കുരിശിന് ചുവട്ടിലെ അമ്മ
പരിശുദ്ധ അമ്മ അനുഭവിക്കാനിരിക്കുന്ന സഹനങ്ങളെ കുറിച്ച് ആദ്യം പ്രവചിച്ചത് ശിമയോനാണ്. ശിശുവായ യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാനെത്തിയ സന്ദര്‍ഭത്തിലായിരുന്നു, ശിമയോന്റെ പ്രവചനം. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള് കടന്നു പോകും’. എന്നായിരുന്നു, ദൈവിക ദര്‍ശനം ലഭിച്ച ശിമയോന് അന്ന് പറഞ്ഞത്.
പ്രശസ്ത അമേരിക്കന്‍ ടിവിറേഡിയോ പ്രഭാഷകനായിരുന്ന ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍ യേശുവിന്റെ വരവിനെ കുറിച്ച് ലൈഫ് ഓഫ് ക്രൈസ്റ്റ് എന്ന മഹത്തായ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്: എല്ലാവരും ഈ ഭൂമിയിലേക്ക് വരുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ചരിത്രത്തിലാദ്യമായി ഒരാള്‍ മരിക്കാന്‍ വേണ്ടി ഇതാ മനുഷ്യനായി ജന്മമെടുത്തിരിക്കുന്നു. അത് യേശു ക്രിസ്തുവാണ്. എത്ര ശരിയാണത്. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി സ്വന്ത ജീവിതം ബലിയായി അര്‍പ്പിക്കാനാണ് അവിടുന്ന് ഈ ഭൂമിയില്‍ ഭൂജാതനായത്. ശിമയോന് പ്രവചിച്ചത് യേശുവിനെ പ്രതി പരിശുദ്ധ അമ്മ കടന്നു പോകാനിരിക്കുന്ന സഹനങ്ങളെ കുറിച്ചാണ്.
യേശുവിനെ അവിടുത്തെ ബന്ധുക്കള്‍ തന്നെ നിന്ദിക്കുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. മറ്റൊരിക്കല്‍, യേശുവിനെ മലയുടെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ യഹൂദര്‍ ശ്രമിക്കുന്നതും വിവരിക്കുന്നുണ്ട്. ഇതെല്ലാം പരിശുദ്ധ അമ്മയുടെ ഹൃദയത്തെ എത്ര മാത്രം വേദനിപ്പിച്ചിരിക്കണം. താന്‍ പൊന്നു പോലെ വളര്‍ത്തിയ മകനെ അവസാനം റോമന്‍ പട്ടാളക്കാര്‍ ക്രൂരമായി ഉപദ്രവിക്കുകയും അവിടുത്തെ തോളില്‍ ഭാരമുള്ള ഒരു കുരിശ് വച്ച് കുറ്റവാളിയെ പോലെ തെരുവിലൂടെ നടത്തി കൊണ്ടു പോകുമ്പോള്‍ ആ അമ്മ അതെല്ലാം എങ്ങനെ കണ്ടു നിന്ന് സഹിച്ചു?
യോഹന്നാന് ഒഴികെയുള്ള ശിഷ്യന്മാരെല്ലാം ഓരോ വഴിക്ക് ഓടി മറഞ്ഞപ്പോള്‍ മകന്റെ കൂടെ കുരിശിന് ചുവട്ടില്‍ നിന്നവളാണ് പരിശുദ്ധ മറിയം. അവര്‍ണനീയമായ അവിടുത്തെ പീഡാനുഭവത്തിന്റെ നേരത്ത് മറിയം അനുഭവിച്ച മനോവേദന ആര്‍ക്ക് വിവരിക്കാന്‍ സാധിക്കും? കത്തോലിക്കാ തിരുസഭ വലിയ നോമ്പുകാലത്തിലേക്ക് പ്രവേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈശോയുടെയും മാതാവിന്റെയും വലിയ ദുഖങ്ങളെയും സഹനങ്ങളെയും നമുക്ക് ധ്യാനിക്കാം. നാം നമ്മുടെ ജീവിതത്തില്‍ അനുഭവിക്കുന്ന സഹനങ്ങളെ ആ മഹാസഹനങ്ങളോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ നമുക്ക് ആശ്വാസം ലഭിക്കും. പരാതി കൂടാതെ സഹിക്കുമ്പോള്‍ നാം ഈശോയുടെയും മാതാവിന്റെയും കൂടെയാണ്. അവിടുത്തെ കൃപയും മാതാവിന്റെ വാത്സല്യവും നമുക്ക് ശക്തിയും ആശ്വാസവും പകരട്ടെ.
യേശുവില്‍ സ്നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,