സഭൈക്യ ആഹ്വാനവുമായി നസ്രാണി മഹാസംഗമം
കുറവിലങ്ങാട്: സഭാസ്നേഹത്തിന്റെ പുതുചരിത്രവും സഭൈക്യആഹ്വാനവും മുഴക്കി മരിയൻ പ്രത്യക്ഷീകരണ കേന്ദ്രവും നസ്രാണി തറവാടുമായ കുറവിലങ്ങാട്ട് നസ്രാണികൾ സംഗമിച്ചു. ദേവമാതാ കോളജ് ഗ്രൗണ്ടിലെ സെന്റ് തോമസ് നഗറിൽ മാർത്തോമാ പാരന്പര്യമുള്ള സഭകളിലെ 23 സഭാധ്യക്ഷന്മാരും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുത്ത സംഗമം സഭാ ചരിത്രത്തിൽ ഇടംപിടിച്ചു.
ഉച്ചകഴിഞ്ഞ് 2.25ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽനിന്നു സഭാധ്യക്ഷന്മാരെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മഹാസംഗമം ഉദ്ഘാടനം ചെയ്തു. സഭകൾക്കു വ്യത്യസ്തമായ ആരാധനാ രീതികളും ഭരണക്രമവും ഉണ്ടെങ്കിലും ഇവയൊന്നും തച്ചുടയ്ക്കാതെ വിശ്വാസത്തിന്റെയും സന്മാർഗത്തിന്റെയും സുവിശേഷ സാക്ഷ്യത്തിന്റെയും അടിസ്ഥാനത്തിൽ യോജിക്കാവുന്ന മേഖലകൾ ഏറെയുണ്ടെന്നു കർദിനാൾ പറഞ്ഞു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ക്രൈസ്തവ സഭയുടെ ഉറങ്ങാത്ത കാവൽക്കാരനാണെന്നു മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മലങ്കര സുറി യാനി കത്തോലിക്ക സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യസന്ദേശം നൽകി. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന ക്രൈസ്തവ ശുശ്രൂഷയ്ക്കു ചാലകശക്തിയേകാൻ നസ്രാണി സംഗമത്തിനു കഴിയുമെന്നു മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. മാർത്തോമ സഭാ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭയുടെ മാർ അപ്രേം മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.