുവര്‍ഷത്തിലേക്ക്
ഓരോ പുതിയ വര്‍ഷവും ദൈവത്തിന് നന്ദി പറയാനുള്ള ഒരു അവസരമാണ്. ദൈവത്തിന്റെ കരുതലിന്റെയും പ്രത്യേകമായ സ്‌നേഹത്തിന്റെയും കഥയാണ് ഓരോ പുതിയ വര്‍ഷവും പറയുന്നത്. ദൈവവചനം പറയുന്നത് പോലെ, ‘ഒരു കാര്യം ഞാന്‍ ഓര്‍മിക്കുന്നു. അത് എനിക്ക് പ്രത്യാശ നല്‍കുന്നു. കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്’ (വിലാപങ്ങള്‍ 3: 21). നാം ജീവിച്ചിരിക്കുന്നു എന്നതും സന്തോഷത്തോടെ ആയിരിക്കാന്‍ കഴിയുന്നു എന്നതും കര്‍ത്താവിന്റെ വലിയ കാരുണ്യത്തിന്റെ തെളിവാണ്.
ഒരു നിമിഷം പിന്നിലേക്കു നോക്കി നന്ദി പറയാനുള്ള അവസരമാണ് ഓരോ പുതിയ വര്‍ഷവും നമുക്ക് നല്‍കുന്നത്. പലപ്പോഴും നമുക്ക് ലഭിച്ചിരിക്കുന്ന നന്മകള്‍ കാണുന്നതിലും തിരിച്ചറിയുന്നതിലും നാം പരാജയപ്പെടുന്നു എന്നതാണ് നമ്മെ സന്തോഷമില്ലാത്തവരാക്കി തീര്‍ക്കുന്നത്. നമ്മുടെ കണ്ണുകള്‍ എപ്പോഴും നഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം കാണുന്നു. കിട്ടാതെ പോയവയെ കുറിച്ച് മാത്രം നാം ചിന്തിക്കുന്നു. കിട്ടിയവയെ കുറിച്ച ഓര്‍ക്കാനും ധ്യാനിക്കാനും ഉള്ള അവസരം കൂടിയാണ് പുതുവര്‍ഷപ്പുലരി.
ക്രിസ്തീയ ജീവിതം ആനന്ദത്തിന്റേതാണെന്ന് പരിശുദ്ധ പിതാവായ ഫ്രാന്‍സിസ് പാപ്പാ പറയുന്നു. സന്തോഷമില്ലാതെ ക്രിസ്തീയ ജീവിതമില്ല എന്ന് പാപ്പാ തീര്‍ത്തു പറയുന്നു. ജീവിതത്തിന്റെ ക്ലേശങ്ങളില്‍ പോലും നാം ക്രിസ്തുവില്‍ ആശ്രയവും പ്രത്യാശയും കണ്ടെത്തണം. ക്രിസ്തുവാണ് നമ്മുടെ സന്തോഷത്തിന്റെ ആധാരവും കാരണവും.
വീഴ്ചകളില്‍ നിന്നും പാഠം പഠിക്കാനും അവ തിരുത്തി കൂടുതല്‍ കരുത്താര്‍ജിക്കാനുമുള്ള സന്ദേശവും പുതിയ വര്‍ഷം നമുക്ക് നല്‍കുന്നുണ്ട്. ജീവിത ഭാരങ്ങളില്‍ തളര്‍ന്നു പോയവരോട് കര്‍ത്താവിന്റെ വചനം പറയുന്നു: ‘തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു. ദുര്‍ബലന് ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം. ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും.’ (ഏശയ്യാ 40: 19).
നന്ദിപൂര്‍വം, ഭാവിയെ കുറിച്ചുള്ള പ്രത്യാശയോടെ നമുക്ക് പുതിയ വര്‍ഷത്തിലേക്ക് കടക്കാം. ‘നിങ്ങളെ കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനുള്ളതല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി’ എന്ന് ജെറെമിയായിലൂടെ കര്‍ത്താവ് അരുളി ചെയ്യുന്നു. കര്‍ത്താവിനെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് നന്മയുടെ സമൃദ്ധി നല്‍കും എന്ന വിശ്വാസത്തോടെ ഈ പുതിയ വര്‍ഷത്തിലേക്ക് നമുക്ക് പ്രവേശിക്കാം. എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!
യേശുവില്‍ സ്നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.