നേറ്റിവിറ്റി സ്റ്റോറി

ക്രിസ്തുവിന്റെ പിറവി പോലെ ലോകമനസ്സിനെ സ്വാധീനിച്ച സംഭവങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. പവിത്രമായ ആ ജനനത്തിന്റെ ഓര്‍മകള്‍ മനുഷ്യമനസ്സിന്റെ സനാതനമായ തരളവികാരങ്ങളാണ്. ധനുമാസ രാവേറ്റുവാങ്ങിയ ഹര്‍ഷവും നിര്‍വൃതിയും ആനന്ദവും ഇന്നും നമ്മുടെ ക്രിസ്മസ് രാത്രികളുടെ ഉള്‍പുളകമാണ്. എന്നാല്‍ നമ്മുടെ മനസ് തിരുപ്പിറവിയില്‍ ഏകാഗ്രമാകുന്നതു കൊണ്ടാകാം, തിരുപ്പിറവിയുടെ പശ്ചാത്തലങ്ങള്‍ വിരളമായേ നമ്മുടെ ധ്യാനങ്ങളിലും ചിന്തകളിലും വരാറുള്ളൂ. തിരുജനനത്തിനു മുന്നോടിയായ ചരിത്രത്തിലെ ചില മൗനങ്ങള്‍! ചലച്ചിത്രങ്ങളില്‍ പോലും അപൂര്‍വമായ, അധികമാരും ശ്രദ്ധ വയ്ക്കാതിരുന്ന ഒരു മേഖലയിലേക്കാണ് കാതറിന്‍ ഹാര്‍ഡ്‌വിക് എന്ന സംവിധായിക തന്റെ കാമറ ചലിപ്പിക്കുന്നത്, സമീപകാലത്തെ ഏറ്റവും മികച്ച ക്രിസ്മസ് ചിത്രങ്ങളിലൊന്നായ ദ നേറ്റിവിറ്റി സ്റ്റോറിയില്‍.

തിരുപ്പിറവിയിലാണ് നേറ്റിവിറ്റി സ്റ്റോറി ഫലം ചൂടുന്നത്. അത് പറയുന്ന കഥയാകട്ടെ ആ ഫലം പുഷ്പിക്കുന്ന പ്രക്രിയയും. ഓരോ ഇതള്‍ വിരിയുന്നതിന്റെയും സുക്ഷ്മചിത്രങ്ങള്‍ മിഴിവോടെ പ്രേക്ഷകര്‍ക്കു കാണിച്ചു തരുന്നു എന്നതാണ് നേറ്റിവിറ്റിയുടെ വിജയം. ഒറ്റ വാക്കില്‍ ആര്‍ദ്രമധുരം എന്നു വിളിക്കാം, അതീവഹൃദ്യമായ ഈ ചിത്രത്തെ. ഈ ആര്‍ദ്ര മാധുര്യം അനുഭവിച്ചറിയണമെങ്കില്‍ അത് കാണുക തന്നെ വേണം. യേശുവിന്റെ ജനനത്തിനു കളമൊരുക്കാന്‍ വേണ്ടി മാത്രം ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ട നിര്‍വികാര ജീവികളായിരുന്നു മേരിയും ജോസഫും എന്ന അസ്വാഭാവികമായ സങ്കല്പങ്ങളെ ഉടച്ചുവാര്‍ ത്ത് അവര്‍ക്കിടയിലേക്ക് നിര്‍മലമാനുഷികത്തിന്റെ പുതുസ്‌നേഹനിശ്വാസമൂതുന്ന കാഴ്ച മനസ്സില്‍ മകരമഞ്ഞു പെയ്യുന്ന അനുഭവമാണ്. സ്വാഭാവികതയിലും തികച്ചും മാനുഷികഭാവങ്ങളിലും ദൈവികത പൂവിടുന്ന സുന്ദരമായ കാഴ്ചകളാണ് ചിത്രത്തെ സമ്പന്നവും ഹൃദ്യവുമാക്കുന്നത്. ആത്മീയത ശൂന്യാകാശത്തില്‍ നിന്നു വരുന്നതല്ല, മണ്ണില്‍ മുളച്ചു പൊന്തുന്ന വയുടെ നിര്‍മലതേജസ്സാണെന്ന പാഠം കൂടി ഈ സുന്ദരമായ ചിത്രം നല്‍കുന്നു.

പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച മേരി വീര്‍ത്ത ഉദരവുമായി സ്വന്തം വീട്ടുകാരെ അഭിമുഖീകരിക്കുന്ന രംഗം ചിത്രീകരിച്ചിരി ക്കുന്ന യാഥാര്‍ത്ഥ്യബോധം സവിശേഷമാണ്. ഉലഞ്ഞുനില്‍ക്കുന്ന ഒരു കുടുംബം. വിശദീകരണവാക്കുകളറിയാത്ത നിസഹായമായ ഒരു കൗമാരം. ദൈവം നിശബ്ദനായാല്‍ ദൈവ ത്തിനായി നിലകൊള്ളുന്നവരെന്തു ചെയ്യും? ദൈവം വെളിപ്പെടുത്തും വരെ അവര്‍ കടന്നു പോകുന്ന നീറ്റലുകള്‍… മേരിയുടെയും ജോസ ഫിന്റെയും ആന്തരികസംഘര്‍ഷങ്ങള്‍ പച്ചമണ്ണിന്റെ ഗന്ധം ചാലിച്ച് ഈ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ നമുക്കത് ശരിക്കും മന സ്സിലാകുന്നു. ഒരു പക്ഷേ, ജീവിതത്തിലാദ്യമായി. മേരിക്കും ജോസഫിനുമിടയിലെ സ്‌നേഹം വളര്‍ന്നു വരുന്നതായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. സുന്ദരമാണീ വളര്‍ച്ച. പ്രകൃതിയുടെ സ്വാഭാവികത പോലെ. പൂവിരിയും പോലെ. അതിനായി സംവിധായിക ഉപയോഗിച്ചിരിക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും ഹൃദയസ്പര്‍ശിയാണ്.

കിഴക്കന്‍ പ്രദേശത്തെ ജ്ഞാനികളുടെ സഞ്ചാരം സമാന്തരമായി ചിത്രീകരിച്ചിരിക്കുന്നു. അവരുടെ സന്ദേഹങ്ങളും ആവേശങ്ങളും യാത്രയിലെ വിസ്മയക്കാഴചകളുമെല്ലാം നമ്മുടെ ധാരണകള്‍ക്ക് കുറേക്കൂടി വ്യക്തത നല്‍കുന്നു. ദൈവത്തെ തേടുന്ന മനുഷ്യരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ അനാവശ്യമായ അതിഭൗതികതയോ അസാധാരണത്വമോ കൊണ്ട് ചിത്രത്തെ ഭാരപ്പെടുത്താതിരുന്ന സംവിധായിക പ്രത്യേകം അഭിന്ദനമര്‍ഹിക്കു ന്നു. എല്ലാം സ്വാഭാവികം, എല്ലാം സാധാരണം, എല്ലാം വിശ്വസനീയം എന്ന ബോധ്യപ്പടുത്തുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം. പരിശുദ്ധാത്മാവ് മേരിയുടെമേല്‍ വരുന്ന രംഗത്തിന്റെ സ്വാഭാവികയോര്‍ത്താല്‍ മതി അതിന് ഉദാഹരണായിട്ട്. ശിരസ്സിനു മേല്‍ ചിറകടിച്ച് പാഞ്ഞുപോയി ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന ഒരു പ്രാവ്. സ്‌പെഷല്‍ ഇഫക്ടുകള്‍ പോലുമില്ല.
കീഷ കാസില്‍ ഹ്യസ് മേരിയുടെ കഥാപാത്രത്തെ അതിമനോഹരമാക്കിയിരിക്കുന്നു. ആ നിഷ്‌കളങ്കമായ ഗ്രാമീണലാവണ്യമാര്‍ന്ന മുഖം മനസ്സില്‍ നിലനില്ക്കും. ഓസ്‌കര്‍ ഐസക് ജോസഫിന്റെ വേഷവും മികവുറ്റതാക്കിയിട്ടുണ്ട്. ഷോണ്‍ ടോബ്, സിയറെന്‍ ഹൈന്‍ഡ്‌സ്, ഹിയാം അബ്ബാര്‍സ് തുടങ്ങിയ വരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം മൈക്കിള്‍ ഡാന. ഹാര്‍ട്ട്‌ലാന്റ് ഫിലിം ഫെസ്റ്റിവലില്‍ ട്രൂലി മൂവിംഗ് പിക്ചര്‍ അവാര്‍ഡ്, എപ്പി ഫനി പ്രൈസ്, ഗ്രേസ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ നേറ്റിവിറ്റി സ്റ്റോറിയുടെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 41 മിനിറ്റാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles