അമലോത്ഭവയായ ദൈവമാതാവ്‌

~ ഡോയല്‍ സേവ്യര്‍ ~

 

ബൈബിളില്‍ ഉല്പ്പത്തിഗ്രന്ഥം വായിക്കുമ്പോള്‍ ദൈവത്തിന്റെ സൃഷ്ടിയെ നാം കാണുന്നു. അതില്‍ ഉത്തമ സൃഷ്ടിയാണ് മനുഷ്യന്‍ .ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു, സാത്താന്റെ പ്രലോഭനത്തില്‍ വീണ ആദിമാതാവിലൂടെ പാപം ഭൂമിയില്‍ പ്രവേശിച്ചു. ഒരു സ്ത്രീയിലൂടെ പാപം ഭൂമിയില്‍ പ്രവേശിച്ചെങ്കില്‍ ഒരു സ്ത്രീയില്‍നിന്നും ജനിച്ചവനിലൂടെ പാപമോചനവും ദൈവം നല്കി. വി.യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ഇപ്രകാരം പറയുന്നു. ‘നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും’ (യോഹ.8.46). വിലാപങ്ങളില്‍ ഇപ്രകാരം പറയുന്നു. ‘ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു. അവര്‍ മരിക്കുകയും ചെയ്തു. ഞങ്ങള്‍ അവരുടെ അകൃത്യങ്ങള്‍ വഹിക്കുന്നു’ (വിലാ 5.7). ‘പാപത്തോടെയാണ് ഞാന്‍ പിറന്നത്. അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴെ ഞാന്‍ പാപിയാണ്’ (സങ്കീര്‍ത്തനങ്ങള്‍ 51.5). ‘കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമേക്കിന്റെത് ഏഴുപത്തേഴിരട്ടിയായിരിക്കും’ (ഉല്പ്പത്തി 4.24). അങ്ങനെയെങ്കില്‍ യേശുക്രിസ്തുവിനു പാപമില്ലാത്ത അവസ്ഥയില്‍ എങ്ങനെ ഭൂമിയില്‍ ജനിക്കാന്‍ കഴിയുമെന്നു വിശുദ്ധഗ്രന്ഥത്തിലൂടെ നമുക്ക് പരിശോധിക്കാം.

മനുഷ്യന്റെ ജനനത്തെക്കുറിച്ചു ബൈബിള്‍ ഇപ്രകാരം പറയുന്നു. ‘മണ്ണില്‍ നിന്നുള്ള ആദ്യ സൃഷ്ടിയുടെ പിന്‍ഗാമി മാതൃഗര്‍ഭത്തില്‍ ഞാന്‍ ഉരുവായി ദാമ്പത്യത്തിന്റെ ആനന്ദത്തില്‍ പുരുഷബീജത്തില്‍ നിന്നു ജീവന്‍ ലഭിച്ചു പത്തു മാസം കൊണ്ട് അമ്മയുടെ രക്തത്താല്‍ പുഷ്ടി പ്രാപിച്ചു’ (ജ്ഞാനം 7.2). മാതാപിതാക്കന്മാരുടെ പാപസ്വഭാവം രക്തത്തിലൂടെ മനുഷൃന് നല്കപ്പെടുന്നു. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു (1 .യോഹ.1.7).

യേശുവിന്റെ രക്തത്തില്‍ പാപം ഇല്ലാത്തതുമൂലം ആ രക്തം പാപമോചനത്തിനു മതിയായതാണ്. വെളിപാട് ഗ്രന്ഥത്തിലെ വ്യഭിചാരിയുടെ രക്തത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു. ‘പ്രവാചകരുടെയും വിശുദ്ധരുടെയൂം ഭൂമിയില്‍ വിധിക്കപ്പെട്ട സകലരുടെയൂം രക്തം അവളില്‍ കാണപ്പെട്ടു’ (വെളി 18.24). ഇതില്‍ നിന്നും ഒരുകാര്യം നമുക്ക് വ്യക്തമാണ്. യേശുവിന്റെ രക്തത്തില്‍ പാപം ഇല്ലെങ്കില്‍ മറിയത്തിലും പാപമില്ല. അമലോത്ഭവ എന്നറിയപ്പെടുന്ന മറിയ ത്തിലൂടെ മാത്രമേ യേശുവിനു ജനിക്കാന്‍ കഴിയുകയുള്ളൂ എന്ന സത്യം നമുക്ക് മനസ്സിലാക്കാം. ‘ദൈവമേ അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു.

ദൈവത്തില്‍ നിന്ന് ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല’ (1യോഹ.3.9) പന്ത്രണ്ട് ഗോത്രങ്ങളെയും കിരീടമായണി ഞ്ഞ സ്വര്‍ഗത്തിലെ രാജ്ഞിയാണ് കന്യകാമറിയം. മക്കള്‍ക്കുവേണ്ടി നിത്യവും പ്രാര്‍ത്ഥിക്കുന്നതിനായി ദൈവം നല്കിയിരിക്കുന്ന അമ്മയാണ് പരിശുദ്ധ മറിയം. ആദ്യത്തെ പരീക്ഷണത്തില്‍ മനുഷ്യവംശം തന്നെ നാശത്തിനര്‍ഹമായിരുന്നിട്ടും പാപപ്പൊറുതി ലഭിച്ചതിന്റെയും മനുഷ്യവംശത്തെ നിലനിര്‍ത്തുന്നതിന്റെയും കാരണം ഇവള്‍ തന്നെ. അവള്‍ക്കു വേണ്ടി മനുഷ്യനെ സൃഷ്ടിക്കുവാനും അവനെ നിലനിര്‍ത്തുവാനും പാപപ്പൊറുതി കല്പ്പിക്കുവാനും തക്കവണ്ണം അവള്‍ അത്ര വിലപ്പെട്ടവളാണ്. മനോഹരിയായ കന്യക, പരിശുദ്ധയായ കന്യക, അമലയായ കന്യക, സ്‌നേഹിക്കുന്ന കന്യക, പ്രിയങ്കരിയായ പുത്രി, ഏറ്റവും നിര്‍മലയായ അമ്മ സ്‌നേഹമുള്ള മണവാട്ടി.

നന്മ നിറഞ്ഞ മറിയമേ ഞങ്ങളുടെ അമ്മേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles