അമ്മയുടെ കത്ത്
അന്നത്തെ വി.കുർബാന മധ്യേ വികാരിയച്ചൻ്റെ അറിയിപ്പ് ഇപ്രകാരമായിരുന്നു:
”സ്നേഹമുള്ളവരെ ഇന്നലെ രാത്രി അമ്മ നിര്യായായി….
നിങ്ങളുടെ പ്രാർത്ഥനകളിൽ എൻ്റെ അമ്മയെക്കൂടി ഓർക്കുമല്ലോ?”
കുർബാനയ്ക്കു ശേഷം
ഏതാനും ചിലർ അച്ചനോട് ചോദിച്ചു:
“അച്ചാ, എപ്പോഴാണ് സംസ്ക്കാര ചടങ്ങ്, അച്ചൻ പോകുന്നുണ്ടോ?”
“ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ
ഇത്ര ദൂരം യാത്ര ചെയ്യുക സാധ്യമല്ല.
എൻ്റെ അവസ്ഥ വീട്ടുകാർ മനസിലാക്കും.
നിങ്ങളും പ്രാർത്ഥിക്കണം…”
പ്രാർത്ഥിക്കാമെന്ന് പറഞ്ഞ്
ഇടവകക്കാർ യാത്രയായപ്പോൾ
അച്ചൻ പള്ളിയിലേക്ക് പോയി.
അവിടെയിരുന്ന് അൾത്താരയിലെ ക്രൂശിതരൂപം നോക്കിയിരുന്നപ്പോൾ
പഴയകാല ഓർമകൾ മനസിലേക്ക് വന്നു.
അമ്മയെഴുതിയ കത്തുകൾ
പള്ളിയിലിരുന്ന് വായിച്ചു:
“മകനേ….
നിൻ്റെ ജീവിതത്തിലെ ചില ദുഃഖങ്ങളും പ്രതിസന്ധികളും നീ ഒറ്റയ്ക്ക് അതിജീവിക്കേണ്ടതായ് വരും.
ചേർത്തു പിടിക്കാനോ കൂടെ നിൽക്കാനോ ആരുമുണ്ടായെന്നു വരില്ല.
ഏതൊരവസ്ഥയിലും ദൈവത്തോട് വിശ്വസ്തനായിരിക്കുക.
അവിടുന്ന് നിന്നോട് ചേർന്ന് നിൽക്കും.
പ്രിയപ്പെട്ടവരിൽ പലരുടെയും മരണ സമയത്ത് കൂടെയായിരിക്കാൻ ചിലപ്പോൾ സാധിച്ചെന്നു വരില്ല. ഒരു പക്ഷേ അമ്മ മരിക്കുമ്പോഴും നിനക്ക് എത്തിച്ചേരാൻ കഴിഞ്ഞെന്നു വരില്ല. അമ്മയ്ക്കതിൽ തെല്ലും വിഷമമുണ്ടാകില്ല.
നീ എവിടെയായിരുന്നാലും
നിൻ്റെ ശുശ്രൂഷ തുടരുക….
അതിനേക്കാൾ വലിയ സന്തോഷം
അമ്മക്ക് കിട്ടാനില്ല. അമ്മയുടെ
പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും….”
കോവിഡിൻ്റെ വ്യാപനം കൂടുന്ന ഇക്കാലയളവിൽ പ്രിയപ്പെട്ടവരോട്
കൂടെയായിരിക്കാൻ പലർക്കും സാധിക്കുന്നില്ല.
വീടുകാരിൽ നിന്നും അകന്ന് വിദൂരത്തും വിദേശത്തും ജോലി ചെയ്യുകയും
പഠിക്കുകയും ചെയ്യുന്നവരുടെ
ആശങ്കകൾ വളരെ വലുതാണല്ലോ?
ഇവിടെയാണ് ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിൻ്റെ ആഴം പരീക്ഷിക്കപ്പെടുന്നത്.
ക്രിസ്തു പറഞ്ഞതു പോലെ
ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്ഥാനമിട്ട് വീടു പണിത മനുഷ്യനോടു സദൃശ്യമായിരിക്കണം നമ്മുടെ വിശ്വാസം. വെള്ളപ്പൊക്കത്തിനും ഒഴുക്കിനും പാറമേൽ പണിത വീടിനെ ഇളക്കാന്‍ സാധിക്കില്ല; അത്രയ്ക്ക് ബലിഷ്ഠമാണത്.
( Ref: ലൂക്കാ 6 : 48).
ദൈവമേ….
മഹാമാരിയുടെ മധ്യേ അങ്ങിലുള്ള
വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ
പതറാതെ മുന്നേറാൻ
ഞങ്ങൾക്ക് കരുത്ത് നൽകണമേ….
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.