മാതൃഭക്തിയുടെ തണലില്‍ ജീവിക്കാം!

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍

 

അമ്മ പറഞ്ഞാല്‍ മകന് കേള്‍ക്കാതിരിക്കാന്‍ പറ്റുമോ? അതും മകനെ അത്രയേറെ സ്‌നേഹിച്ച ഒരമ്മ. ഇതു തന്നെയാണ് പരിശുദ്ധ കന്യകാ മാതാവിന്റെ മാധ്യസ്ഥ ശക്തിയുടെ രഹസ്യം. കാനായിലെ കല്യാണ വിരുന്നിലെ സംഭവം നോക്കുക. വിവാഹം എന്ന ശുഭ കാര്യം നടക്കുന്ന വീട്ടിലെ വീഞ്ഞ് തീര്‍ന്നു പോയി. വീട്ടുകാര്‍ക്ക് ആകെ നാണക്കേടാകും എന്ന് കണ്ട മാതാവ് ഉടനെ മകനായ യേശുവിനെ വിളിച്ച് കാര്യം പറയുന്നു. എന്റെ സമയം ഇനിയും ആയിട്ടില്ല എന്നാണ് യേശു ആദ്യം മറുപടി പറയുന്നതെങ്കിലും മാതാവിനു വേണ്ടി അവിടുന്ന് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കുകയാണ്.

ഈ സംഭവത്തിന് ഫുള്‍ട്ടന്‍ ജെ ഷീന്‍ നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. യേശുവിനെ സംബന്ധിച്ച് സമയം ആവുക എന്നാല്‍ തന്റെ പീഡാസഹനത്തിലേക്കും കുരിശു മരണത്തിലേക്കും അടുക്കുക എന്നാണ്. കാനായില്‍ അത്ഭുതം പ്രവര്‍ത്തിച്ചാല്‍ യേശുവിന്റെ പരസ്യജീവിതത്തിന് ആരംഭമാകും. പരസ്യജീവിതത്തിന് ആരംഭമായാല്‍ മരണത്തിലേക്കുള്ള വഴി തുറക്കുന്നു എന്നാണര്‍ത്ഥം. അതിനാലാണ് എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് യേശു ആദ്യം പറയുന്നതെന്ന് ബിഷപ്പ് ഷീന്‍ അഭിപ്രായപ്പെടുന്നത്. താന്‍ മരണത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുകയാണ് എന്നറിഞ്ഞിട്ടും മാതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഈശോ അത്ഭുതം പ്രവര്‍ത്തിക്കുകയാണ്. മാതാവ് പറഞ്ഞാല്‍ മകന് ഒന്നും നിരസിക്കാന്‍ ആവില്ല എന്ന് സാരം.

ആദ്യകാലം മുതല്‍ക്കേ കത്തോലിക്കാ വിശ്വാസികള്‍ക്കിടയിലും വിശുദ്ധര്‍ക്കിടയിലും ഇങ്ങനെയൊരു വിശ്വാസം നിലവിലുണ്ട്. മാതാവ് വഴിയായി ചോദിക്കുന്നതൊന്നും ലഭിക്കാതിരിക്കുകയില്ല. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ മാധ്യസ്ഥത്തില്‍ അപേക്ഷിച്ചിട്ടുള്ള ഒരു കാര്യവും തനിക്ക് ലഭിക്കാതിരുന്നിട്ടില്ല എന്ന് വി. ഡോണ്‍ ബോസ്‌കോ പറഞ്ഞിട്ടുണ്ട്. വി. ജോണ്‍ മരിയ വിയാനി, വി. ഡോമിനിക്, വി. അല്‍ഫോന്‍സ് ലിഗോരി, വി. ലൂയി ഡി മോണ്‍ഫോര്‍ട്ട് തുടങ്ങിയവരൊക്കെ വലിയ മരിയഭക്തരായിരുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് പാപ്പയുമെല്ലാം മാതാവിനോട് വലിയ ഭക്തിയുള്ളവരായിരുന്നു. താന്‍ ദിവസവും മൂന്നു ജപമാല വരെ ചൊല്ലുമെന്ന് ഫ്രാന്‍സ്സിസ് പാപ്പാ പറഞ്ഞിട്ടുണ്ട്. ഈ തിരക്കിനിടയില്‍ മാര്‍പാപ്പായ്ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തു കൊണ്ട് നമുക്ക് അതിന് ശ്രമിച്ചു കൂടാ?

മാതാവിന്റെ മാധ്യസ്ഥം വഴി അപേക്ഷിച്ചാല്‍ അനുഗ്രഹങ്ങള്‍ ദൈവം നേരത്തെ നല്‍കും എന്ന് പലരുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്നു. രക്ഷകന്റെ ജനനത്തിനായി മാതാവും യൗസേപ്പിതാവും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചതു കൊണ്ട് ദൈവം തന്റെ മകനെ ലോകത്തിലേക്ക് വേഗത്തില്‍ അയച്ചു എന്ന് ‘വി. യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര’ എന്ന സിസ്റ്റര്‍ റാണി ചുരുളിയില്‍ SABS വിവര്‍ത്തനം ചെയ്ത പുസ്തകത്തില്‍ പറയുന്നു. ദൈവാനുഗ്രഹം സമയമാകും മുമ്പേ വാങ്ങിത്തരാന്‍ കഴിവുള്ളവളാണ് നമ്മുടെ അമ്മ.  മാതാവിനോടുള്ള ഭക്തി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നാം തീര്‍ച്ചയായും പകര്‍ന്നു കൊടുക്കണം. അവയെല്ലാം പഴയ ആചാരങ്ങളാണെന്ന ധാരണ മാറണം. കുടുംബ സമാധനത്തിനും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പത്തിനും സ്‌നേഹത്തിനും ഈ നല്ല ആചാരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഉത്തരീയ ഭക്തിയിലും ജപമാല ഭക്തിയിലും പുതിയ തലമുറ വളരട്ടെ. തിന്മയുടെ സ്വാധീനത്തില്‍ നിന്ന് അകന്നിരിക്കാന്‍ അത് അവര്‍ക്ക് ശക്തി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles