ഒരു സ്‌നേഹത്തിന്റെ തലോടല്‍

കല്‍ക്കട്ടയിലെ ഒരു മാളികയുടെ മുമ്പില്‍ യാചനാപുര്‍വ്വം മുഖവും,കൈകളും ഒക്കെ ചുക്കിചുളിഞ്ഞ ഒരു വൃദ്ധയായ സ്ത്രീ നില്‍ക്കുന്നു.ആ കൈകളിലേക്ക് തിളങ്ങുന്ന സ്വര്‍ണ്ണമോ വെള്ളിനാണയങ്ങളോ ഒന്നുമല്ലാ മാളികയിലെ ധനികന്‍ നല്‍കിയത്, മറിച്ച് അസഭ്യവാക്കുകള്‍ക്കൊപ്പം കാര്‍ക്കിച്ചുള്ള തുപ്പലായിരുന്നു. കണ്ണുനീര്‍ തുടച്ചുകൊണ്ട് തുപ്പല്‍ പുരണ്ട ആ കൈ പിന്നിലേക്ക് മാറ്റി തന്റെ ഇടതുകൈ നീട്ടി ആ സ്ത്രീ പിന്നെയും ചോദിച്ചു. ‘എനിക്കുള്ളത് അങ്ങ് തന്നു കഴിഞ്ഞു ഇനി എന്റെ മക്കള്‍ക്കുള്ളത് തന്നാലും’.

തെരുവിലെ അനേകായിരം മക്കള്‍ക്ക് അമ്മയായി മാറിയ വി. മദര്‍ തെരേസയായിരുന്നു വൃദ്ധയായ ആ സ്ത്രീ. കല്‍ക്കട്ടയിലെ ചേരിപ്രദേശത്ത് പാവങ്ങള്‍ക്കൊപ്പം പാവപ്പെട്ടവരെ പോലെ ജന്മ നാടും, വീടും ഒക്കെ ഉപേക്ഷിച്ച് ആ അമ്മ ജീവിച്ചു. 1979-ല്‍ നോബല്‍ സമ്മാനം ലഭിച്ചതു മുതലായിരുന്നു അമ്മയുടെ ജീവിതം ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.ലോകത്തിലെ പ്രമുഖരുടെ മദ്ധ്യേ പാവങ്ങളുടെ അമ്മ ആദരിക്കപ്പട്ട അവസരത്തില്‍ ഇടറുന്ന ശബ്ദത്തിലൂടെ അമ്മ ലോകത്തോട് പറഞ്ഞത് സ്‌നേഹത്തിന്റെ സുവിശേഷത്തെ പറ്റിയായിരുന്നു.എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് സ്‌നേഹത്തിന്റെ കരങ്ങള്‍ കൊണ്ട് നല്‍കിയ ശുശ്രൂഷയുടെ അനുഭവങ്ങളായിരുന്നു അന്ന് അമ്മ ലോകത്തോട് പറഞ്ഞത്.

ഭക്ഷിക്കാന്‍ ഒന്നുമില്ലാത്തത് മാത്രമല്ല ദാരിദ്രം,ദാരിദ്രം എന്നാല്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് താനാര്‍ക്കും വേണ്ടാത്തവനാണെന്നുള്ള ചിന്ത കൂടിയാണ്.തെരുവില്‍ മാത്രമല്ല ദരിദ്രരുള്ളത് ,കുടിലില്‍ മാത്രമല്ല ദരിദ്രര്‍ വസിക്കുന്നത്,..മറിച്ച് നമ്മുടെയൊക്കെ ഭവനങ്ങളിലും ദരിദ്രര്‍ വസിക്കുന്നുണ്ട്. എഴുപതുവഴസ്സ് കഴിഞ്ഞ മാതാപിതാക്കളെ മക്കളക്ക് ഇന്ന് ഭാരമാണ്. മുറിയുടെ ഏതെങ്കിലും കോണില്‍ മക്കള്‍ കല്‍പ്പിക്കുന്നതുപോലെ ചുരുണ്ടുകൂടി കഴിയുമ്പോള്‍ അവരനുഭവിക്കുന്ന ദാരിദ്രം ശമിപ്പിക്കുവാന്‍ ഒരു ഭക്ഷണപദാര്‍തത്തിനും കഴിയുകയില്ല.ശീദീകരിച്ച ഭവനങ്ങളില്‍ വസിക്കുമ്പോഴും സ്‌നേഹത്തിന്റെ കുളിര്‍മ്മ അവര്‍ക്ക് ലഭിക്കാതെ വരുമ്പോള്‍ അവര്‍ ദരിദ്രരായി മാറുന്നു.

മദര്‍ തെരേസ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി ഭവനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവിടെയൊക്കെ സംന്ദര്‍ഷിക്കുമ്പോള്‍ ആ വൃദ്ധരായമാതാപിതാക്കള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ തോന്നാറുണ്ട് എന്ന് മദര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.അവര്‍ക്ക് എല്ലാ സൗകര്യങ്ങളും,ശുശ്രൂഷയും നല്‍കിയിട്ടും മുഖത്ത് സന്തോഷം കാണാന്‍ കഴിയുകയില്ല.

വിഷാദത്തിന്റെയും,പ്രതീക്ഷയുടെയും നിഴലാട്ടം മാത്രമാണ് ആ മുഖങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നത്.തെരുവിലേക്ക് തള്ളിവിട്ട മക്കള്‍ എന്നങ്കിലുമൊരിക്കല്‍ തങ്ങളെ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷ ആ മുഖങ്ങളില്‍ നിഴലിക്കുന്നു.കാരണം നൊന്തുപെറ്റ അമ്മയ്ക്ക് മക്കളെ സ്‌നേഹിക്കാന്‍ മാത്രമേ കഴിയുകയുള്ളു.സ്‌നേഹിക്കുമ്പോഴാണ് വേദനയുണ്ടാകുന്നത്.നമ്മുടെ ഉള്ളില്‍ സ്‌നേഹത്തിന്റെ മുത്തുകള്‍ രൂപപ്പെടുന്നത് സ്‌നേഹിക്കുമ്പോഴാണ്.അതുകൊണ്ടാണ് ചിലരോടൊക്കെ എന്നന്നേക്കുമായി യാത്രപറഞ്ഞപ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞത്.നൊന്തുപ്പെറ്റ അമ്മയ്ക്ക് തന്റെ മക്കള്‍ എന്നും അമൂല്യരാണ്.അവരെ സ്‌നേഹം കൊണ്ട് പൊതിയാനാണ് മാതാപിതാക്കള്‍ക്ക് എന്നും താല്പര്യം.

ഒരു ദിവസം സുര്യനസ്തമിച്ച നേരം തെരുവിലെ മാലിന്യങ്ങള്‍ക്കിടയില്‍ എന്തോ അനങ്ങുന്നതായ മദര്‍ തെരേസ കണ്ടു. അതിന്റെ അടുത്തേക്ക് ചെന്നുനോക്കിയപ്പോള്‍ നടുങ്ങിപ്പോയി.മുഖവും കൈകളും കാലുകളും ഒക്കെ ജീര്‍ണ്ണിച്ച വൃദ്ധയായ ഒരു സ്ത്രീ.അവരുടെ മുഖത്തിന്റെ ഒരു ഭാഗം മുഴുവനും എലി കടിച്ചു തിന്നിരിക്കുന്നു. സ്‌നേഹപൂര്‍വ്വം അവരുടെ വൃണങ്ങള്‍ അമ്മ വെച്ചുകെട്ടി. അമ്മയുടെ കരങ്ങളില്‍ കിടന്ന അവസാന നിമിഷങ്ങളില്‍ ആ സ്ത്രീ ഒന്നും പറഞ്ഞില്ല.ആരെയും ശപിച്ചില്ല ,ഒന്നും ആവിശ്യപ്പെട്ടതുമില്ല. മറിച്ച് സ്‌നേഹപൂര്‍വ്വം രണ്ടു കരങ്ങളും ചേര്‍ത്തുപിടിച്ച് നമസ്‌കരിച്ചു.സമാധാന പൂര്‍വ്വം അവര്‍ മരണത്തെ പുല്‍കി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ സ്ഥാനത്തു താനായിരുന്നെങ്കിലെന്ന് അമ്മ ചിന്തിച്ചു.ഒരു പക്ഷേ അലമുറയിട്ട് കരഞ്ഞേക്കാം, പരവേഷപ്പെട്ട് പലതും ആവിശ്യപ്പെട്ടക്കാം…എന്നാല്‍ ആ സ്ത്രീ നിഷ്ബദയായി സന്തോഷപൂര്‍വ്വം ആ വേദനകളെല്ലാം സഹിച്ചു.നന്ദി മാത്രമായിരുന്നു അവസാന നിമിഷങ്ങളില്‍ അവര്‍ക്ക് നല്‍കാനുണ്ടായിരുന്നത്.ആ വൃദ്ധയായ സ്ത്രീയെ ചേരിയിലേക്ക് മാലിന്യങ്ങള്‍ക്കൊപ്പം മക്കള്‍ ഉപേക്ഷിച്ചതായിരിക്കാം.അങ്ങനെയായതുകൊണ്ടായിരിക്കാം വേദനയുടെ നിമിഷത്തിലും പരിഭവം കൂടാതെ അവര്‍ക്ക് എല്ലാം സഹിക്കാന്‍ കഴിഞ്ഞത്.കാരണം അമ്മയുടെ സ്‌നേഹം ഏത് വേദനകളെയും സഹിക്കാന്‍ പ്രാപ്തിയുള്ളതാണ്.മക്കളുടെ കരങ്ങള്‍കൊണ്ട് വേദനകളെ പുല്‍കുമ്പോള്‍ ഒരമ്മയ്ക്കും ആ വേദന കഠിനമുള്ളതാവുകയില്ല.കാരണം സ്‌നേഹത്തിന്റെ ഔഷധം കൊണ്ട് അതെല്ലാം സ്വയം ചികിഝിക്കാനവര്‍ക്കറിയാം.

നോബല്‍ സമ്മാനം ഏറ്റു വാങ്ങിയപ്പോള്‍ മദര്‍ തെരേസ ലോകത്തോട് പറഞ്ഞ സന്ദേശം ഇതായിരുന്നു. ‘സ്‌നേഹം കുടുംബത്തില്‍ നിന്നു ആവിര്‍ഭവിക്കുന്നു’. ഇത് നഷ്ടപ്പെടുന്ന കുടുംബങ്ങളിലെല്ലാം കലഹവും,നൈരാശ്യവും മാത്രമായിരിക്കും മുതല്‍ കുട്ടായിയുണ്ടാവുക. സ്‌നേഹം പുഷ്പിക്കുന്നിടമാണ് കുടുംബം.അവിടെനിന്ന് സ്‌നഹത്തിന്റെ ആദ്യ സ്രോതസ്സുകളായ മാതാപിതാക്കളെ തന്നെ മക്കള്‍ തള്ളി തെരുവിലേക്കിറക്കുമ്പോള്‍ ആരോ എവിടെയോ കുറിച്ചിട്ട രണ്ടു വരികള്‍ ഓര്‍മ്മയില്‍ വരുന്നു. ‘അമ്മേ പുറത്താക്കി കതകടച്ചവന്റെ വിരലുകളിലൊന്ന് കതകിനിടയില്‍പെട്ടപ്പോള്‍ അവന്‍ അദ്യം വിളിച്ചതും അമ്മേ എന്ന്’.

~ ലിബിന്‍ ജോ മാത്യൂ ~

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles