റഷ്യന്‍ സഹായത്തോടെ പുതിയ ഹഗിയ സോഫിയ ഉയരും
ഡമാസ്ക്കസ്: പുരാതന ക്രിസ്ത്യന്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ ഹാഗിയ സോഫിയയുടെ പതിപ്പ് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടം രംഗത്ത്. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെയായിരിക്കും ഹാഗിയ സോഫിയയുടെ മാതൃകയിലുള്ള ദേവാലയം നിര്‍മ്മിക്കുക. മധ്യ പ്രവിശ്യയായ ഹാമായിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ഭൂരിപക്ഷ നഗരമായ അല്‍-സുക്കൈലാബിയയിലാണ് ഹാഗിയ സോഫിയയുടെ സമാനമായ ചെറു പതിപ്പ് നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
സിറിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവനായ നബിയുല്‍ അല്‍-അബ്ദുള്ള എന്ന വ്യക്തിയാണ് ഈ ആശയത്തിന് പിന്നില്‍. ഇദ്ദേഹം തന്നെയാണ് നിര്‍മ്മാണത്തിനു വേണ്ട സ്ഥലം സംഭാവന ചെയ്തിരിക്കുന്നത്. ഹമായിലെ മെട്രോപ്പോളിറ്റനായ നിക്കോളാസ് ബാല്‍ബക്കിയുടെ അംഗീകാരത്തിനു ശേഷം പദ്ധതിയുടെ രൂപരേഖ സിറിയയിലെ റഷ്യന്‍ സൈന്യത്തിന് സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് ലെബനോന് ആസ്ഥാനമായ വാര്‍ത്താ പത്രം അല്‍-മോഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഡാക്കിയയിലെ ഹമെയിമിംമിലുള്ള റഷ്യന്‍ സൈനിക കേന്ദ്രത്തിലെ ഒരു സംഘം നിര്‍മ്മാണത്തിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
തുര്‍ക്കിയില്‍ നിന്നും വിഭിന്നമായി, വിവിധ മതങ്ങളുമായി സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന സിറിയ തന്നെയാണ് പുതിയ ഹാഗിയ സോഫിയയുടെ നിര്‍മ്മാണത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റഷ്യന്‍ നിയമസാമാജികനായ വിറ്റാലി മിലോനോവ് അഭിപ്രായപ്പെട്ടതായി അറബിക് വാര്‍ത്താ പത്രമായ ‘റായ് അല്‍-യൗം’മിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിലുള്ള എതിര്‍പ്പിനെ വകവെക്കാതെ 86 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്താംബൂളിലെ പുരാതന ബൈസന്റൈന്‍ ദേവാലയമായ ഹാഗിയ സോഫിയയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടന്നിരിന്നു.
ഇതിനെതിരെ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുകയാണ്. സിറിയയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തുന്ന തുര്‍ക്കിയോടുള്ള പ്രതികാരം കൂടിയായും സര്‍ക്കാര്‍ നിലപാടിനെ നോക്കുകാണുന്നവരുണ്ട്. ക്രൈസ്തവ ദേവാലയങ്ങള്‍ സിറിയയിലും തകര്‍ക്കപ്പെടുന്നുണ്ടെന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെങ്കിലും, തുര്‍ക്കിയുടെ മതപരമായ അസഹിഷ്ണുതക്കെതിരെയുള്ള കനത്ത തിരിച്ചടിയായാണ് ഈ നീക്കത്തെ പൊതുവേ നിരീക്ഷിക്കുന്നത്.